
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടിരുന്നു എന്നാണ് അറസ്റ്റിലായവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഡൽഹിയിൽ ഡിസംബർ 6-ന് ആറിടങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ജെയ്‌ഷെ-മുഹമ്മദ് സംഘടനയുമായി ബന്ധമുള്ളതായി കരുതുന്ന ഭീകരസംഘമാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്.
1992-ൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത ദിവസമായ ഡിസംബർ 6നെയാണ് സംഘാംഗങ്ങൾ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ബാബരി മസ്ജിദ് തകർത്തതിന് പ്രതികാരമായാണ് ഈ തീയതി തീരുമാനിച്ചതെന്ന് അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച മൊഴിയെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിൽ ഭീകരസംഘ അംഗങ്ങൾ സ്ഫോടന പരമ്പര നടപ്പിലാക്കാൻ ഘട്ടംഘട്ടമായുള്ള വിശദമായ പദ്ധതി തയ്യാറാക്കിയതായി സമ്മതിച്ചു.
ആദ്യഘട്ടത്തിൽ ജെയ്‌ഷെ-മുഹമ്മദ്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള സംഘത്തെ രൂപവത്കരിച്ചു. രണ്ടാംഘട്ടത്തിൽ സ്ഫോടക വസ്തുക്കൾ (IED) നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളും ആയുധങ്ങളും ശേഖരിച്ചു. ഇവയിൽ ഭൂരിഭാഗവും ഹരിയാണയിലെ നുഹ്, ഗുരുഗ്രാം മേഖലകളിൽ നിന്നാണ് ലഭിച്ചത്. മൂന്നാംഘട്ടത്തിൽ മാരക രാസസ്ഫോടകവസ്തുക്കൾ നിർമ്മിച്ചു, ആക്രമണ ലക്ഷ്യസ്ഥാനങ്ങൾ നിരീക്ഷിച്ചു. നാലാംഘട്ടത്തിൽ നിർമ്മിച്ച ബോംബുകൾ സംഘാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. അവസാനഘട്ടത്തിൽ ഡൽഹിയിലെ ആറോ ഏഴോ പ്രധാന സ്ഥലങ്ങളിൽ ഏകോപിതമായ സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രാരംഭമായി ഈ വർഷം ഓഗസ്റ്റിൽ ആക്രമണം നടത്താനായിരുന്നു ലക്ഷ്യം. എന്നാൽ തയ്യാറെടുപ്പുകളിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് സംഘം തീയതി മാറ്റി ബാബരി മസ്ജിദ് തകർത്ത ദിവസമായ ഡിസംബർ 6-നായി തീരുമാനിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.











