മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഒക്ടോബർ 20 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ 'ഡ്രൈവ് സോബർ – സ്റ്റേ എലൈവ്' എന്ന പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (678). കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതൽ ശുപാർശകൾ നൽകിയത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്ത മറ്റ് കണക്കുകൾ.
മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. തുടർ പരിശോധനകൾ നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെന്റ് വിഭാഗവും വരുന്ന ദിവസങ്ങളിലും പരിശോധനകൾ തുടരും.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ, ജില്ലാ പോലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്.പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഡ്രൈവ് നടത്തിയത്.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പർ (9747001099) മുഖേന പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണ്.








