05:57pm 11 November 2026
NEWS
5 -മത് സെൻട്രൽ സ്കൂൾ സംസ്ഥാന കായികമേള കൊച്ചിയിൽ
29/10/2025  04:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
5 -മത്  സെൻട്രൽ സ്കൂൾ സംസ്ഥാന കായികമേള കൊച്ചിയിൽ

 

കൊച്ചി: സംസ്ഥാന സ്പോർട്സ് കൺസിൽ സംഘടിപ്പിക്കുന്ന  കേന്ദ്ര സിലബസ് സ്കൂളുകളുടെ  അഞ്ചാമത് സംസ്ഥാനതല  കായികമേള  നവംബർ  അവസാനവാരം എറണാകുളം  മഹാരാജാസ്  കോളേജ് മൈതാനിയിൽ സംഘടിപ്പിക്കും. 

സി.ബി.എസ്.ഇ.,  ഐ.സി.എസ്.ഇ.,  കേന്ദ്രീയ  വിദ്യാലയ,  നവോദയ  വിദ്യാലയ സ്കൂളുകളിലെ  വിദ്യാർത്ഥികളാണ്  കായികമേളയിൽ  പങ്കെടുക്കുന്നത്.  ജില്ലാ തല മത്സരങ്ങളിലെ വിജയികളാണ്  സംസ്ഥാന  മത്സരത്തിൽ  പങ്കാളികളാകുന്നത്. 

ബഹു. കായിക വകുപ്പുമന്ത്രി മുഖ്യ രക്ഷാധികാരിയായി സംസ്ഥാന സ്പോർട്സ്  കൗൺസിൽ  ഭാരവാഹികൾ, സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ, സെൻട്രൽ സിലബസ് സ്കൂൾ പ്രതിനിധികൾ, കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള പ്രതിനിധികൾ തുടങ്ങി വിപുലമായ  സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാതല മത്സരങ്ങൾക്ക് 14 ജില്ലകളിലും  ജില്ലാ കളക്ടർ രക്ഷാധികാരിയായി ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും സെൻട്രൽ സിലബസ് സ്കൂൾ പ്രതിനിധികളും ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . 

മത്സരത്തിൽ പങ്കെടുക്കാൻ ഏകീകൃതത പോർട്ടലിൽ നവംബർ 10-നകം രജിസ്റ്റർ  ചെയ്യണം.  ഒരു വിദ്യാർത്ഥിക്ക്   പരമാവധി  മൂന്ന്  ഇനങ്ങളിൽ  മത്സരിക്കാം. ജില്ലാതല മത്സരങ്ങൾ നവംബർ 20നകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

കായിക മേളയുടെ നിർദേശങ്ങൾ അടങ്ങിയ അറിയിപ്പ് ഇതിനോടകം തന്നെ സംസ്ഥാനത്തെ മുഴുവൻ സെൻട്രൽ സിലബസ് വിദ്യാലയങ്ങളിലും എത്തിച്ചതായി സെൻട്രൽ സ്കൂൾ കായികമേള ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ (നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ) അറിയിച്ചു . 

ഏക അംഗീകൃത കായികമേള സംസ്ഥാന  സർക്കാരിന്റെ  അംഗീകാരത്തോടെ  കേന്ദ്ര സിലബസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന  ഏക കായിക മേളയാണ് കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്. വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. 

ആലോചനാ യോഗത്തിൽ സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്  ശ്രീ യു. ഷറഫലി, സി ബി എസ് ഇ , റീജിയണൽ ഡയറക്ടർ, ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ , സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, സിബിഎസ്ഇ, ഐ.സി.എസ്.ഇ, സിസിഎസ്കെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img