
5,500 രൂപ വിലയുള്ള ഹാഫ് ചിക്കനാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചകളിൽ നിറയുന്നത്. ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റിലെത്തിയ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചത്. അധികം വൈകാതെ വീഡിയോ വൈറലാകുകയും പൊന്നുംവിലയുള്ള ചിക്കൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയുമായിരുന്നു.
ഈ കോഴിയെ പാൽ കൊടുത്തും പാട്ടു കേൾപ്പിച്ചുമാണോ വളർത്തിയത് എന്ന കസ്റ്റമറുടെ ചോദ്യത്തിന് ആണെന്നായിരുന്നു ജീവനക്കാർ മറുപടി നൽകിയത്. എന്നാൽ, പിന്നീട് എന്തുകൊണ്ടാണ് ഈ ചിക്കന് ഇത്രയേറെ വിലയെന്ന കാര്യവും റസ്റ്റോറന്റ് ജീവനക്കാർ വിശദീകരിക്കുന്നുണ്ട്. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന 'സൺഫ്ലവർ ചിക്കൻ' എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് ഈ കോഴിയെന്നും റസ്റ്റോറന്റ് ജീവനക്കാർ പിന്നാലെ വിശദീകരിക്കുകയും ചെയ്യുകയായിരുന്നു.
സൂര്യകാന്തിയുടെ തണ്ടുകളിൽ നിന്നും മറ്റുമുള്ള നീരെടുത്ത് കൊടുത്ത് വളർത്തുന്ന തരം പ്രത്യേക കോഴിയാണത്രെ ഈ സൺഫ്ലവർ ചിക്കൻ. ഏറെ സവിശേഷമായി കരുതുന്ന ഇതിന് വലിയ വിലയാണ് ഈടാക്കുന്നത്. കിലോയ്ക്ക് 2300 രൂപ വരെ വിലയുണ്ട്. പല റെസ്റ്റോറന്റുകളും ഈ ചിക്കൻ വിഭവങ്ങൾക്ക് 11,500 രൂപ വരെ വാങ്ങാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
മാർച്ച് 14 -നാണ്, 270,000 ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറുമായ ബിസിനസുകാരനുമായ യുവാവ് ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദർശിച്ചത്. ഇതിന്റെ ഒരു വീഡിയോ ഇവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിക്കന്റെ വില തന്നെ ഞെട്ടിച്ചു എന്നാണ് യുവാവ് പറയുന്നത്.











