
എറണാകുളത്ത് സിപിഎം മുൻ ഏരിയ സെക്രട്ടറി അടക്കം 53പേർ സിപിഐയിൽ ചേർന്നു. സി പി എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉൾപ്പെടെയുള്ളവരാണ് സിപിഐയിൽ ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഷാജു ജേക്കബിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.
പാർട്ടി നേതൃത്വവും ഷാജു ജേക്കബുമായി കഴിഞ്ഞ കുറേക്കാലമായി തർക്കം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയത്തോടെയാണ് തർക്കം തുടങ്ങിയത്. അതിന് ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സി പി എം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയും ഷാജു മാത്രം വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാവാനുള്ള കാരണക്കാരൻ ഷാജു ജേക്കബാണ് എന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇതേതുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഷാജുവിനെ സി പി എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് ഷാജുവീന് ഒപ്പമുള്ള പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള 53 പേർ സി പി ഐയിൽ ചേർന്നിരിക്കുന്നത്. ഇവരിൽ പാലക്കാട് പഞ്ചായത്തിന്റെ പഴയ വൈസ് പ്രസിഡന്റ് ബിജു, ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആലി ഷാജു ഉൾപ്പെടെയുള്ള മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവരുമാണ് സി പി ഐൽ ചേർന്നത്. സി പി ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിന്റെയും മുൻ എം എൽ എമാരായ ബാബു പോളിന്റെയും എൽദോ എബ്രഹാമിന്റെയും സാന്നിധ്യത്തിലാണ് ഇവർ സി പി ഐ അംഗത്വം ഏറ്റെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ സി പി എം പ്രവർത്തകർ സി പി ഐ ലേക്ക് മാറുമെന്നാണ് ഷാജു ജേക്കബിന്റെ അവകാശവാദം.









