
ദോഹ: ഈദുൽ അദ്ഹ പ്രമാണിച്ച് പൊതുജനങ്ങൾക്ക് പെരുന്നാൾ പണം (ഈദി നോട്ടുകൾ) മാറുന്നതിനുള്ള ‘ഈദ് സ്‌ക്രാപ്പ്’ (Eid Change) സേവനം മെയ് 21 വ്യാഴാഴ്ച (ഇന്ന്) മുതൽ ലഭ്യമാകുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളിലായി ആകെ 52 എ.ടി.എമ്മുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും കൂടുതൽ നോട്ടുകൾ ഒരേസമയം വിതരണം ചെയ്യാൻ ശേഷിയുള്ളതുമായ ആധുനിക എ.ടി.എമ്മുകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ബുധനാഴ്ച തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിൽ വഴി സെൻട്രൽ ബാങ്ക് വ്യക്തമാക്കി.പെരുന്നാൾ ദിനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും പുതിയ നോട്ടുകൾ സമ്മാനമായി നൽകുന്ന അറബ് പാരമ്പര്യം കണക്കിലെടുത്താണ് എല്ലാ വർഷവും സെൻട്രൽ ബാങ്ക് ഈ പ്രത്യേക സൗകര്യം ഒരുക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.










