10:35am 25 August 2026
NEWS
യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; കൊലപാതകശ്രമത്തിന് 51കാരൻ അറസ്റ്റിൽ
25/08/2026  09:18 AM IST
NILA
യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; കൊലപാതകശ്രമത്തിന്  51കാരൻ അറസ്റ്റിൽ

 

കൊച്ചി∙ രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 51കാരൻ അറസ്റ്റിൽ. ഇടപ്പള്ളി പോണേക്കര സ്വദേശി കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം മണപ്പാട്ടിപ്പറമ്പിൽ മീൻ കച്ചവടം നടത്തുന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

യുവാവിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണൻ സ്ഥിരമായി ശല്യം ചെയ്തിരുന്നതിനെ യുവാവ് രൂക്ഷമായി എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊല്ലാൻ പ്രതി തീരുമാനിച്ചതായാണ് പൊലീസ് കണ്ടെത്തൽ. യുവാവ് രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ആക്രമിക്കാൻ കൃഷ്ണൻ നേരത്തെയും പലതവണ ശ്രമിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി ചുറ്റിക മുണ്ടിനടിയിൽ ഒളിപ്പിച്ചാണ് പ്രതി യുവാവിനെ പിന്തുടർന്നത്. റോഡിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ പിന്നിൽനിന്ന് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു. അടിയേറ്റ് നിലത്തുവീണ യുവാവിന്റെ തലയ്ക്ക് പ്രതി വീണ്ടും പലതവണ അടിച്ചതായും പൊലീസ് പറഞ്ഞു. യുവാവ് ബോധരഹിതനായതോടെ കൃഷ്ണൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവം സമീപത്തെ വീട്ടിലെ കുട്ടികൾ കണ്ടതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കി. രാത്രികാലങ്ങളിൽ സ്ഥിരമായി ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവത്തിന് പിന്നാലെ നാടുവിട്ട കൃഷ്ണനെ ഗുരുവായൂരിൽനിന്ന് അവിടത്തെ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റികയും പ്രതിയിൽനിന്ന് കണ്ടെടുത്തു.

കൃഷ്ണൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img