06:17am 08 November 2026
NEWS
അടിയന്തരാവസ്ഥയ്ക്ക് 50: പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ചരിത്രപ്രസംഗം വീണ്ടും ചർച്ചയാകുന്നു
21/06/2025  11:21 AM IST
സുരേഷ് വണ്ടന്നൂർ
അടിയന്തരാവസ്ഥയ്ക്ക് 50: പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ചരിത്രപ്രസംഗം വീണ്ടും ചർച്ചയാകുന്നു

ജൂൺ 25-ന് അടിയന്തരാവസ്ഥയ്ക്ക് അമ്പതു വർഷം തികയുകയാണ്. ഈ സന്ദർഭത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ യുവനേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അനുഭവിച്ച ക്രൂരമായ പോലീസ് പീഡനങ്ങളും അതിനെക്കുറിച്ച് അദ്ദേഹം നിയമസഭയിൽ നടത്തിയ വിഖ്യാതമായ പ്രസംഗവും വീണ്ടും ചർച്ചയാകുന്നു.

കൂത്തുപറമ്പ് എം.എൽ.എ ആയിരിക്കെയാണ് പിണറായി വിജയനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രിയിൽ വീട്ടിലെത്തി അറസ്റ്റ് ചെയ്യുമ്പോൾ ഒരു ഭാവവ്യത്യാസവും കൂടാതെ ഷർട്ട് ധരിച്ച് പോലീസിനൊപ്പം പോകുകയായിരുന്നു അദ്ദേഹം. ലോക്കപ്പ് മുറിയിൽ നേരിട്ട ക്രൂരമായ മർദ്ദനങ്ങളെക്കുറിച്ച് 1977 മാർച്ച് 30-ന് നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യമായി ഇന്നും നിലനിൽക്കുന്നു. രക്തക്കറ പുരണ്ട ഷർട്ട് ഉയർത്തിക്കാട്ടിയാണ് പിണറായി അന്ന് പ്രസംഗിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു: "നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്. പക്ഷേ, ഒരാളെ പൊലീസ് സേ്റ്റഷനിൽ കൊണ്ടുപോയി മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാൽ അതു രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം?​ രാഷ്ട്രീയമായി ഇങ്ങനെ എതിർക്കാൻ ശ്രമിക്കരുത്. ഇതാർക്കും ഭൂഷണമല്ല."

പ്രസംഗത്തിൽ പിണറായി വിജയൻ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്: "ഞാൻ ലോക്കപ്പു മുറിയിൽ കടന്ന് പായയിട്ട് ഇരുന്നു. രണ്ടു മിനിട്ടു കഴിഞ്ഞില്ല; ലോക്കപ്പു മുറി അടച്ചു. മുന്നിലത്തെ ലൈറ്റ് ഓഫ് ചെയ്തു. മങ്ങിയ വെളിച്ചം മാത്രം. രണ്ടു ചെറുപ്പക്കാർ - ആ സ്റ്റേഷനിൽ ഉള്ളവരല്ല, പുറത്തുനിന്ന് പ്രത്യേകം കൊണ്ടുവന്നവരാണെന്ന് മനസിലാക്കി. ഒരാൾ വന്നു ചോദിച്ചു, 'എന്താടോ പേര്?' ഞാൻ പറഞ്ഞു- 'വിജയൻ'. 'എന്തു വിജയൻ?' 'പിണറായി വിജയൻ.' 'ഓ... പിണറായി വിജയൻ' എന്ന് അവർ പറയുകയും അടി തുടങ്ങുകയുമായിരുന്നു. അവർ രണ്ടുപേർ ആദ്യ റൗണ്ട് അടിച്ചു. മൂന്നാളുകൾ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ട്,​ പല പ്രാവശ്യമായിട്ട് ഞാൻ വീഴുന്നുണ്ട്. അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായിട്ടും വീണു. എഴുന്നേൽക്കാതായതോടെ അവരെല്ലാവരും മാറിമാറി പുറത്ത് ചവിട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രയും ചവിട്ടി."

മർദ്ദനത്തിനുശേഷം നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു പിണറായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇടതു കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. മാസങ്ങളോളം പരസഹായമില്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പ്രതിപക്ഷ എം.എൽ.എ മാരിൽ ഒരാളായിരുന്നു പിണറായി വിജയൻ. 1970-ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img