03:31pm 02 September 2026
NEWS
നീതിക്കുവേണ്ടി പോരാട്ടം 50 വർഷങ്ങൾ പിന്നിടുമ്പോൾ..
31/08/2026  06:16 PM IST
കോയാമു കുന്നത്ത്
നീതിക്കുവേണ്ടി പോരാട്ടം 50 വർഷങ്ങൾ പിന്നിടുമ്പോൾ..

നീതിനിഷേധത്തിന്റെ 50 വർഷങ്ങൾ. നീതി തേടിയുള്ള കർഷകകുടുംബത്തിന്റെ പോരാട്ടവും 50 വർഷങ്ങൾ പിന്നിട്ടു. നീതിതേടി കർഷക കുടുംബാംഗങ്ങൾ ജില്ലാ കളക്‌ട്രേറ്റിന് മുന്നിൽ നടത്തിവരുന്ന കുടിൽ കെട്ടി സത്യാഗ്രഹം 11 വർഷങ്ങൾ പിന്നിട്ടിട്ടും കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ഇനിയും അകലെ? വനം വകുപ്പ് അധികൃതരുടെ സമാനതകളില്ലാത്ത പീഡനങ്ങൾക്കിരയായ കർഷകകുടുംബത്തിന്റെ പോരാട്ടങ്ങൾക്കും, സഹനങ്ങൾക്കും സമാനതകളില്ല.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലെ അമ്പലക്കാട് കാഞ്ഞിരത്തിനാൽ ജോസും, ജോർജും മെച്ചപ്പെട്ട ജീവിതസാഹചര്യം രൂപപ്പെടുത്തിയെടുക്കാനാണ് വയനാട്ടിൽ എത്തുന്നത്. 1967 ൽ കുട്ടനാടൻ കാർഡമം കമ്പനിയിൽ നിന്നും 12 ഏക്കർ ഭൂമി ജന്മാവകാശം തീരാധാരമായി വാങ്ങി കാർഷികവേലകൾ ആരംഭിച്ചു. സഹോദരൻ ജോസ് പിന്നീട് നാട്ടിലേക്ക് മടങ്ങിയതോടെ 1972 സെപ്തംബറിൽ ജ്യേഷ്ഠൻ ജോർജിന് ആറ് ഏക്കർ ഭൂമി മാനന്തവാടി സബ്- രജിസ്റ്റാർ ആഫീസിൽ വച്ച് ദാനാദാരം രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തു. 1976 ലാണ് വനംവകുപ്പ് കർഷകനായ കാഞ്ഞിരത്തിനാൽ ജോർജിന്റെ കൈയിൽ നിന്നും ഭൂമി വനംഭൂമിയാണെന്ന് പറഞ്ഞ് പിടിച്ചെടുക്കുന്നത്. 1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്(വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ്) പ്രകാരം ജന്മം തീരാധാരപ്രകാരമാണ് വിലയ്ക്ക് വാങ്ങിയ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തത്. വനം വകുപ്പിന്റെ നടപടിക്കെതിരെ ജോർജ്, ജോസ് സഹോദരങ്ങൾ കോഴിക്കോട് വനം ട്രൈബ്യൂണലിൽ കേസ് നടത്തുകയും 1978 നവംബർ ആറിന് വനഭൂമിയല്ലെന്നും വിധിവന്നു. വനം വകുപ്പിന്റെ നടപടിക്കെതിരെ വിധി വന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകകുടുംബത്തിന് ഭൂമി വിട്ട് നൽകാതെ പീഡനങ്ങൾ തുടർന്നു. വനം കുപ്പ് അധികൃതർ ഭൂമി പിടിച്ചെടുക്കലിന് മുന്നോടിയായി കൈവശക്കാർക്ക് നോട്ടീസ് നൽകുകയോ, വനഭൂമിയാണെന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയോ? നഷ്ടപരിഹാരം നൽകുകയോ ചെയ്തിരുന്നില്ല. വനം ട്രിബ്യൂണൽ വിധി എതിരായതോടെ വനംവകുപ്പ് അധികൃതർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിധി എതിരായി വന്നതോടെ ചില ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വൈരാഗ്യബുദ്ധിയോടെ കാഞ്ഞിരത്തിനാൽ കുടുംബത്തിനെ പിഡീപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു.

ഹൈക്കോടതിയിൽ ആൾമാറാട്ടം

വനം ട്രിബ്യൂണലിന്റെ വിധിക്കെതിരെ വനം വകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കുകയും, പുനഃപരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു. വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി വനമായി വിജ്ഞാപനം ചെയ്ത ഭൂമിയാണോയെന്ന് ഹൈക്കോടതി പരിശോധിച്ചിരുന്നില്ല. കേസ് പുനഃപരിശോധിച്ച ട്രിബ്യൂണൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ 12 ഏക്കർ ഭൂമി എം.പി.പി.എഫ് ആക്ടിന്റെ പരിധിയിൽ വരുന്ന വനഭൂമിയാണെന്ന് ഉത്തരവിടുകയും ജോസിന്റെയും ജോർജിന്റെയും ആധാരങ്ങൾ റദ്ദ് ചെയ്യുകയും ചെയ്തു. 1971 ലെ നിയമപ്രകാരം നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെടുന്നതാണ് പിടിച്ചെടുത്ത സ്ഥലമെന്ന് വനംവകുപ്പ് തെറ്റിദ്ധരിപ്പിച്ചതാണ് നടപടിക്ക് കാരണമായത്. ഇതേസമയം പ്രസ്തുത ജഡ്ജിയും വിജ്ഞാപനം സംബന്ധിച്ച് പരിശോധിച്ചിരുന്നില്ല. 1967 തൊട്ട് 82-83 വരെ നികുതി അടച്ചും, കൃഷി ചെയ്തും ഉപജീവനമാർഗ്ഗമായിരുന്ന ഭൂമിയാണ് ഒരു സുപ്രഭാതത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വനംവകുപ്പ് പിടിച്ചെടുത്തത്. കേസ് നടന്നുവരുന്നതിനിടയിൽതന്നെ കൃഷികൾ നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചിരുന്നു. 1967 മുതൽ ജന്മാവകാശം തീറായി കൈവശം വെച്ച് അനുഭവിച്ച് വരുന്ന ഭൂമിയാണ് 1971 ൽ പാസാക്കിയ നിയമം മുഖേന പിടിച്ചെടുത്തത്.
വനം ട്രിബ്യൂണലിന്റെ വിധിപകർപ്പ് ജോർജിന് ലഭിക്കുന്നതിന് മുമ്പുതന്നെ വിധിക്കെതിരെ ഹൈക്കോടതിയിൽ ഉത്തരവിനെതിരെ ജോർജിന്റെയും, ജോസിന്റെയും പേരിൽ അപ്പീൽ ഹർജി വന്നു. ജോർജും ജോസും അറിയാതെയായിരുന്നു വനംവകുപ്പിന്റെ വക ചതിപ്രയോഗം. വിധിക്കെതിരെ അപ്പീൽ പോവാനുള്ള സാധ്യത മുൻകണ്ടുള്ള ചതിപ്രയോഗം. വനംവകുപ്പിനുവേണ്ടി ഹാജരായ അതെ അഭിഭാഷകൻ തന്നെയാണ് ജോർജിനും, ജോസിനും വേണ്ടി ഹർജി ഫയൽ ചെയ്തതെന്നതിൽതന്നെ അപ്പീൽ തള്ളിക്കളയുകയും, എക്‌സ്പാർട്ടി വിധിയുണ്ടാവുകയും ചെയ്തു. ആൾമാറാട്ടം നടന്നുവെന്നതിൽ പരിശോധന ആവശ്യമാണെന്ന് മുൻകളക്ടർ ലാന്റ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 

ഭൂമി പതിച്ച് കൊടുത്ത നടപടികൾ

കാഞ്ഞിരത്തിനാൽ ജോർജിനെയും കുടുംബത്തിനെയുമെതിരെ വനംവകുപ്പ് നടത്തുന്ന ക്രൂരതകൾക്കെതിരെ വിവിധ സംഘടനകൾ സമരങ്ങളും പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു. ഹൈക്കോടതിവിധിയുടെ പിൻബലത്തിൽ വീട് തകർക്കുകയും, കൃഷികൾ സമ്പൂർണ്ണമായ വെട്ടിനശിപ്പിക്കുകയും, ജോർജിനെയും കുടുംബത്തെയും വഴിയാധാരമാക്കുകയുമാണ് വനംവകുപ്പ് അധികൃതർ ചെയ്തത്.
2006 ഒക്‌ടോബർ 11 ന് മന്ത്രിസഭാ യോഗം 12 ഏക്കർ ഭൂമിയും ജോർജ് ജോസ് കുടുംബങ്ങൾ തിരിച്ച് നൽകുന്നതിന് തീരുമാനിച്ചു. പ്രസ്തുത തീരുമാനത്തിനെതിരെ വനംവകുപ്പ് രംഗത്തുവരികയും നിയമക്കുരുക്കുകളിൽപ്പെടുത്തി നടക്കാതെ പോയി. ഇതിനിടയിൽ എക്‌സ്പാർട്ടി വിധിയറിയാതെ കാഞ്ഞിരത്തിനാൽ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ജോർജും ജോസും കൈയേറ്റക്കാരനല്ലെന്നും ഉടമസ്ഥനാണെന്നും നിരീക്ഷിക്കുകയും ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ നിർദ്ദേശം നൽകി. വിധി നടപ്പിലാക്കാതെ വന്നപ്പോൾ ജോർജ് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് വെരിഫിക്കേഷൻ നടന്നു. ജോർജിന്റെ സ്ഥലത്തിനോട് ചേർന്ന് മൂന്ന് ഭാഗവും വനഭൂമിയാണെന്നും, ഇവരുടെ ഭൂമി വനം കൈയേറിയതല്ലെന്നും വ്യക്തമായി. ഇതോടുകൂടി നിയമക്കുരുക്കുകളിൽ നിന്ന് മോചനം നേടാൻ കഴിയുമെന്ന ആശ്വാസത്തിലിരുന്നപ്പോഴാണ് കുറ്റക്കാരായി മാറാനിടയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെയും, ഹൈക്കോടതിയിൽ ആൾമാറാട്ടം നടത്തി വ്യാജ അപ്പീൽ ഫയൽ ചെയ്തവരെയും രക്ഷപ്പെടുത്തുന്നതിനായി ചില പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നത്.

ഭൂമി വീണ്ടെടുത്ത് തരണമെന്ന് ആവശ്യപ്പെട്ട് ജോർജും ഭാര്യ ഏലിക്കുട്ടിയും 2005 നവംബർ 21 മുതൽ 25 ദിവസം വയനാട് കളക്‌ട്രേറ്റിന് മുമ്പിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. നിരവധി കർഷകസംഘടനകൾ പിന്തുണയുമായി രംഗത്തുവന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ സമരപ്പന്തൽ സന്ദർശിച്ചു. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയെ തുടർന്ന് ട്രിബ്യൂണൽ വിധി റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് കർഷകസംഘടന നേതാക്കൾ ഉറപ്പ് നൽകിയതിനെത്തുടർന്ന് ദമ്പതികൾ സമരം  അവസാനിപ്പിച്ചു. ഇതിനിടയിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ 2007 ൽ ജോർജിന്റെ പേരിൽ നികുതി സ്വീകരിക്കുകയും, ഭൂമിയിൽ അവകാശം ഉറപ്പിക്കുന്നതിനും നടപടികൾ തുടങ്ങി.

2008-2009 വർഷത്തെ നികുതി സ്വീകരിക്കുകയും, ഭൂമി പതിച്ച് കൊടുക്കുന്നതിനുമെതിരെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. സർക്കാരിന്റെ നടപടികൾ സ്റ്റേ ചെയ്തു. ഹർജി വന്നതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ യാതൊന്നും അവശേഷിപ്പിക്കാത്ത നിലയിൽ ഇവരെ ഭൂമിയിൽ നിന്നും മൃഗീയമായ രീതിയിൽ ഇറക്കിവിടുകയായിരുന്നു. കൃഷികൾ നശിപ്പിച്ചതിനുപുറമെ വീടും തകർത്തു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും, ബിനോയ് വിശ്വം വനംവകുപ്പ് മന്ത്രിയുമായിരുന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ കിരാതമായ നടപടികൾ നടത്തിയതെന്നാണ് വിചിത്രം. വനംവകുപ്പ് ഉദ്യോഗസ്ഥരടെ പിടിവാശിയാണ് ഇവിടെ വിജയം കണ്ടത്. ഇതേസമയം നികുതി സ്വീകരിക്കുന്നതിന് മുമ്പ് ട്രിബ്യൂണൽ വിധിയും, ഹൈക്കോടതി വിധിയും അസ്ഥിരപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കാതെ നടത്തിയ നികുതി വാങ്ങിക്കൽ നടപടികൾ വനം വകുപ്പിനും, പരിസ്ഥിതി സംഘടനയ്ക്കും കളത്തിലിറങ്ങി കളിക്കാൻ സഹായകരമായി മാറി. മൃഗീയമായ രീതിയിൽ കുടിയിറക്കിയതിനെതിരെ കാഞ്ഞിരത്തിനാൽ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എക്‌സ്പാർട്ടി വിധി റദ്ദ് ചെയ്യാനും ഹർജി നൽകി. 24 വർഷത്തെ കാലതാമസം മാപ്പായി പരിഗണിച്ച് കേസ് എം.എഫ്.ഐ ബെഞ്ചിന് വിട്ടു. നികുതി സ്വീകരിക്കാൻ ആധാരമായ  ഉത്തരവ് റദ്ദ് ചെയ്യുന്നില്ലെന്നും, ഫോറസ്റ്റ് ട്രിബ്യൂണൽ വിധി നിലനിൽക്കുമെന്നും കോടതി വിധിച്ചു. പ്രസ്തുത കോടതി വിധി വന്ന ദിവസമാണ് കാഞ്ഞിരത്തിനാൽ ജോർജ് ഒരു വൃദ്ധസദനത്തിൽ വെച്ച് മരണമടഞ്ഞത്.

കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിവിഷയത്തിൽ മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ പി.സി. തോമസും ഇടപെട്ടിരുന്നു. ഇദ്ദേഹം ഹൈക്കോടതിയിൽ ആർ.പി. 311 നമ്പറായും പിന്നീട് സുപ്രീംകോടതിയിലും കേസ് എത്തിച്ചുവെങ്കിലും 2018 ൽ കേസ് ദുരൂഹസാഹചര്യത്തിൽ കേസ് പിൻവലിക്കുകയായിരുന്നു. ഇതോടുകൂടി കാഞ്ഞിരത്തിനാൽ കുടുംബത്തിനുള്ള പ്രധാന നിയമവഴിയും അടയുകയായിരുന്നു. സഹായവാഗ്ദാനങ്ങൾ നൽകി രംഗത്ത് വന്നവരെല്ലാം പിന്നീട് സൗകര്യപൂർവ്വം പ്രസ്തുത കുടുംബത്തെ അവഗണിക്കുകയായിരുന്നു. 
വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി കാഞ്ഞിരത്തിനാൽ ജോർജിന് അവകാശപ്പെട്ട ഭൂമിയാണെന്നത് സമർത്ഥിക്കുന്ന നിരവധി അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ട്. നിരവധി കളക്ടർമാരുടെ റിപ്പോർട്ടുകൾ. 2009 വിജിലൻസ് എസ്.പി ശ്രീ ശുകന്റെ റിപ്പോർട്ട്, മാനന്തവാടി സബ് കളക്ടർ ശ്രീറാം സാംബശിവറാവു അധ്യക്ഷനായ മൂന്നാം സമിതി റിപ്പോർട്ട്, കെ.ബി. ഗണേഷ്‌കുമാർ അദ്ധ്യക്ഷനായ നിയമസഭ സമിതി റിപ്പോർട്ട്, റവന്യു സെക്രട്ടറി നിവേദിത പി. ഹരിഹരന്റെ റിപ്പോർട്ട് തുടങ്ങി നിരവധി റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ട്. രോഗം മനസ്സിലാക്കാതെ ചികിത്സിക്കുന്ന നടപടികളാണ് നിലവിൽ നടന്നുവന്നത്.

കൃഷിഭൂമിയിൽ നിന്നും ഇറക്കി വിട്ടതോടെ കിടപ്പാടവും തല ചായ്ക്കാനിടവും നഷ്ടപ്പെട്ട കാഞ്ഞിരത്തിനാൽ ജോർജും ഭാര്യ ഏലിക്കുട്ടിയും അനാഥാവസ്ഥയിലാണ് മരണപ്പെട്ടത്. 3 മക്കളടങ്ങുന്ന കുടുംബം വിവിധ ഇടങ്ങളിൽ ജീവിതമാർഗ്ഗം തേടുന്നു. ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് ജയിംസ് ഭാര്യാപിതാവ് ജോർജിന്റെ മരണത്തോടെ ഭൂവിഷയം സംബന്ധിച്ച് രംഗത്ത് വന്നതോടെയാണ് കേസിന്റെ ഉള്ളുകള്ളികൾ വെളിച്ചത്തുവരുന്നത്. ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് എന്ന നിലയ്ക്കും ഭൂമിയുടെ അവകാശികളിലൊരാളായ ട്രീസക്കും വേണ്ടി തുടങ്ങിയ പോരാട്ടം ഇന്നും തുടരുകയാണ്. സാമ്പത്തികമായി തകർന്നടിഞ്ഞ കുടുംബം നീതി തേടി മുട്ടാത്ത അധികാരസ്ഥാനങ്ങളില്ല. ഇതിനിടയിൽ ഭൂമിക്ക് പകരം ഭൂമി, വനംവകുപ്പ് മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരം തുടങ്ങി നിരവധി നടക്കാത്ത വാഗ്ദാനങ്ങൾ ട്രീസയുടെയും കുടുംബത്തിന്റെയും മുന്നിൽ അധികാരികൾ വെച്ചു. ട്രീസയും ജയിംസും നീതി നേടി 2015 ഓഗസ്റ്റ് 12 നാണ് കളക്‌ട്രേറ്റിന് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. രണ്ട് പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബം നീതിക്ക് വേണ്ടി തുടങ്ങിയ സമരം പതിനൊന്ന് വർഷം പിന്നിട്ടിട്ടും പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയൻ സർക്കാർ ട്രിബ്യൂണൽ വിധി റദ്ദ് ചെയ്യാൻ തീരുമാനിച്ചെങ്കിലും വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രധാനപ്പെട്ട ചില അഭിഭാഷകരുടെയും എതിർപ്പുകളെ തുടർന്ന് നടപടികൾ നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും തട്ടിപ്പിന്റെയും അഴിമതിയുടെയും വ്യാപ്തിയും, ഹൈക്കോടതിയിൽ ആൾമാറാട്ടം നടത്തിയ കുറ്റത്തിന്റെയും വ്യാപ്തിയും പുറംലോകം മനസ്സിലാക്കാതിരിക്കാൻ വ്യാജരേഖകളുടെ പുനർനിർമ്മാണത്തിലണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. തങ്ങളുടെ വീഴ്ചകൾ പുറംലോകം അറിയാതിരിക്കാനായി കാഞ്ഞിരത്തിനാൽ ജോർജ് മരണപ്പെട്ട് 10 മാസങ്ങൾ കഴിഞ്ഞ് 2012 ൽ വനംവകുപ്പ് ഭൂമി വനഭൂമിയായി ഏറ്റെടുത്ത് കൊണ്ടുള്ള വിജ്ഞാപനം പരേതനായ ജോർജ്ജിനെ ഉൾപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ചുവെന്നത് തന്നെ വകുപ്പ് അധികൃതരുടെ കാപട്യം വെളിവാക്കുന്നു. വനം ട്രിബ്യൂണൽ വിധി വന്ന് 28 വർഷങ്ങൾക്കുശേഷമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഹൈക്കോടതിയെയും, ട്രിബ്യൂണലിനെയും, മാറിമാറി വന്ന മന്ത്രിസഭകളെയും തെറ്റിദ്ധരിപ്പിച്ച് നടത്തിയ നീതിനിഷേധത്തിന് സമാനമായ മറ്റൊരു ഉദാഹരണം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കണ്ടെത്താനാവില്ല.

2022 ൽ മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചെങ്കിലും അഡ്വക്കേറ്റ് ജനറലടക്കം ശക്തമായ എതിർവാദങ്ങൾ ഉയർത്തി ചർച്ച വിജയിച്ചില്ല. തൊട്ടിൽപ്പാലം സ്വദേശിയായ കട്ടക്കയത്തിൽ ജയിംസും, ഭാര്യ ട്രീസയും വിദ്യാർത്ഥികളായ രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം തുടങ്ങിയ സമരം പിന്നീട് സമരമുഖത്ത് ജയിംസ് മാത്രം. നിരവധി സംഘടനകളുടെയും അധികാരികളുടെയും അഭ്യർത്ഥന കണക്കിലെടുത്ത് ഭാര്യ ട്രീസയെയും, മക്കളെയും സമരമുഖത്തുനിന്ന് മാറ്റുകയായിരുന്നു. സമരം തുടങ്ങിയതിനുശേഷം 12 ഓളം ജില്ലാ കളക്ടർമാർ, നാല് മന്ത്രിസഭകൾ, രാജ്യസഭ എം.പിയും പിന്നീട് മന്ത്രിയുമായ സുരേഷ് ഗോപി, പ്രശാന്ത് ഭൂഷൺ തുടങ്ങി പലരും സഹായവാഗ്ദാനങ്ങൾ നൽകിയെങ്കിലും ജലരേഖയായി മാറി. ഇതിനിടയിൽ പ്രിയങ്കഗാന്ധി, രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി ജനപ്രതിനിധികൾ കളക്‌ട്രേറ്റ് സന്ദർശിച്ചിരുന്നുവെങ്കിലും സമരത്തെ അവഗണിക്കുകയായിരുന്നു. മോദിയുടെ സന്ദർശനവേളയിൽ സത്യാഗ്രഹപന്തൽ തുണികെട്ടി മറയ്ക്കുകയായിരുന്നു. നീണ്ട 11 വർഷങ്ങൾ പിന്നിടുമ്പോൾ ജയിംസ് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ സമാനതകളില്ല. കനത്ത മഴയിലും വെയിലിനും, തണുപ്പിനും പുറമെ രണ്ട് പ്രളയകാലങ്ങൾ, കോവിഡ് കാലം തുടങ്ങിയ പ്രതികൂല ഘടകങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ജയിംസ് സമരമുഖത്ത് തുടരുന്നത്. കളക്‌ട്രേറ്റ് നടയുടെ മുൻഭാഗത്ത് തറയിൽ കാർഡ്‌ബോർഡ് പെട്ടിയുടെ കടലാസിന് മുകളിലാണ് ജീവിതവും, സമരവും. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് സമീപത്തെ ഹോട്ടലുടമയുടെ കാരുണ്യത്തിലാണ്. ഇതിനിടയിൽ കാലിനെ ബാധിച്ച വെരിക്കോസ് വെയിൻ എന്ന രോഗം ജയിംസിന്റെ ആരോഗ്യനിലയും തകർത്തിരിക്കുകയാണെങ്കിലും, മരണം വരെ പോരാടുമെന്ന നിശ്ചയദാർഢ്യവും സത്യം എന്നെങ്കിലും പുറത്തുവരുമെന്ന വിശ്വാസവുമാണ് 12-ാം വർഷത്തിലേക്ക് കടന്ന സമരത്തിൽ നിന്നും പിൻമാറാതെ പോരാടാനുള്ള പ്രചോദനം.


വനഭൂമി നിശ്ചയിക്കുന്നതിനിടയിൽ സമാനമായ അളവ് ഭൂമി മറ്റ് സ്വകാര്യവ്യക്തികൾക്ക് പതിച്ചുനൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പകരം ഭൂമി കണ്ടെത്താൻ കാഞ്ഞിരത്തിനാൽ കുടുംബത്തെ ഇരയാക്കുകയായിരുന്നുവെന്ന സംശയം ഇപ്പോൾ ബലപ്പെട്ടുവരികയാണ്. ഭൂമി പതിച്ച് കൊടുക്കുന്നതിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും കൂട്ടുനിന്നതാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കണ്ണീരിനും ദുരിതത്തിനും നിമിത്തമായത്. ഇതിനോടൊപ്പം ഹൈക്കോടതിയിൽ ആൾമാറാട്ടം നടത്തി നിയമസംവധാനത്തെ അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന യാഥാർത്ഥ്യം പുറത്തുവരുന്നതോടെ പല ഉന്നതന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭീതിയാണ് ഇപ്പോൾ നീതിനിഷേധത്തിന് അടിസ്ഥാനകാരണം. വയനാട് ജില്ലാകളക്ടർ മേഘശ്രീ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ സീനിയർ പത്രപ്രവർത്തകനായ ജോസ് കുര്യൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട. ജോസ് കുര്യന്റെ അപേക്ഷ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയോട് വിഷയത്തിൽ റിപ്പോർട്ട് നേടുകയും ഹൈക്കോടതി 'കെൽസ' ചെയർമാനോട് വിശദമായി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കയാണ്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നുള്ള നടപടികളിലൂടെ നീതി ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് കാഞ്ഞിരത്തിനാൽ കുടുംബം. 12 ഏക്കർ ഭൂമിയിൽ അവകാശവും വീടും ഉണ്ടായിരുന്ന കാഞ്ഞിരത്തിനാൽ ജോർജും, ഭാര്യ ഏലിക്കുട്ടിയും, മരണമടഞ്ഞത് തികച്ചും അനാഥാവസ്ഥയിലായിരുന്നു. സ്വാഭാവികനീതി പോലും നിഷേധിക്കപ്പെട്ട കുടുംബത്തിന് സുപ്രീംകോടതിയുടെ ഇടപെടൽ പുതിയ പ്രതീക്ഷയാണ് നൽകുന്നത്.

വയനാട് കളക്‌ട്രേറ്റിന് മുമ്പിൽ 11 കൊല്ലമായി തുടരുന്ന ദ്രവിച്ച് സമരക്കുടിയിൽ പോരാട്ടം തുടരുന്ന ജയിംസ് വനംവകുപ്പിന്റെയും കാപട്യക്കാരായ പ്രകൃതിസ്‌നേഹ സംഘടനകളുടെയും, നിലവിലുള്ള നിയമസംവിധാനങ്ങളുടെയും കാപട്യം നിറഞ്ഞ പൊയ്മുഖത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. പ്രളയങ്ങളും കോവിഡും പ്രതികൂല കാലാവസ്ഥകളും ജയിംസിന്റെ പോരാട്ട വീര്യത്തിന്റെയും ഇച്ഛാശക്തിയുടെയും മുന്നിൽ തല കുനിച്ചെങ്കിലും ഇവരുടെ നഷ്ടപ്പെട്ട ജീവിതം ആധുനികലോകത്തിന്് തീരാക്കളങ്കമായി മാറിയതോടൊപ്പം ഉത്തരമില്ലാത്ത ചോദ്യച്ചചിഹ്നമായും നിലയുറപ്പിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img