
ന്യൂയോർക്ക്: ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി 50 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിന്റെ നടത്തിപ്പിനെച്ചൊല്ലി വലിയ ആശങ്കകൾ ഉയരുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന് സുരക്ഷാ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണ് പ്രധാന വെല്ലുവിളിയാകുന്നത്.
യുഎസ്-ഇസ്രായേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നു. അമേരിക്കയിൽ തങ്ങളുടെ താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇറാൻ ആശങ്ക പ്രകടിപ്പിച്ചു. മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ തള്ളിയതോടെയാണ് അനിശ്ചിതത്വം വർധിച്ചത്. എന്നാൽ ഇറാൻ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ആത്മവിശ്വാസം.ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ ഫിഫയുടെ നടപടിക്കെതിരെ ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 60 ഡോളറാണെങ്കിലും, പ്രധാന മത്സരങ്ങൾക്ക് 200 ഡോളറിന് മുകളിലാണ് വില. ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 10,990 ഡോളർ വരെയാണ് വർധിപ്പിച്ചത്. ഇതിനുപുറമെ, അമേരിക്കയിലെ വിവിധ നഗരങ്ങളിലെ ട്രെയിൻ-ബസ് യാത്രാക്കൂലി 12 ഇരട്ടിയോളം വർധിച്ചത് സാധാരണക്കാരായ ആരാധകരെ ടൂർണമെന്റിൽ നിന്ന് അകറ്റാൻ കാരണമാകുന്നു.മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ വെടിവെപ്പും ഒരു വിദേശി കൊല്ലപ്പെട്ടതും ടൂർണമെന്റ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ഉറപ്പുനൽകിയെങ്കിലും ആരാധകർക്കിടയിലെ ഭീതി വിട്ടുമാറിയിട്ടില്ല.അമേരിക്കയിലെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികളും ലോകകപ്പിനെ ബാധിക്കാനിടയുണ്ട്. ഫുട്ബോൾ കാണാനെത്തുന്ന വിദേശ ആരാധകർ ഇമിഗ്രേഷൻ വിഭാഗത്തിന്റെ നടപടികൾക്ക് വിധേയരാകുമോ എന്ന സംശയം വ്യാപകമാണ്. കുടിയേറ്റ റെയ്ഡുകൾ ലോകകപ്പ് സമയത്ത് ഒഴിവാക്കാൻ ഫിഫ യുഎസ് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ജൂൺ 11-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. വരുംദിവസങ്ങളിൽ ഇത്തരം പ്രതിസന്ധികൾക്ക് ഫിഫയും ആതിഥേയ രാജ്യങ്ങളും എന്ത് പരിഹാരം കാണുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.










