
മൈസൂരു: റോഡിലെ സുരക്ഷാ മാനദണ്ഡങ്ങളെ പൂർണമായി അവഗണിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളെ അപകടകരമായി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വാഹനത്തിന്റെ പിൻഭാഗത്ത് പ്രത്യേകമായി നിർമിച്ച ഇരുമ്പുകൂട്ടിനുള്ളിൽ അഞ്ച് കുട്ടികളെയാണ് ഇരുത്തിയിരുന്നത്. ഇതിന് പുറമെ ഒരു കുട്ടിയെ വാഹനത്തിന്റെ മുൻവശത്തും ഇരുത്തിയിരുന്നു.
കർണാടകയിലെ മൈസൂരു-നഞ്ചൻഗുഡ് റോഡിലാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. തിരക്കേറിയ റോഡിലൂടെ ടിവിഎസ് എക്സ്എൽ ഇരുചക്രവാഹനത്തിലാണ് കുട്ടികളുമായി യാത്ര നടത്തിയത്. വാഹനമോടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും കൂട്ടിലുണ്ടായിരുന്ന കുട്ടികൾക്ക് യാതൊരു സുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല.
വാഹനത്തിന്റെ പിൻഭാഗത്ത് ലോഹം ഉപയോഗിച്ച് നിർമിച്ച കൂട്ടിനുള്ളിൽ കുട്ടികളെ കൂട്ടത്തോടെ ഇരുത്തിയ നിലയിലാണ് വീഡിയോയിൽ കാണുന്നത്. ഞായറാഴ്ചയായതിനാൽ വാഹനത്തിരക്ക് കൂടുതലായിരുന്ന ഊട്ടി മെയിൻ റോഡിലൂടെയായിരുന്നു യാത്രയെന്നും വീഡിയോ പങ്കുവെച്ചയാൾ കുറിച്ചിട്ടുണ്ട്.
‘കഴിഞ്ഞ രാത്രി മൈസൂരു-നഞ്ചൻഗുഡ് റോഡിൽ അഞ്ച് കുട്ടികളുമായി ഒരാൾ യാത്ര ചെയ്യുകയായിരുന്നു. കോഴികളെ കൊണ്ടുപോകുന്നതുപോലെയാണ് കുട്ടികളെ വാഹനത്തിന്റെ പിന്നിലെ കൂട്ടിലാക്കിയിരുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആർക്കെങ്കിലും ആശങ്കയുണ്ടോ?’ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം അപകടകരമായ യാത്രകൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സംഭവത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.










