
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് 48 രേഖാമൂലമുള്ള ചോദ്യങ്ങൾ നൽകാൻ അനുമതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ സിവിൽ നിയമത്തിലെ ‘ഇന്ററോഗേറ്ററീസ്’ എന്ന നടപടിക്രമം ശ്രദ്ധാകേന്ദ്രമായി. കമ്മീഷനിൽനിന്ന് ഔപചാരികമായ മറുപടികൾ ലഭ്യമാക്കാനാണ് അപേക്ഷയിലൂടെ അനുമതി തേടിയിരിക്കുന്നത്.
ഒരു കേസിലെ തർക്കവിഷയങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ വ്യക്തമാക്കാൻ, കോടതിയുടെ അനുമതിയോടെ ഒരു കക്ഷി എതിർകക്ഷിക്ക് നൽകുന്ന രേഖാമൂലമുള്ള ചോദ്യങ്ങളാണ് ഇന്ററോഗേറ്ററീസ്. 1908-ലെ സിവിൽ നടപടിക്രമ സംഹിതയിലെ ഓർഡർ XI ആണ് ഈ നടപടിക്ക് അടിസ്ഥാനമാകുന്നത്. ഏതെല്ലാം കാര്യങ്ങളിലാണ് യഥാർഥത്തിൽ തർക്കമുള്ളതെന്ന് വ്യക്തമാക്കാനും അനാവശ്യമായ തെളിവെടുപ്പും ചെലവും കുറയ്ക്കാനും ഇത് സഹായിക്കുന്നു
ചോദ്യങ്ങൾ നൽകാനുള്ള അനുമതി സ്വാഭാവികമായി ലഭിക്കുന്നതല്ല. കേസിന്റെ നീതിപൂർവമായ തീർപ്പിനോ ചെലവ് കുറയ്ക്കുന്നതിനോ ആവശ്യമായ ചോദ്യങ്ങൾക്കാണ് കോടതി അനുമതി നൽകുക. കേസിലെ തർക്കവിഷയങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ അനുവദനീയമല്ല. അപ്രസക്തത, നിയമപരമായ രഹസ്യസംരക്ഷണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകുന്നതിൽ എതിർപ്പുയർത്താനും കഴിയും.
അനുവദിക്കപ്പെട്ട ചോദ്യങ്ങൾക്ക് സാധാരണയായി പത്ത് ദിവസത്തിനുള്ളിലോ കോടതി അനുവദിക്കുന്ന മറ്റൊരു സമയപരിധിക്കുള്ളിലോ സത്യവാങ്മൂലത്തിലൂടെയാണ് മറുപടി നൽകേണ്ടത്. അതിനാൽ, കോടതിയിൽ നേരിട്ട് നടത്തുന്ന വാക്കാലുള്ള ക്രോസ് വിസ്താരത്തിൽനിന്ന് വ്യത്യസ്തമായ നടപടിയാണിത്.ഇന്ത്യ സഖ്യത്തിന്റെ അപേക്ഷയിൽ നിർണായകമാകുന്നത്, സിവിൽ കേസുകളിൽ ഉപയോഗിക്കുന്ന ഈ സംവിധാനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജിയിൽ എങ്ങനെ പ്രയോഗിക്കുമെന്നതാണ്. അപേക്ഷ നൽകിയത് മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകണമെന്ന ഉത്തരവായി മാറുന്നില്ല. ചോദ്യങ്ങൾ നൽകാൻ അനുമതി നൽകണമോ, ഏതെല്ലാം ചോദ്യങ്ങൾ അനുവദിക്കണമോ എന്നത് കോടതിയുടെ തീരുമാനത്തിന് വിധേയമാണ്.










