
യൗവനം തിരിച്ച് പിടിക്കാൻ നാൽപ്പത്തേഴുകാരി മകൻറെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു. ലോസ് ആഞ്ചലസ് സ്വദേശിനിയായ മാർസെല ഇഗ്ലേഷ്യയാണ് യൗവനം തിരിച്ചുപിടിക്കാൻ വിചിത്രരീതി സ്വീകരിച്ചിരിക്കുന്നത്. 'മനുഷ്യ ബാർബി' എന്നാണ് മാർസെല ഇഗ്ലേഷ്യ അറിയപ്പെടുന്നത്. 23കാരനായ തന്റെ മകന്റെ രക്തമാണ് ഇവർ സ്വീകരിക്കുന്നത്.
മാർസെല ഇഗ്ലേഷ്യ ഒരു സ്വയം പ്രഖ്യാപിത 'മനുഷ്യ ബാർബി' ആണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രായം കുറഞ്ഞ രക്തദാതാവിൻറെ കോശങ്ങളിൽ നിന്ന് ധാരാളം ഗുണങ്ങൾ ലഭിക്കും. പ്രത്യേകിച്ചും ദാതാവ് സ്വന്തം മകനോ മകളോ ആകുമ്പോൾ. സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു ചികിത്സയെക്കുറിച്ച് താൻ അറിഞ്ഞതെന്നും മാർസെല ഇഗ്ലേഷ്യ കൂട്ടിചേർത്തു. സ്വന്തം മകനിൽ നിന്നോ മകളിൽ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിർത്തുന്നതിനുള്ള പുതിയ യുഗമാണ് സാധ്യമാകുകയെന്നും അവർ പറയുന്നു.
അതേസമയം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2019 -ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ യുവ ദാതാക്കളിൽ നിന്നുള്ള പ്ലാസ്മ സ്വീകരിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇത്തരം നടപടികൾ സുപ്രധാനമായ പൊതുജനാരോഗ്യ ആശങ്കകൾ ഉയർത്തുന്നുവെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്. സാധാരണ വാർദ്ധക്യവും ഓർമ്മക്കുറവും മുതൽ ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അൽഷിമേഴ്സ് രോഗം, ഹൃദ്രോഗം അല്ലെങ്കിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കുന്നതിന് യുവ ദാതാക്കളിൽ നിന്നും രക്തം സ്വീകരിക്കുന്ന പതിവുണ്ട്.











