
കവരത്തി: ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടു. ദ്വീപുസമൂഹത്തിൽ നിയന്ത്രിത മദ്യവിൽപനയ്ക്ക് അനുമതി നൽകിക്കൊണ്ട് പുതിയ 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' നിലവിൽ വന്നു. ഇതോടെ പതിറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ടായിരുന്ന മദ്യനിരോധന നയത്തിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്.
പുതിയ ചട്ടപ്രകാരം 1979-ൽ നിലവിൽ വന്ന മദ്യനിരോധന നിയമം റദ്ദാക്കി. മദ്യത്തിന്റെ ഇറക്കുമതി, വിതരണം, വിൽപന, വാങ്ങൽ, ഉപഭോഗം എന്നിവയ്ക്ക് ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തിയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസികൾക്കുമാത്രമായിരിക്കും മദ്യം ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുമതി.
കർശന നിയന്ത്രണങ്ങളോടെ വിൽപന
മദ്യ ലൈസൻസിന് അപേക്ഷിക്കുന്നവർ 18 വയസിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണം. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, അനാഥാലയങ്ങൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെയായിരിക്കണം വിൽപന കേന്ദ്രങ്ങൾ. 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ മദ്യവിൽപനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് നിയമിക്കാനും പാടില്ല.
മദ്യവിപണിയെ സർക്കാർ കർശന നിയന്ത്രണത്തിലാക്കുന്നതിനൊപ്പം ഉയർന്ന നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ഇറക്കുമതി ചെയ്യുന്ന മദ്യത്തിനും 400 ശതമാനം എക്സൈസ് തീരുവയാണ് നിശ്ചയിച്ചിരിക്കുന്നത്. ബിയറിന് 200 ശതമാനവും വൈനിന് 80 ശതമാനവും നികുതി ഈടാക്കും.
ടൂറിസം വളർച്ച ലക്ഷ്യം
ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. മദ്യവിൽപനയ്ക്ക് അനുമതി നൽകിയതോടൊപ്പം സന്ദർശകർക്കുള്ള പെർമിറ്റ് നടപടികളും ലളിതമാക്കിയിട്ടുണ്ട്. രാജ്യത്തിനകത്തും വിദേശത്തുമുള്ള കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ
അസാധാരണ പ്രകൃതി ഭംഗിയുള്ള ബീച്ച് ഡെസ്റ്റിനേഷനായിട്ടും കർശന നിയമങ്ങളും പരിമിതമായ താമസസൗകര്യങ്ങളും കാരണം ലക്ഷദ്വീപിലെ ടൂറിസം വളർച്ച മന്ദഗതിയിലായിരുന്നു. ഈ വെല്ലുവിളികൾ മറികടന്ന് ദ്വീപുകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ലക്ഷദ്വീപിലെ പ്രധാന ആകർഷണങ്ങൾ
അറബിക്കടലിലെ 36 പവിഴദ്വീപുകളുടെ കൂട്ടായ്മയായ ലക്ഷദ്വീപ് തെളിഞ്ഞ നീലക്കടൽ, വെളുത്ത മണൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, സമുദ്രജീവ വൈവിധ്യം എന്നിവകൊണ്ട് പ്രശസ്തമാണ്.
അഗത്തി ദ്വീപ് – ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്; വാട്ടർ സ്പോർട്സിനും സ്നോർക്കലിംഗിനും പ്രസിദ്ധം.
ബംഗാരം ദ്വീപ് – മനോഹരമായ ബീച്ചുകളും നീലക്കടലും കൊണ്ട് ഫോട്ടോഗ്രാഫർമാരുടെ പ്രിയകേന്ദ്രം.
മിനിക്കോയ് ദ്വീപ് – നീളമേറിയ കടൽത്തീരങ്ങളും ചരിത്രപ്രസിദ്ധമായ ലൈറ്റ്ഹൗസും പ്രധാന ആകർഷണങ്ങൾ.
കടമത്ത് ദ്വീപ് – ഡൈവിങ്, കയാക്കിങ്, സ്നോർക്കലിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യം.
കവരത്തി – ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം; തടാകങ്ങളും ജലവിനോദങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.
സന്ദർശിക്കാൻ മികച്ച സമയം
ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ കാലയളവിൽ കാലാവസ്ഥ അനുകൂലമായതിനാൽ ബീച്ച് വിനോദങ്ങളും ജലകായിക വിനോദങ്ങളും മികച്ച രീതിയിൽ ആസ്വദിക്കാനാകും.
എത്തിച്ചേരാൻ
വിമാന മാർഗം: കൊച്ചിയിൽ നിന്ന് അഗത്തി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണ്.
കപ്പൽ മാർഗം: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് യാത്രാക്കപ്പൽ സർവീസുകളും ലഭ്യമാണ്. യാത്രയ്ക്ക് സാധാരണയായി 14 മുതൽ 20 മണിക്കൂർ വരെ സമയം വേണ്ടിവരും.
പുതിയ നയങ്ങൾ നടപ്പാകുന്നതോടെ ലക്ഷദ്വീപ് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.










