08:45pm 05 September 2026
NEWS
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താന ചെറിയ മീനല്ല!
02/04/2025  03:31 PM IST
nila
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താന ചെറിയ മീനല്ല!

ഇന്നലെ രാത്രിയിൽ ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താന എന്ന യുവതി ലഹരിമാഫിയയിലെ പ്രധാന കണ്ണിയെന്ന് പൊലീസ്. കേരളത്തിലെ സിനിമാ മേഖലയിലുള്ളവർക്ക് ലഹരിമരുന്നുകൾ എത്തിച്ച് നൽകുന്ന തസ്‌ലിമ സുൽത്താന കണ്ണൂർ സ്വദേശിനിയാണ്. ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള നാൽപ്പത്തിമൂന്നുകാരി ചെന്നൈ, ബെം​ഗളുരു തുടങ്ങിയ ന​ഗരങ്ങളിൽ താമസിച്ചാണ് ലഹരി ഇടപാട് നടത്തിയിരുന്നത്. മൂന്നു കോടി രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്. 

ലഹരി റാക്കറ്റുമായി ബന്ധമുള്ള തസ്‍‌ലിമ സുൽത്താന കേരളത്തിലെ സിനിമ, ടൂറിസം മേഖലയിലുള്ളവർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവുമായി എത്തിയത്.  ഇംഗ്ലിഷ്, മലയാളം, തമിഴ് ഉൾപ്പെടെ എട്ടോളം ഭാഷകൾ ഇവർക്ക് സംസാരിക്കാനറിയാം. ഇതാണ് വൻകിട ഇടപാടുകാരുമായി ബന്ധം പുലർത്താൻ ഇവരെ സഹായിക്കുന്നത്. ഇവരുടെ പേരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ എംഡിഎംഎ ഉപയോഗിപ്പിച്ചതിനു എറണാകുളം പൊലീസ് നേരത്തേ പോക്സോ കേസെടുത്തിട്ടുണ്ട്.

ചൊവ്വഴ്ച രാത്രി പത്തരയോടെ ഓമനപ്പുഴയിൽ ഒരു റിസോർട്ടിൽ നിന്നാണ് തസ്‍‌ലിമ സുൽത്താനയേയും ഇവരുടെ സഹായിയായ മണ്ണഞ്ചേരി സ്വദേശി കെ.ഫിറോസ് ( 26)നെയും എക്സൈസ് സംഘം പിടികൂടിയത്. നേരത്തെ പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിന് മുൻപും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിൽ പറഞ്ഞു. വൻ ഇടപാടുകളെ ഏൽക്കുകയുള്ളൂ. ഇയാൾക്കെതിരെ നിലവിൽ മറ്റ് കേസുകളില്ല.

ഭർത്താവും രണ്ട് മക്കളും ഒന്നിച്ചാണ് തസ്ലീമ ഇന്നലെ രാത്രി ഓമനപ്പുഴയിലെ റിസോർട്ടിൽ എത്തിയത്. നേരത്തെ ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയപ്പോൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ സിനിമാ മേഖലയിൽ പ്രധാനപ്പെട്ട ചിലരുമായി ലഹരിവിൽപന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഇടപാട്. ആലപ്പുഴയിൽ ടൂറിസം രംഗത്തെ ചിലർക്ക് കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓൺലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയ ശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണ് രീതി. 

ഹൈബ്രിഡ് കഞ്ചാവിന്റെ നാല് പൊതികളായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. മെഡിക്കൽ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇത് നിർമിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവർ ഇതു കൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കിൽ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും. പിടിച്ച തോതനുസരിച്ച് 10 വർഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മധു, പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, അരുൺ അശോക്, സനൽ സിബി രാജ്, അസിസ്റ്റന്റ് ഇൻസ്പെക്സടർ കെ.ആർ.രാജീവ്, ജീന വില്യം എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.