11:10pm 25 June 2026
NEWS
40% കമ്മീഷൻ അഴിമതി; ആരോപണം തെളിയിക്കാനാവാതെ അന്വേഷണ കമ്മീഷൻ
02/04/2025  12:16 PM IST
വിഷ്ണുമംഗലം കുമാർ
40 ശതമാനം കമ്മീഷൻ അഴിമതി; ആരോപണം തെളിയിക്കാനാവാതെ അന്വേഷണ കമ്മീഷൻ

 കർണാടകം: ഗവണ്മെന്റിന്റെ നിർമ്മാണജോലികളുടെ കരാർ ലഭിക്കാൻ നാല്പത് ശതമാനം വരെ കമ്മീഷൻ നൽകേണ്ടിവരുന്നുണ്ടെന്ന ആരോപണം ആദ്യമായി ഉയർത്തിയത് സംസ്ഥാനത്തെ കരാറുകാരുടെ സംഘടനയാണ്  ബിജെപി ഭരണത്തിലിരിക്കെ ആയിരുന്നു ആ ആരോപണം. ബസവരാജ് ബൊമ്മായ് ആയിരുന്നു മുഖ്യമന്ത്രി. കരാറുകാരുടെ സംഘടന പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്‌ ആ ആരോപണം ഏറ്റുപിടിച്ച് വൻ വിവാദമാക്കി. മുഖ്യമന്ത്രിയെ 'പേസിഎം' എന്ന് പരിഹാസത്തോടെ വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചു.2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഗവണ്മെന്റിനെതിരെ കോൺഗ്രസ്സ് ഉയർത്തിയ അഴിമതി ആരോപണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു 40% കമ്മീഷൻ. കോൺഗ്രസ്സിന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ ആ ആരോപണം സഹായിച്ചു. ഭരണം കിട്ടിയ ഉടനെ തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻ ഗവണ്മെന്റിന്റെ 40% കമ്മീഷൻ അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് നാഗമോഹൻ ദാസ് ആയിരുന്നു കമ്മീഷൻ തലവൻ. ഇക്കഴിഞ്ഞ മാർച്ച്‌ 13ന് കമ്മീഷൻ മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് കൈമാറി. 40% കമ്മീഷൻ ആരോപണം ശരിയാണെന്ന് സ്ഥാപിക്കാൻ സാധിക്കുന്ന തെളിവുകൾ കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ 2019 ജൂലൈ 26 മുതൽ 2023  മാർച്ച്‌ 31 വരെയുള്ള കാലയളവിൽ ടെണ്ടർ നടപടികളിൽ സംശയാസ്പദമായ കാലതാമസം, നിയമപരമായ വീഴ്ചകൾ, സ്വജനപക്ഷപാതം തുടങ്ങിയവ ഉണ്ടായതായി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ജി.എച്ച്. തിപ്പ റെഡ്‌ഡി, രൂപാലി നായക് എന്നീ ബിജെപി എം എൽ എ മാരെ കരാറിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ട് കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോർട്ട് കൃത്യമായി പഠിക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ സമിതിയെ ചുമതലപ്പെടുത്താനാണ് ഗവണ്മെന്റിന്റെ നീക്കം. കോൺഗ്രസ്സ് അധികാരത്തിൽ വന്നശേഷം സ്ഥിതിഗതികൾ പഴയതിനേക്കാൾ വഷളായിരിക്കുകയാണെന്ന് ഈയ്യിടെ കരാറുകാരുടെ സംഘടന ആരോപിക്കുകയും മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img