02:15pm 30 April 2026
NEWS
ജൂണിൽ റിലീസാകാനിരിക്കുന്ന 4 പാൻ ഇന്ത്യൻ സിനിമകൾ
19/05/2025  03:29 PM IST
News Dusk
ജൂണിൽ റിലീസാകാനിരിക്കുന്ന  4 പാൻ ഇന്ത്യൻ സിനിമകൾ

 ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുകയും, വലിയ  നടന്മാർ അഭിനയിക്കുന്നതുമായ സിനിമകൾ ഇപ്പോൾ  പാൻ ഇന്ത്യൻ റിലീസുകളായാണ് പുറത്തുവരുന്നത്. ഇപ്പോൾ അത് ഒരു ട്രെൻഡായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം (ജൂൺ) 4 പാൻ-ഇന്ത്യൻ സിനിമകളാണ് റിലീസാകാനിരിക്കുന്നത്.  ഇതിൽ ഒരു ചിത്രം തമിഴിൽ ഒരുങ്ങിയതും മറ്റുള്ള മൂന്ന് ചിത്രങ്ങൾ തെലുങ്കിൽ ഒരുങ്ങിയതുമാണ്. ആ ചിത്രങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ നൽകുന്നത്.  

തഗ് ലൈഫ് 

 മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ, സിമ്പു, തൃഷ, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, നാസർ, ജോജു ജോർജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന സിനിമയാണ് 'തഗ് ലൈഫ്'. ഈ  ചിത്രം 'നായകൻ' എന്ന ചിത്രത്തിന് ശേഷം, അതായത് 36 വർഷങ്ങൾക്ക് ശേഷം മണിരത്നനവും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്നുള്ളത് ശ്രദ്ധേയമാണ്. ഇതിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. ബാലതാരങ്ങളിൽ നിന്ന് നായകന്മാരായി ഉയർന്ന കമൽഹാസനും, ചിമ്പുവും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം എന്ന നിലയിലും 'തഗ് ലൈഫ്' ശ്രദ്ധേയമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ  ജൂൺ-5ന്  ഈ ചിത്രം റിലീസാകാനിരിക്കുകയാണ്.

ഹരിഹര വീരമല്ലു.
 
തെലുങ്കിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും കൂടിയായ പവൻ കല്യാൺ ആണ്. ഇവരോടൊപ്പം ബോബി ഡിയോൾ, നിധി അഗർവാൾ, സത്യരാജ് തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമിഴിൽ 'എനക്കു 20 ഉനക്കു 18, കേടി, ഊ ലലാല' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.എം. ജ്യോതികൃഷ്ണയും, കൃഷും ചേർന്നാണ്.  പവൻ കല്യാൺ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയായതിന് ശേഷം റിലീസാകാനിരിക്കുന്ന ചിത്രം എന്ന നിലയിലും  ശ്രധേയമായ ഈ ചിത്രം ജൂൺ 12-ന് ഒരു പാൻ ഇന്ത്യൻ സിനിമയായി തീയേറ്ററുകളിലെത്താനിരിക്കുകയാണ്. 
  

കുബേര 

തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് നായകനായി, തെലുങ്കു സിനിമയിലെ പ്രശസ്ത  സംവിധായകനായ ശേഖർ കമ്മുല സംവിധാനം ചെയ്‌തൊരുക്കിയിരിക്കുന്ന ചിത്രമാണ് 'കുബേര'.    ദേവി ശ്രീ പ്രസാദ് സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ധനുഷിനോപ്പം നാഗാർജുന, രശ്മിക മംദാന തുടങ്ങിയവരാണ് മറ്റുള്ള  പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 'വാത്തി' എന്ന ചിത്രത്തിന് ശേഷം ധനുഷ്  തെലുങ്കിൽ നേരിട്ട് അഭിനയിച്ചിരിക്കുന്ന ഈ ചിത്രം  തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളിൽ ജൂൺ 20-ന് റിലീസാകാനിരിക്കുകയാണ്.
 

കണ്ണപ്പ 

63 നായൻമാരിൽ ഒരാളായ കണ്ണപ്പ നായനാരെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് സിനിമാ മേഖലയിലെ ഒരു പ്രമുഖ കുടുംബത്തിലെ നടനായ മോഹൻ ബാബുവിന്റെ  മൂത്ത മകൻ വിഷ്ണു മഞ്ജുവാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു മഞ്ജു തന്നെയാണ്   'കണ്ണപ്പ' എന്ന കഥാപാത്രത്തെ അവതരിപ്പിചിരിക്കുന്നത്. മലയാളിയായ  സ്റ്റീഫൻ ദേവസ്സി സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ  മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ, മോഹൻ ബാബു, ശരത്കുമാർ, പ്രീതി മുകുന്ദൻ, ഐശ്വര്യ ഭാസ്‌കരൻ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ  അണിനിരക്കുന്നുണ്ട്. ജൂൺ 27-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പുറത്തുവരാനിരിക്കുന്നത്. 
  ഈ നാല് പാൻ ഇന്ത്യൻ സിനിമകളിൽ ഏതൊക്കെ വമ്പൻ വിജയമാകും എന്നുള്ളത് അറിയാൻ കുറച്ചു ദിവസങ്ങൾ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img