09:16pm 08 November 2026
NEWS
മലപ്പുറത്ത് ഷിഗെല്ല ഭീതി; വിവാഹച്ചടങ്ങിൽ പങ്കെടുത്ത നാല് പേർക്ക് കൂടി രോഗം; രണ്ട് കുട്ടികളും പട്ടികയിൽ
08/11/2026  08:59 PM IST
nila
മലപ്പുറത്ത് ഷിഗെല്ല ഭീതി; വിവാഹച്ചടങ്ങിൽ പങ്കെടുത്ത നാല് പേർക്ക് കൂടി രോഗം; രണ്ട് കുട്ടികളും പട്ടികയിൽ

മലപ്പുറം: ജില്ലയിൽ ഷിഗെല്ല ബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഒക്ടോബർ 31ന് പെരിന്തൽമണ്ണയിലെ എളങ്കുളം പഞ്ചായത്തിലെ കൊരക്കുത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്.

114 പേർ പങ്കെടുത്ത വിവാഹച്ചടങ്ങിന് പിന്നാലെ നിരവധി പേർക്ക് വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നാലുപേരെയും പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

നിലമ്പൂർ മേഖലയിൽ നേരത്തെ മൂന്ന് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്. അമരമ്പലത്തെ ഒരു കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസുകാരനും പാലുണ്ടയിലെ കടയിൽനിന്ന് മന്തി കഴിച്ച രണ്ടുപേരുമാണ് രോഗബാധിതരായത്. ഇതിനുപുറമേ പ്രദേശത്ത് 23ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. ആശുപത്രിയിൽ കഴിയുന്ന ചിലരുടെ പരിശോധനാഫലം ഇനിയും ലഭിച്ചിട്ടില്ല.

അതേസമയം, കോഴിക്കോട് വടകര മേപ്പയിൽ എസ്ബി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ സമ്പർക്ക പരിശോധനയിലാണ് മറ്റ് രണ്ടുപേർക്കും അണുബാധ സ്ഥിരീകരിച്ചത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

എളങ്കുളത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗബാധിതരുടെയും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെയും വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലും അണുനശീകരണ നടപടികൾ ആരംഭിച്ചു.

വിവാഹം പോലുള്ള പൊതുചടങ്ങുകളിൽ സമൂഹസദ്യയും പൊതുഭക്ഷണ വിതരണവും താൽക്കാലികമായി ഒഴിവാക്കണമെന്ന് എളങ്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ഷമീറ പഞ്ചായത്ത് അധികൃതരോട് നിർദേശിച്ചു.

വയറിളക്കം, ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ചികിത്സ തേടണം. ഗുരുതരമായ ഷിഗെല്ല അണുബാധ ജീവന് ഭീഷണിയാകുന്ന സങ്കീർണതകൾക്കും നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും കാരണമാകാമെന്നും മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.

ഭക്ഷ്യസുരക്ഷാ, പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതരും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img