
സ്പേസ് എക്സിന്റെ ക്രൂ-10 ബഹിരാകാശയാത്രികർ ശനിയാഴ്ച്ച ഭൂമിയിൽ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം അഞ്ച് മാസത്തോളം താമസിച്ചതിന് ശേഷമാണ് സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്.
എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പ്രാദേശിക സമയം രാവിലെ 8:33നാണ് പതിച്ചത്. "ക്രൂ-10 ൽ നിന്ന്, മുഴുവൻ നന്ദി. ഇത് ശരിക്കും ഒരു ജീവിതകാലത്തെ യാത്രയായിരുന്നു."- സ്പ്ലാഷ്ഡൗൺ ചെയ്തതിനു പിന്നാലെ നാസ ബഹിരാകാശയാത്രികയും ഡ്രാഗൺ കമാൻഡറുമായ ആനി മക്ക്ലെയ്ൻ റേഡിയോയിലൂടെ പറഞ്ഞു.
മാർച്ച് 14ന് പുലർച്ചെ 4.33നായിരുന്നു കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. നാസയിലെ മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി)യിലെ തകുയ ഒനിഷി, റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിലെ കിറിൽ പെസ്കോവ് എന്നിവരായിരുന്നു ക്രൂ അംഗങ്ങൾ. മക്ക്ലെയിൻ ആണ് ക്രൂ-10 നെ നയിച്ചത്.
അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി. ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.











