
സൗരയൂഥത്തിലെ അതിഥിയായ അന്തർനക്ഷത്ര വസ്തു ഗവേഷക ലോകത്ത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. 3I/ATLAS-ന്റെ പുതിയ ചിത്രങ്ങൾ ശാസ്ത്രലോകത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ ശേഷവും 3I/ATLAS-ന് വാൽ കാണാനില്ലാത്തതാണ് ഗവേഷകർക്ക് ആശയക്കുഴപ്പത്തിന് കാരണം. ഇത് വാൽനക്ഷത്രം തന്നെയെന്ന് ഉറപ്പിക്കാൻ ഇനിയും സാധിച്ചിട്ടില്ല.
നവംബർ അഞ്ചിന് സ്പെയിനിലെ R. Nieves Observatory പകർത്തിയ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് 3I/ATLAS-ന്റെ വാൽ കാണാനില്ലെന്ന് വ്യക്തമായത്. സാധാരണയായി, സൂര്യന്റെ ചൂടും സൗരവാതവും കാരണം വാൽനക്ഷത്രങ്ങൾ വാതകത്തെയും പൊടിയെയും പുറത്തേക്ക് തള്ളിനീക്കി വാൽ രൂപപ്പെടുത്താറുണ്ട്. എന്നാൽ 3I/ATLAS-ന്റെ കാര്യത്തിൽ അതിന് വിപരീതമായ സംഭവമാണ് കണ്ടത്. സൂര്യനോട് സമീപിച്ചപ്പോൾ അതിന്റെ തിളക്കം അഞ്ചിരട്ടിയായി ഉയർന്നതും പച്ചനിറം കൈവരിച്ചതും ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. ഇത് ഡൈഅറ്റോമിക് കാർബൺ പുറന്തള്ളുന്നതിന്റെ ലക്ഷണമാകാമെന്ന് നിരീക്ഷകർ പറയുന്നു.
അസാധാരണമായ ചലനം, പിണ്ഡനഷ്ടം എന്നിവയും 3I/ATLAS കാണിക്കുന്നുണ്ട്. ഇതിന്റെ സ്വഭാവം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ചില വിദഗ്ധർ ഇത് വാൽനക്ഷത്രമാണെന്ന് കരുതുമ്പോൾ, ഹാർവാർഡ് ജ്യോതിശാസ്ത്രജ്ഞൻ ആവി ലോബ് അതിന്റെ അപൂർവ പെരുമാറ്റം ചൂണ്ടിക്കാട്ടി അത് “അന്യഗ്രഹ പേടകമായിരിക്കാം” എന്ന സംശയം ഉയർത്തി.
ലോബ് വ്യക്തമാക്കുന്നത് അനുസരിച്ച്, 33 ബില്യൺ ടൺ ഭാരമുള്ള ഈ വസ്തുവിന്റെ ന്യൂക്ലിയസിന്റെ ഏകദേശം 13% ഭാഗം ദൃശ്യമാകേണ്ടതായിരുന്നു, എന്നാൽ അങ്ങനെയല്ല. സൗരവികിരണവും സൗരവാതവും അതിനെ തള്ളിനീക്കി ഒരു വാൽ രൂപപ്പെടുത്തേണ്ടതായിരുന്നുവെങ്കിലും പുതിയ ചിത്രങ്ങളിൽ അതൊന്നും കാണുന്നില്ല.
3I/ATLAS-ന്റെ യഥാർത്ഥ സ്വഭാവം അടുത്ത ആഴ്ചകളിൽ കൂടുതൽ നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കാനാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. 2026 മാർച്ച് 16-ന് ഇത് വ്യാഴഗ്രഹത്തിന് അടുത്തെത്തുമ്പോൾ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും പ്രതീക്ഷിക്കുന്നത്.











