
സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ അപൂർവ അതിഥിയായ 3ഐ/അറ്റ്ലസ് എന്ന ഇന്റർസ്റ്റെല്ലാർ കോമറ്റ് ആണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഭൂമിയോട് അടുക്കുന്തോറും പച്ചനിറത്തിൽ തിളങ്ങുന്ന ഈ വാൽനക്ഷത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ജെമിനി നോർത്ത് ടെലിസ്കോപ്പാണ് ഈ ദൃശ്യം പകർത്തിയത്. 2025 ജൂലൈ 1-ന് ചിലിയിലെ ATLAS ടെലിസ്കോപ്പാണ് ഈ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്.
ഇതുവരെ കണ്ടെത്തിയ മൂന്നാമത്തെ ഇന്റർസ്റ്റെല്ലാർ ഒബ്ജക്റ്റാണ് 3ഐ/അറ്റ്ലസ്. ‘ഔമുഅമുഅ’, ‘ബോറിസോവ്’ എന്നിവയ്ക്ക് പിന്നാലെ എത്തുന്ന ഇത്, അവയെക്കാൾ വലിപ്പവും പഴക്കവും ഉള്ളതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കോമറ്റിന്റെ പച്ചനിറം, അതിന്റെ വാലിൽ ഉള്ള ഡയറ്റോമിക് കാർബൺ സൂര്യപ്രകാശവുമായി പ്രതികരിക്കുന്നതിന്റെ ഫലമാണ്. ഡിസംബർ 19-ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെങ്കിലും ഏകദേശം 27 കോടി കിലോമീറ്റർ അകലത്തിലൂടെയാണ് ഇത് കടന്നുപോകുക.
സോഷ്യൽ മീഡിയയിൽ ഇതിനെ ചുറ്റിപ്പറ്റി ഏലിയൻ പേടകം മുതൽ ഭൂമിയിടി ഭീഷണി വരെ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും, ശാസ്ത്രീയമായി ഇതൊന്നും ശരിയല്ല. തമാശകൾക്ക് അപ്പുറം, മറ്റൊരു നക്ഷത്രസമൂഹത്തിൽ രൂപംകൊണ്ട പദാർത്ഥങ്ങളെ പഠിക്കാനുള്ള അപൂർവ അവസരമാണ് 3ഐ/അറ്റ്ലസ് ശാസ്ത്രലോകത്തിന് നൽകുന്നത്. പ്രപഞ്ചത്തിന്റെ ആദ്യകാല രഹസ്യങ്ങളിലേക്ക് തുറക്കുന്ന ഒരു കോസ്മിക് ജാലകമാണിതെന്നാണ് ഗവേഷകർ പറയുന്നത്.











