12:30pm 13 November 2026
NEWS
ലൗ ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെട്ട് 37 യുവതികൾ; കേരള സ്റ്റോറി 2 അണിയറ പ്രവർത്തകരുടെ ആ നീക്കവും പാളി
24/02/2026  06:11 AM IST
nila
ലൗ ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെട്ട് 37 യുവതികൾ; കേരള സ്റ്റോറി 2 അണിയറ പ്രവർത്തകരുടെ ആ നീക്കവും പാളി

ലൗ ജിഹാദ് കേരളത്തിൽ ആരംഭിച്ച് രാജ്യവ്യാപകമായി പടർന്നുവെന്നതാണ് കേരള സ്റ്റോറി 2 മുന്നോട്ടുവയ്ക്കുന്ന പ്രമേയമെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിങ്. ചിത്രം ഈ മാസം 27ന് റിലീസിന് ഒരുങ്ങുന്നതിനിടെ, ഡൽഹിയിൽ സംഘടിപ്പിച്ച പ്രമോഷൻ പരിപാടി വീണ്ടും വിവാദങ്ങൾക്ക് വഴിതുറന്നു. ഡൽഹിയിൽ നടന്ന പരിപാടിയിൽ, ലൗ ജിഹാദിന്റെ ഇരകളാണെന്ന് അവകാശപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 37 പേരെ വേദിയിലെത്തിച്ചു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അണിയറ പ്രവർത്തകർക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല.

കേരളവുമായി സിനിമയുടെ ബന്ധമെന്തെന്ന ചോദ്യം ഉയർന്നപ്പോൾ “സത്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ല” എന്നായിരുന്നു സംവിധായകന്റെ മറുപടി. കേരളത്തിൽനിന്നുള്ള ഇരകൾ വേദിയിൽ ഇല്ലാത്തതെന്തെന്ന് ചോദിച്ചതോടെ, കേരളത്തിൽനിന്നുള്ള ഇരകളുടെ വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണെന്നായിരുന്നു നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ പ്രതികരിച്ചത്.

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നില്ലെന്ന കേന്ദ്രസർക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാട് ചൂണ്ടിക്കാണിച്ചതിന് മറുപടിയായി, നിയമസഭയിൽ മുഖ്യമന്ത്രി ഇത് സമ്മതിച്ചിട്ടുണ്ടെന്ന വാദവും ഉന്നയിച്ചു. തുടർച്ചയായ ചോദ്യങ്ങൾക്കൊടുവിൽ അണിയറ പ്രവർത്തകർ വേദി വിട്ടതോടെ പരിപാടി അപ്രതീക്ഷിതമായി അവസാനിച്ചു.

ട്രെയിലർ പുറത്തിറങ്ങിയതുമുതൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, ചിത്രത്തിന്റെ അവകാശവാദങ്ങളും പ്രമോഷൻ രീതികളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img