10:50pm 01 May 2026
NEWS
അഞ്ചു നഗരസഭകളിലായി 369 വാർഡുകൾ; ഗ്രേറ്റർ ബംഗളുരു അതോറിറ്റി തിരഞ്ഞെടുപ്പിന് സജ്ജമാകുന്നു
20/11/2025  11:16 AM IST
വിഷ്ണുമംഗലം കുമാർ
അഞ്ചു നഗരസഭകളിലായി 369 വാർഡുകൾ; ഗ്രേറ്റർ ബംഗളുരു അതോറിറ്റി തിരഞ്ഞെടുപ്പിന് സജ്ജമാകുന്നു

ബംഗളുരു നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് പത്തു വർഷം കഴിഞ്ഞു. 2020 ൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് കോടതി ഇടപെടലുകളാൽ നീണ്ടുപോയത്. 198 വാർഡുകളാണ് ബി ബി എം പി(ബ്രഹത് ബംഗളുരു മഹാനഗര പാലികെ) യിൽ ഉണ്ടായിരുന്നത്. ബിജെപി ഗവണ്മെന്റ് പുതിയ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 243 വാർഡുകളായി ഉയർത്തിയതാണ് തർക്കങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും വഴിവെച്ചത്. തർക്കം സുപ്രീം കോടതി വരെ എത്തിയിരുന്നു. 2023 ൽ കോൺഗ്രസ്സ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി. പത്തുവർഷത്തിനിടയിൽ നഗരത്തിൽ അവിശ്വസനീയമായ മാറ്റങ്ങളാണ് ഉണ്ടായത്. പ്രാന്ത പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് നഗരം കടന്നുകയറിയിട്ടുണ്ട്. ഈ വർഷം മേയിൽ ഗവണ്മെന്റ് ബിബി എം പി പൂർണ്ണമായി പിരിച്ചുവിട്ടു. മുഖ്യമന്ത്രി ചെയർമാനും ഉപമുഖ്യമന്ത്രി വൈസ് ചെയർമാനുമായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി(ജിബിഎ) നിലവിൽ വന്നു. നിലവിലുണ്ടായിരുന്ന വാർഡുകളോട് പുതിയ വികസിത പ്രദേശങ്ങളും കൂട്ടിച്ചേർത്ത് ജിബിഎയുടെ കീഴിൽ അഞ്ചു നഗരസഭകൾ രൂപീകരിക്കാനാണ് തീരുമാനിച്ചത്. ഓരോ നഗരസഭയ്ക്കും പ്രത്യേകം മേയറും ഭരണസമിതിയും ഉണ്ടായിരിക്കും. അതായത് ബംഗളുരുവിന് അഞ്ച് മേയർമാർ!.  വാർഡുകളുടെ എണ്ണവും അതിർത്തികളും നിശ്ചയിക്കാൻ ജിബിഎ ചീഫ് കമ്മീഷണർ അധ്യക്ഷനായി നാല് അംഗങ്ങളുള്ള സമിതിയെ ഇക്കഴിഞ്ഞ സപ്റ്റംബറിൽ ഗവണ്മെന്റ് നിയോഗിച്ചിരുന്നു.ബംഗളുരു സെൻട്രൽ (63),ഈസ്റ്റ്‌ (50),നോർത്ത് (72),സൗത്ത്(72),വെസ്റ്റ്‌ ( 112) എന്നിങ്ങനെ അഞ്ചു നഗരസഭകൾക്കും കൂടി 369 വാർഡുകൾ ഉണ്ടാകുമെന്നാണ് അതിർത്തി നിർണ്ണയത്തിൽ നിന്ന് വ്യക്തമാകുന്നത്. ഓരോ വാർഡിലെയും ശരാശരി ജനസംഖ്യ നാൽപതിനായിരമാണ്. വാർഡുകളുടെ എണ്ണവും അതിർത്തി നിർണ്ണയവും പൂർത്തിയായതായി അഡിഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ് അറിയിച്ചു. സംവരണ മണ്ഡലങ്ങളുടെ പട്ടിക ഈ മാസം മുപ്പതിനകം പൂർത്തിയാകും. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം മാർച്ചിന് മുമ്പായി തെരഞ്ഞെടുപ്പ് നടക്കാനിടയുണ്ട്. കോടതിയാണ് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽക്കേണ്ടത്. രാഷ്ട്രീയ പാർട്ടികളെല്ലാം ബംഗളുരു നഗരസഭകളിലേക്കുള്ള അഭിമാന മത്സരത്തിന് തയ്യാറായിക്കഴിഞ്ഞു. ബിജെപിയും ജെഡിഎസ്സും ഒരു മുന്നണിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img