
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ കൊച്ചി തീരത്ത് നിന്ന് 27 കിലോമീറ്റർ ദൂരെ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനം ശ്രദ്ധേയമായി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷപ്പെടുത്തുന്നതിൽ നാവികസേനയും കോസ്റ്റ് ഗാർഡും എത്രയധികം തൽപ്പരരാണ് എന്നതിൻ്റെ ഉദാഹരണമായിരുന്നു ഇത്.
മാർച്ച് 30ന് രാത്രി സിയോൺ എന്ന മത്സ്യ ബന്ധന ബോട്ടിൽ നിന്ന് കാണാതായ രഞ്ജു മോണി സോണോവാൾ(40) എന്ന തൊഴിലാളിക്കാണ് കോസ്റ്റ് ഗാർഡ് രക്ഷാദൂതരായത്. ബോട്ട് മത്സ്യ ബന്ധനം കഴിഞ്ഞ് കൊച്ചി തീരത്തേക്ക് മടങ്ങുമ്പോഴാണ് തൊഴിലാളി കടലിൽ തെറിച്ച് വീണത്.
മുംബൈയിലെ മാറിടൈം റെസ്ക്യു കോ ഓർഡിനേഷൻ സെൻ്ററും (എം.ആർ.സി.സി) കൊച്ചിയിലെ മാറിടൈം റെസ്ക്യു സബ്സെൻ്ററും (എം.ആർ. എസ്.സി) അപകടത്തെക്കുറിച്ച് വിവരം കിട്ടിയ ഉടൻ രക്ഷാപ്രവർത്തനത്തിന് നടപടി തുടങ്ങി. മറൈൻ സെർച്ച് ആൻഡ് റെസ്ക്യു (എം- സാർ ) എന്നാണ് ഇതറിയപ്പെടുന്നത്.കടലിലും ആകാശത്തും ഒരേ സമയം നിരീക്ഷണം തുടങ്ങി.ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഐ സി ജി എസ് അർണവേഷ് എന്ന കപ്പലിനെ തൊഴിലാളിയെ കാണാതായ ഭാഗത്ത് തെരച്ചിൽ പ്രവർത്തനങ്ങൾക്കായി തിരിച്ചുവിട്ടു. കോസ്റ്റ് ഗാർഡിൻ്റെ വിമാനവും നിരീക്ഷണം തുടങ്ങി.
എപ്രിൽ ഒന്നിന് മത്സ്യത്തൊഴിലാളിയെ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. അപ്പോഴേക്കും 36 മണിക്കൂർ പിന്നിട്ടിരുന്നു. കോസ്റ്റ് ഗാർഡ് കപ്പലിൽ ഇയാളെ സുരക്ഷിതമായി കയറ്റി. ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് അവശനിലയിലായിരുന്ന തൊഴിലാളിക്ക് കപ്പലിലെ മെഡിക്കൽ റൂമിൽ ഡോക്ടറുടെ നേതൃത്വത്തിൽ മതിയായ പരിചരണം നൽകി. തുടർന്ന് കൊച്ചിയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. നാവിക സേനയും കോസ്റ്റ് ഗാർഡും നടത്തുന്ന ജീവൻ രക്ഷാപ്രവർത്തനങ്ങളുടെ ഉദാഹരണമായി ഇത്.








