
തിരുവനന്തപുരം: കേരളത്തിൽ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനിബാധ മൂലമുള്ള മരണം 356 ആയി ഉയർന്നു. അതേ കാലയളവിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 42 പേർ മരിച്ചു. 172 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത്. ഡെങ്കിപ്പനി ബാധിച്ച് 71 പേരും, ചെള്ളുപനി ബാധിച്ച് 14 പേരുമാണ് മരിച്ചത്. 887 പേർക്കാണ് ചെള്ളുപനി ബാധിച്ചത്.
ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും മലിനജല സമ്പർക്കവും രോഗവ്യാപനം വർധിപ്പിക്കുന്ന പ്രധാന കാരണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പനി പോലെ ആരംഭിക്കുന്ന രോഗം പലരിലും ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഗുരുതരമാകുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. ജലാശയങ്ങൾ മലിനമാകുന്നത് വലിയ ആരോഗ്യ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നു. സംസ്ഥാനത്ത് ദ്രവമാലിന്യ സംസ്കരണം 16ശതമാനം മാത്രമാണുള്ളത്; ബാക്കിയുള്ളത് ശാസ്ത്രീയമല്ലാത്ത രീതിയിൽ ഒഴുക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു.
മലിനജലസമ്പർക്കമുള്ളവർ ഡോക്സിസൈക്ലിൻ പ്രതിരോധഗുളിക കഴിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.











