
ഗോരഖ്‌പൂർ: വിവാഹിതയായ യുവതി ഭർത്താവിന്റെ ജ്യേഷ്ഠന്റെ മകനായ പതിനഞ്ചുകാരനൊപ്പം ഒളിച്ചോടി. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുദിവസത്തിന് ശേഷം യുവതിയേയും കൗമാരക്കാരനെയും കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് സംഭവം. 35 വയസുള്ള യുവതിയാണ് പതിനഞ്ചുകാരനുമായി നാടുവിട്ടത്. ഇരുവരും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
ജനുവരി 26 ഉച്ചയ്ക്കുശേഷമാണ് ഇരുവരെയും കാണാതായത്. രാത്രി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതോടെ ബന്ധുക്കൾ തിരച്ചിൽ തുടങ്ങി. നാണക്കേട് ഭയന്ന് ആദ്യം പൊലീസിനെ സമീപിക്കാതിരുന്ന കുടുംബം പിന്നീട് പി.പി. ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സംഘം ഇരുവരെയും കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്യലിൽ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഒരുമിച്ച് പോയതെന്ന് ഇരുവരും വ്യക്തമാക്കി. ബാലൻ യുവതിയെ വിവാഹം ചെയ്യണമെന്ന നിലപാട് ആവർത്തിച്ചപ്പോൾ, യുവതിയും അതിന് തയ്യാറാണെന്ന് പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സ്റ്റേഷനിൽ നടന്ന കൗൺസിലിംഗും കുടുംബാംഗങ്ങളുടെ ഇടപെടലും തുടർന്ന് സ്ഥിതിഗതികൾ മാറി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ ഇരുവരും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സമ്മതിച്ചു. കുടുംബങ്ങൾ നിയമനടപടികളിലേക്ക് പോകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. ബാലന്റെ പ്രായം പരിഗണിച്ച് പൊലീസ് തുടർനടപടികൾ സൂക്ഷ്മമായി കൈകാര്യം ചെയ്തതായി അധികൃതർ വ്യക്തമാക്കി.











