
തിരുവനന്തപുരം: 33 വർഷം നീണ്ട ലോക്കോ പൈലറ്റ് ജീവിതത്തിന് വിരാമമിട്ട് വേണാട് എക്സ്പ്രസിന്റെ പ്രിയപ്പെട്ട സാരഥി ബി. മനോജ് പടിയിറങ്ങി. വർഷങ്ങളായി തിരുവനന്തപുരം–എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച മനോജിന് യാത്രക്കാർ നൽകിയത് ഹൃദയം നിറഞ്ഞ യാത്രയയപ്പ്. തിരക്കുകൾ മാറ്റിവെച്ച് എറണാകുളം സ്റ്റേഷനിൽ ഒത്തുചേർന്ന യാത്രക്കാർ തങ്ങളുടെ പ്രിയപ്പെട്ട ലോക്കോ പൈലറ്റിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചു.
തിരുവനന്തപുരം നിന്ന് അതിരാവിലെ പുറപ്പെടുന്ന വേണാട് എക്സ്പ്രസ് നൂറുകണക്കിന് ഓഫീസ് ജീവനക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. കൃത്യസമയത്ത് ജോലിസ്ഥലങ്ങളിൽ എത്താൻ ഈ ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് മനോജ് എന്ന ലോക്കോ പൈലറ്റിലുള്ള വിശ്വാസം ചെറുതായിരുന്നില്ല. മനോജ് സാറാണ് ട്രെയിൻ ഓടിക്കുന്നതെങ്കിൽ സമയത്തിന് എറണാകുളത്ത് എത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു സ്ഥിരം യാത്രക്കാർ.
വിശപ്പും ദാഹവും മറന്ന് ട്രാക്കിലെ ഓരോ മാറ്റവും ശ്രദ്ധിച്ച്, അനുവദനീയമായ വേഗപരിധി കൃത്യമായി പാലിച്ചായിരുന്നു മനോജിന്റെ യാത്ര. മറ്റ് കാരണങ്ങളാൽ ട്രെയിൻ വൈകിയാലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ സാധ്യമായ സമയലാഭം കണ്ടെത്തി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഓരോ റെയിൽവേ സെക്ഷനിലും അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധിക്കടുത്ത് കൃത്യമായി ട്രെയിൻ നിയന്ത്രിക്കുന്നതായിരുന്നു മനോജിന്റെ പ്രത്യേകത. ഉദാഹരണത്തിന്, ഒരു സെക്ഷനിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗമാണ് അനുവദനീയമെങ്കിൽ 99 കിലോമീറ്റർ വേഗത്തിൽ കൃത്യമായി ട്രെയിൻ മുന്നോട്ടുകൊണ്ടുപോകും. സിഗ്നലുകൾക്ക് സമീപം വേഗം കുറയ്ക്കുമ്പോഴും ഇതേ കൃത്യത പുലർത്തി. വേണാട്, അമൃത തുടങ്ങിയ ട്രെയിനുകൾക്ക് നിരവധി സ്റ്റോപ്പുകളുള്ളതിനാൽ ഓരോ സ്റ്റേഷനിലും ലഭിക്കുന്ന ഒന്നോ രണ്ടോ മിനിറ്റ് സമയലാഭം പോലും യാത്രയുടെ മൊത്തം സമയക്രമത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇത്തരത്തിൽ വിവിധ സ്റ്റോപ്പുകളിൽ സമയം ലാഭിച്ച് ചില യാത്രകളിൽ 10 മുതൽ 20 മിനിറ്റ് വരെ സമയലാഭം നേടാൻ മനോജിന് കഴിഞ്ഞിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
33 വർഷത്തെ സർവീസിൽ അപകടങ്ങളില്ലാതെ സുരക്ഷിതമായി വിരമിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന്റെയും ഗുരുക്കന്മാരുടെയും സഹപ്രവർത്തകരുടെയും പിന്തുണ നിർണായകമായിരുന്നുവെന്നാണ് മനോജിന്റെ വാക്കുകൾ. സഹലോക്കോ പൈലറ്റുമാരുടെ സഹായവും കൂട്ടായ പ്രവർത്തനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വിനയത്തോടെ പറയുന്നു.
വേണാട് എക്സ്പ്രസിന്റെ സമയനിഷ്ഠയുമായി മനോജിന്റെ പേര് ചേർത്തുവച്ചിരിക്കുകയാണ് സ്ഥിരം യാത്രക്കാർ. വർഷങ്ങളോളം തങ്ങളെ കൃത്യസമയത്ത് ജോലിസ്ഥലങ്ങളിൽ എത്തിച്ച സാരഥിക്ക് നന്ദിയും സ്നേഹവും അറിയിച്ചാണ് അവർ യാത്രയയപ്പ് നൽകിയത്. ഒരു ഔദ്യോഗിക വിരമിക്കലിനപ്പുറം, യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാൾക്കുള്ള ഹൃദയസ്പർശിയായ വിടപറയലായി ആ നിമിഷങ്ങൾ മാറി.










