02:20am 16 July 2026
NEWS
ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം; പുതിയ ശബ്ദരേഖകൾ പുറത്ത്
15/07/2026  09:15 PM IST
nila
ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം; പുതിയ ശബ്ദരേഖകൾ പുറത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നതിനിടെ പുതിയ ശബ്ദരേഖകൾ പുറത്തുവന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട ഇടപാടിൽ സംസ്ഥാന സെക്രട്ടറിയെന്നു പറയപ്പെടുന്ന നേതാവിന് 31 ലക്ഷം രൂപ കമ്മിഷൻ നൽകിയെന്നു സ്ഥാപന പ്രതിനിധി പറയുന്നതായി ആരോപിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.

ഇതിന് മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം റോഡ് ഷോയ്ക്കായി സ്ഥാപിച്ച കട്ടൗട്ടുകളുടെ പേരിൽ വ്യാജബിൽ തയ്യാറാക്കി 16 ലക്ഷം രൂപ തട്ടിയെടുക്കാമെന്ന തരത്തിൽ സംസ്ഥാന സമിതിയംഗത്തിന്റേതെന്നു പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ ഈ ആരോപണങ്ങൾക്ക് കൂടുതൽ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. കേന്ദ്രം സൗജന്യമായി നൽകിയ പാർട്ടി കൊടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിനെ തുടർന്ന് സംസ്ഥാന നേതൃത്വം 1.62 കോടി രൂപ ചെലവഴിച്ച് കൊടികൾ വാങ്ങിയിരുന്നു. ഈ ഇടപാടിലാണ് 31 ലക്ഷം രൂപ മുൻകൂർ കമ്മിഷൻ കൈപ്പറ്റിയതെന്നാണ് ശബ്ദരേഖയിൽ ആരോപിക്കുന്നത്.

ശബ്ദരേഖയിൽ പറയുന്നതിങ്ങനെ: 'അഞ്ജനക്ക് 31 ലക്ഷം രൂപ കൊടുക്കുന്ന സമയത്ത് ഞാൻ പറഞ്ഞല്ലേ... മൊത്തം പണം തന്നിട്ട് കൊടുത്താൽ മതി എന്നല്ല ആദ്യം പറഞ്ഞത്. പിന്നെ കുഴപ്പമില്ല ഇലക്‌ഷൻ കഴിഞ്ഞയുടനെ ബാക്കി 4,65,000 രൂപ മേടിച്ചു തരാം എന്ന് അഞ്ജന പറഞ്ഞ ഉറപ്പിലാണ് ഞാൻ 31 ലക്ഷം രൂപ കൊണ്ടു കൊടുക്കുന്നത്. ആ ഉറപ്പ് പറഞ്ഞിട്ട് ഇപ്പോ ആരും വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. എന്റെ കാര്യം വളരെ ബുദ്ധിമുട്ടിലാണ്. കമ്പനിയിൽ ഞാനിപ്പോ ആകെ പ്രശ്‌നത്തിൽ നിൽക്കുകയാണ്. എനിക്ക് എന്തെങ്കിലും ഉടനെ ചെയ്‌തേ പറ്റൂ. എത്രയും പെട്ടെന്ന് ബാക്കി 4.65 ലക്ഷം രൂപ എനിക്കു തരണം. നിങ്ങൾ പറഞ്ഞതനുസരിച്ച് 31 ലക്ഷം രൂപ ഞാൻ അഞ്ജനയുടെ കൈയിൽ കൊടുത്തിട്ടുണ്ട്. എന്നിട്ടിപ്പോൾ ഇത്രയും ദിവസമായില്ലേ. കമ്പനിയിൽ മറുപടി പറയാൻ കഴിയാതെ ഞാൻ ബുദ്ധിമുട്ടുകയാണ്. കമ്പനി ആകെ നഷ്ടത്തിൽ നിൽക്കുകയാണ്. ആകെപ്പാടെ കിട്ടുന്ന ലാഭം പോലും കിട്ടാതെ കൈനഷ്ടം വന്നിരിക്കുകയാണ്. പൈസ പെട്ടെന്ന് റിലീസ് ചെയ്യാനുള്ള സംവിധാനം ചെയ്തു തരണേ’.

അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നത്. എന്നാൽ പുറത്തുവരുന്ന ശബ്ദരേഖകൾ ആരോപണങ്ങൾ കൂടുതൽ സജീവമാക്കുകയാണ്. മോദിയുടെ റോഡ് ഷോയ്ക്കായി അച്ചടിച്ച കട്ടൗട്ടുകളുടെ പേരിൽ 8,000 കട്ടൗട്ടുകൾക്ക് 16 ലക്ഷം രൂപയുടെ ബിൽ തയ്യാറാക്കി, അതിൽ എട്ട് ലക്ഷം രൂപ മാത്രമാണ് അച്ചടി ചെലവെന്നും ശേഷിക്കുന്ന തുക സ്വന്തമാക്കാമെന്നുമുള്ള സംഭാഷണവും മുമ്പ് പുറത്തുവന്ന ശബ്ദരേഖയിൽ ഉണ്ടായിരുന്നതായി ആരോപണമുണ്ട്.

ഈ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ഒരു ബിജെപി നേതാവ് പരാതി കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്. കൊടികളും കട്ടൗട്ടുകളും നിർമ്മിച്ചതിൽ കമ്മിഷൻ വാങ്ങിയതും, ഹോട്ടൽ മുറികളുടെ ബില്ലിൽ ക്രമക്കേട് നടത്തിയതും, വാഹനവാടകയിൽ കമ്മിഷൻ കൈപ്പറ്റിയതും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രം സൗജന്യമായി നൽകിയ പാർട്ടി കൊടികൾ മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യാൻ പോലും പണം ഈടാക്കിയെന്ന ആരോപണവും പരാതിയിലുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കുശേഷം ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന തരത്തിൽ സംസ്ഥാന അധ്യക്ഷന്റെ പേരിൽ ഒരു അറിയിപ്പ് പുറത്തുവന്നിരുന്നെങ്കിലും, അത് വ്യാജ ലെറ്റർഹെഡിൽ തയ്യാറാക്കിയതാണെന്നും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്. വിദേശ സന്ദർശനം കഴിഞ്ഞ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കോർ കമ്മിറ്റി യോഗം ചേർന്ന് വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുമെന്നാണ് സൂചന.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img