04:10pm 30 April 2026
NEWS
ജിംനേഷ്യവും ബ്യൂട്ടി സലൂണും മറയാക്കി ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി അറസ്റ്റിൽ
24/03/2026  01:04 PM IST
nila
ജിംനേഷ്യവും ബ്യൂട്ടി സലൂണും മറയാക്കി ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി അറസ്റ്റിൽ

തൃശ്ശൂർ: ജിംനേഷ്യവും ബ്യൂട്ടി സലൂണും മറയാക്കി ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പൊലീസിന്റെ പിടിയിലായി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്.  തൃപ്രയാറിലെ വലപ്പാട് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ജിംനേഷ്യത്തിൽ ജോലി ചെയ്തിരുന്ന ഇവർ ഇതിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിയിരുന്നത്. പ്രതിയിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു. കൂടാതെ ലഹരി വിൽപനയിലൂടെ സമ്പാദിച്ചെന്ന് സംശയിക്കുന്ന 90,500 രൂപയും, ചില്ലറ വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന 50 ഓളം ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്നാണ് നടപടി. തീരദേശ മേഖലയിലെ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിൽ ലഹരിയുടെ ഉറവിടമായി ശ്രീലക്ഷ്മിയിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

പോലീസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ സൂക്ഷ്മമായ രീതിയിലാണ് ഇടപാടുകൾ നടന്നിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ലഹരി വിതരണം ചെയ്തിരുന്നത്. യുവതിക്ക് ലഹരിമരുന്ന് എത്തിച്ച വ്യക്തിയെക്കുറിച്ചും പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വലപ്പാട് പൊലീസ് തുടർനടപടികൾ ആരംഭിച്ചതായി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img