
കോഴിക്കോട്: ആത്മീയതയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി സി എച്ച് ഷംസുദ്ദീൻ, മലപ്പുറം പുലാമന്തോൾ സ്വദേശി മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, കോഴിക്കോട് നാദാപുരം വളയം സ്വദേശി പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. തളീക്കര മണിയിലംകണ്ട എ കെ മുഹമ്മദ് ആദിലിന്റെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇവരെ തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ദിവസം കോഴിക്കോട് ദിവ്യ ഗർഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിലായിരുന്നു. സജിൽ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജിൽ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്.
ഒളിവിൽ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗർഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.











