
ദോഹ:റമദാനിന്റെ ഭാഗമായി ഖത്തർ ഔഖാഫ് മന്ത്രാലയം (Ministry of Endowments) ‘ഇഫ്താർ ഫോർ ഫാസ്റ്റേഴ്സ്’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഖത്തറിലെ ഒൻപത് മേഖലകളിലായി റമദാൻ മാസത്തിൽ മൊത്തം 3,60,000-ത്തിലധികം ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്യും.
ഔഖാഫ് ജനറൽ ഡിപ്പാർട്ട്മെന്റിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതി കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം പദ്ധതി ഗുണനിലവാരപരമായ വിപുലീകരണവും പൂർണ്ണ ഡിജിറ്റലൈസേഷനുമോടെയാണ് നടപ്പിലാക്കുന്നത്.ധാർമ്മികതയും പുണ്യപ്രവൃത്തികളും ലക്ഷ്യമിട്ടുള്ള വഖ്ഫ് ഫണ്ടിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉയർന്ന ജനസാന്ദ്രതയുള്ള താമസ മേഖലകളിലും തൊഴിലാളി മേഖലകളിലുമാണ് ഇത്തവണ ഇഫ്താർ ടെന്റുകൾ ഒരുക്കുന്നത്. സാമൂഹിക ഐക്യം, കരുണ, ദാനികളുടെ വഖ്ഫ് നിബന്ധനകൾ പാലിക്കൽ, ആവശ്യക്കാർക്ക് മാന്യമായ മാനവിക സഹായം നൽകൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വിതരണം ചെയ്യുന്ന ഭക്ഷണവിഭവങ്ങൾ അംഗീകൃത ആരോഗ്യ-പോഷക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷിതവും ക്രമബദ്ധവുമായ രീതിയിൽ നോമ്പുതുറ സേവനം ഉറപ്പാക്കുന്നതിനായി ശക്തമായ മേൽനോട്ട സംവിധാനങ്ങളും സമൂഹ പങ്കാളിത്തവും പദ്ധതിയുടെ ഭാഗമാണെന്നും അറിയിച്ചു











