
കൊച്ചി: ദുബായ് ചേംബേഴ്സിന് കീഴിലുള്ള ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ 2026 ൻറെ ആദ്യ പാദത്തിൽ 3,995 പുതിയ ഇന്ത്യൻ കമ്പനികൾ അംഗത്വം നേടിയതായി ഭാരവാഹികൾ അറിയിച്ചു. ഇതോടെ സജീവ അംഗത്വമുള്ള ദുബായിലെ ഇന്ത്യൻ കമ്പനികളുടെ എണ്ണം 84,088 ആയി ഉയർന്നു.ആഗോള വ്യാപാര മേഖല കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിലും ഇന്ത്യൻ കമ്പനികൾ ദുബായിയെ വിശ്വസനീയ ആഗോള വ്യാപാര-നിക്ഷേപ കേന്ദ്രമായി കാണുന്നതിൻറെ തെളിവാണിതെന്നും അവർ വ്യക്തമാക്കി. ബിസിനസ് തുടർച്ച, ആഗോള വികസനം, ദീർഘകാല വളർച്ച എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ദുബായ് ഒരുക്കുന്നത്. ആഗോള പ്രതിസന്ധികളുടെയും മാറ്റങ്ങളുടെയും കാലത്തും സ്ഥിരത, സുരക്ഷ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ നയങ്ങൾ എന്നിവയിലൂടെ ദുബായ് കമ്പനികൾക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ അവസരം സൃഷ്ടിച്ചിട്ടുണ്ടെന്നും നിരവധി പ്രമുഖ ഇന്ത്യൻ വ്യവസായികളും ചൂണ്ടിക്കാട്ടി. ദുബായുടെ ദൂരദർശിയായ ഭരണനയങ്ങളും ശക്തമായ വ്യാപാര അന്തരീക്ഷവും ഇന്ത്യൻ ബിസിനസുകളുടെ ആഗോള വളർച്ചയ്ക്ക് നിർണായകമാണെന്ന് ദുബായ് ചേംബേഴ് സ് പ്രസിഡൻറും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത,ജോയലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ്, ഇന്ത്യൻ ബിസിനസ് ആൻറ് പ്രൊഫഷണൽ കൗൺസിൽ ചെയർമാൻ സിദ്ധാർത്ഥ് ബാലചന്ദ്രൻ,ആപ്പ്കോർപ് ഹോൾഡിംഗ് ചെയർമാനും അപ്പാരൽ ഗ്രൂപ്പ് ഉടമയുമായ നിലേഷ് വേദ് എന്നിവരും അഭിപ്രായപ്പെട്ടു.
Photo Courtesy - Google








