
കർഷകരുടെ ആത്മഹത്യ കർണാടകത്തിൽ വലിയൊരു സമസ്യയായി തുടരുകയാണ്. ബംഗളുരു പോലുള്ള പ്രധാന നഗരങ്ങൾ മാറ്റിനിർത്തിയാൽ കാർഷിക മേഖലയ്ക്ക് സംസ്ഥാനത്ത് വളരെയേറെ പ്രാധാന്യമുണ്ട്. കൃഷി കൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ ലക്ഷക്കണക്കിനാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം, കൊടും വരൾച്ച, കടബാധ്യത, സാമ്പത്തിക പരാധീനത, കൃഷിയുത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവ കർഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു. ഗവണ്മെന്റിന്റെ ഇടപെടലും സാമ്പത്തിക സഹായവും പ്രശ്നത്തിന്റെ തീവ്രത കുറക്കുന്നില്ല. 2023 മെയിലാണ് കർഷക പശ്ചാത്ത ലവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുമുള്ള സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഗവണ്മെന്റ് അധികാരത്തിൽ വന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിട്ട് മൂന്നുവർഷമാകുന്നു. എന്നിട്ടും കാർഷികമേഖലയിലെ ഗുരുതരമായ സാഹചര്യത്തിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇക്കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 2809 ആണ്. ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡിന്റെ ചോദ്യത്തിന് ഉത്തരമായി കൃഷിമന്ത്രി ചെലുവരായ സ്വാമിയാണ് നിയമസഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 2023-24 ൽ 1254,2024-25 ൽ 1178, 2025- 26 ൽ ഇതേവരെ 377 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത കർഷകരുടെ വർഷം തിരിച്ചുള്ള എണ്ണം. ദിനംപ്രതി ശരാശരി നാല് കർഷകർ ആത്മഹത്യ ചെയ്യുന്നു എന്നത് നടുക്കമുളവാക്കുന്ന കാര്യമാണ്. കൃഷിനാശം, സാമ്പത്തികബുദ്ധിമുട്ട് എന്നിവയാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ പ്രധാന കാരണങ്ങൾ. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവണ്മെന്റ് പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടെങ്കിലും സ്ഥിതിഗതിയിൽ കാര്യമായ മാറ്റമുണ്ടാകുന്നില്ല. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന് ഗവണ്മെന്റ് കൃത്യമായി ധനസഹായം ചെയ്യുന്നുണ്ടെന്ന് മന്ത്രി ചെലുവരായ സ്വാമി വ്യക്തമാക്കി. മുൻകാലങ്ങളെ അപേക്ഷിച്ച് കർഷകർക്ക് ആത്മഹത്യാപ്രവണത കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കർഷകരുടെ ആത്മഹത്യാനിരക്കിൽ രാജ്യത്ത് കർണാടകം രണ്ടാംസ്ഥാനത്താണ്.
Photo Courtesy - Google











