11:14am 13 November 2026
NEWS
​ക്യാമറ നിരീക്ഷണ വലയത്തിന് പുറത്ത് 28 പോലീസ് സ്റ്റേഷനുകൾ; കസ്റ്റഡി മർദ്ദന വിവാദങ്ങൾക്കിടയിലും സുപ്രീംകോടതി നിർദ്ദേശം പാതിവഴിയിൽ
18/10/2025  08:27 AM IST
സുരേഷ് വണ്ടന്നൂർ
​ക്യാമറ നിരീക്ഷണ വലയത്തിന് പുറത്ത് 28 പോലീസ് സ്റ്റേഷനുകൾ; കസ്റ്റഡി മർദ്ദന വിവാദങ്ങൾക്കിടയിലും സുപ്രീംകോടതി നിർദ്ദേശം പാതിവഴിയിൽ

​തിരുവനന്തപുരം: കസ്റ്റഡി മർദ്ദനമടക്കമുള്ള ഗുരുതര സംഭവങ്ങൾ രാജ്യമെങ്ങും ചർച്ചയാകുമ്പോഴും സംസ്ഥാനത്ത് 28 പോലീസ് സ്റ്റേഷനുകൾ ഇപ്പോഴും സി.സി.ടി.വി നിരീക്ഷണമില്ലാതെ പ്രവർത്തിക്കുന്നു. സുപ്രീംകോടതിയുടെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും ക്യാമറ സ്ഥാപിക്കാത്ത സ്റ്റേഷനുകളുടെ എണ്ണമാണിത്.
​സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 518 പോലീസ് സ്റ്റേഷനുകളിലാണ് ഇതുവരെ ക്യാമറകൾ സ്ഥാപിച്ചത്. രണ്ടിടത്ത് വർക്ക് ഓർഡർ നൽകിയെങ്കിലും പണി പൂർത്തിയായിട്ടില്ല. ഇതോടെ, ബാക്കിയുള്ള 28 സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇതിനായി പോലീസ് കമ്യൂണിക്കേഷൻസ് ആൻഡ് ടെക്‌നോളജി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

​വിവരം രഹസ്യം

​ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും, ഏതെല്ലാം സ്റ്റേഷനുകളാണ് നിരീക്ഷണത്തിന് പുറത്തുള്ളതെന്ന വിവരം സുരക്ഷാ കാരണങ്ങളാൽ തത്കാലം നൽകാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.
​കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി പോലീസ് മർദ്ദിച്ചത് വിവാദമായതിന് പിന്നാലെയാണ് 28 സ്റ്റേഷനുകളിൽ കാമറ ഇല്ലാത്ത വിവരവും പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്. സ്റ്റേഷനുകളിൽ സുപ്രീംകോടതി നിഷ്‌കർഷിച്ചിട്ടുള്ള നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്നും വിവരാവകാശ മറുപടിയിലുണ്ട്.

​ഡാറ്റ ബാക്കപ്പ് 18 മാസം മാത്രം

​പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളിലെ ഡാറ്റകൾക്ക് 18 മാസത്തെ ബാക്കപ്പേ ലഭിക്കൂ എന്നും മറുപടിയിൽ പറയുന്നു. അതുകഴിഞ്ഞുള്ള ദൃശ്യങ്ങൾ ലഭിക്കില്ല.

​നിരീക്ഷണത്തിന് സമിതി

​പോലീസ് സ്റ്റേഷനുകളിലെ ക്യാമറകൾ നിരീക്ഷിക്കുന്നതിനായി ജില്ലാതല മേൽനോട്ട സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. ടെലികമ്മ്യൂണിക്കേഷൻ എസ്.പിയാണ് ഈ സമിതിയുടെ നോഡൽ ഓഫീസർ. മർദ്ദനം പോലുള്ള അസ്വാഭാവിക ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഓഫീസർക്ക് വിവരം കൈമാറണമെന്നാണ് സമിതിക്കുള്ള നിർദ്ദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img