08:55am 08 August 2026
NEWS
കനത്ത മഴയിൽ 28 മരണം; 41,773 പേർ ക്യാംപുകളിൽ; 8 ജില്ലകളിൽ ഇന്ന് അവധി
08/08/2026  06:26 AM IST
nila
കനത്ത മഴയിൽ 28 മരണം; 41,773 പേർ ക്യാംപുകളിൽ; 8 ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലായി 28 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തു. മഴയും വെള്ളപ്പൊക്കവും ശക്തമായതോടെ 41,773 പേരെ 440 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് മന്ത്രി എ.പി. അനിൽകുമാർ കലക്ടർമാരോട് ആവശ്യപ്പെട്ടു.

8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

10 ജില്ലകളിൽ യെലോ അലർട്ട്

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കും നദീതീരങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിൽ ആയിരങ്ങൾ

പത്തനംതിട്ടയിൽ 133, ആലപ്പുഴയിൽ 127, കോട്ടയത്ത് 139, ഇടുക്കിയിൽ 17, എറണാകുളത്ത് ഒന്ന്, തൃശൂരിൽ അഞ്ച്, മലപ്പുറത്ത് അഞ്ച്, കോഴിക്കോട്ട് അഞ്ച്, വയനാട്ടിൽ നാല്, കണ്ണൂരിൽ രണ്ട്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം.

കൃഷിനാശം 99.29 കോടി

മഴയും വെള്ളപ്പൊക്കവും 36,829 കർഷകരെ ബാധിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 3,264 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചു. ഇതുവരെ കണക്കാക്കിയ വിളനാശം 99.29 കോടി രൂപയാണ്. മഴക്കെടുതിയിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിനോട് 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സർക്കാർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img