
ഗാസയിൽ ഭക്ഷണവിതരണകേന്ദ്രത്തിലെത്തിയ പലസ്തീനികൾക്കു നേരേ വീണ്ടും വെടിവെയ്പ്പ്. ഇസ്രയേൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 27 പേർ കൊല്ലപ്പെട്ടു. 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് സാധാരണ ജനങ്ങൾക്കുനേരേ ഇസ്രയേൽ സൈന്യം വെടിവെയ്പ്പ് നടത്തിയത്.
ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) ഭ7ണവിതരണ കേന്ദ്രത്തിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. ഭക്ഷണം വാങ്ങാനെത്തിയവരാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരും. അതേസമയം, നിർദേശിച്ച വഴിയിൽനിന്ന് മാറി സൈന്യത്തിനുനേരേ നീങ്ങിയവർക്കുനേരെയാണ്സം വെടിയുതിർത്തത് എന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. മുന്നറിയിപ്പുവെടി ഇവർ അവഗണിച്ചെന്നും ആരോപിച്ചു. സംഭവത്തെ യുഎൻ മാനുഷികകാര്യവിഭാഗം അപലപിച്ചു. എന്നാൽ, വിതരണകേന്ദ്രത്തിനടുത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫ് പറയുന്നത്.
ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. “ഒന്നുകിൽ പട്ടിണിയാൽ അല്ലെങ്കിൽ വെടിവെപ്പിൽ, എങ്ങനെയായാലും മരണം ഉറപ്പാണെ’’ന്ന്, ഭക്ഷണം വാങ്ങാൻ ഖാൻ യൂനിസിൽനിന്നെത്തിയ നെയ്‌മ അൽ അരാജ് പറഞ്ഞു. കഷ്ടപ്പെട്ട് കിലോമീറ്ററുകൾ താണ്ടി നെയ്‌മ കേന്ദ്രത്തിലെത്തിയപ്പോഴേക്കും ഭക്ഷണം തീർന്നിരുന്നു. വെടിവെപ്പുണ്ടായതിനാൽ അവർക്ക് തിരികെ പോകാനുമായില്ല.
ഞായറാഴ്ച റാഫയിലെ ഭക്ഷണവിതരണകേന്ദ്രത്തിന് സമീപം ഇസ്രയേൽസൈന്യം നടത്തിയ വെടിവെപ്പിൽ 34 പേർ മരിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഭക്ഷണം വാങ്ങാനെത്തിയവരെ ഇസ്രയേൽ കൊന്നുതള്ളിയത്.











