
26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് പ്രഭാവർമ ഉദ്ഘാടനം ചെയ്യുന്നു. സ്നേഹ സബ്നിസ്, ടീ ആർ സദാനന്ദ ഭട്ട്,മാധവ് ബോർക്കർ, അനിൽ എച്ച് സാവന്ത്,ആനന്ദ് ജി കമ്മത്ത്,ചേതൻ ആചാര്യ എന്നിവർ സമീപം
കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം തുടങ്ങി. എറണാകുളം കലൂർ എ ജെ ഹാളിൽ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് പ്രഭാവർമ അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം ഉത്ഘാടനം ചെയ്തു. ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് ഓഫ് ഒഫീഷ്യൽ ലാംഗ്വേജസ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ എച്ച് സാവന്ത് മുഖ്യപ്രഭാഷണം നടത്തി.'വ്യത്യസ്ത ഭാഷകളിൽ എഴുതിയാലും ഇന്ത്യൻ സാഹിത്യം ഒന്നാണ്' എന്ന് പറഞ്ഞ ഡോ. എസ്. രാധാകൃഷ്ണന്റെ മഹത്തായ വാചകം ഈ സമ്മേളനം വീണ്ടും തന്നെ ഓർമ്മിപ്പിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് ഉൽഘാടകൻ പ്രഭാവർമ തന്റെ പ്രസംഗം ആരംഭിച്ചത്. സമകാലിക സാഹിത്യ സാഹചര്യത്തിലും ഈ വാക്കുകൾ കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിന്റെ വലിപ്പം പരിഗണിക്കാതെ തന്നെ, സംഗീതം പോലെ തന്നെ മൃദുലമായ ഭാഷയാണ് കൊങ്കണി.ചുരുക്കത്തിൽ നിങ്ങൾ കൊങ്കണിയിൽ എഴുതുമ്പോൾ ഇന്ത്യയുടെ സാഹിത്യത്തെ കൂടുതൽ സമ്പന്നമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടേത് വൈവിധ്യങ്ങളുടെ നാടാണ്, ഈ വൈവിധ്യത്തിന്റെ നിലനിൽപ്പ് നമ്മുടെഒത്തൊരുമയ്ക്ക് നിർണായകമാണ്. സാംസ്കാരിക കൈമാറ്റം ഉറപ്പാക്കുന്നതിലൂടെ വിവർത്തനം ഒരു നിർണായകമായ രാഷ്ട്രീയ ലക്ഷ്യം ഏറ്റെടുക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ഒത്തൊരുമയെയും വൈവിധ്യത്തെയും ആഘോഷിക്കുകയാണെന്നും പ്രഭാവർമ ചൂണ്ടികാട്ടി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 700 പ്രതിനിധികൾ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തു. കൊങ്കണി സാഹിത്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനവധി എഴുത്തുകാർ സമ്മേളത്തിന്റെ ഭാഗമായി. കൊങ്കണി ഭാഷയിലെ പതിനാറ് പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഓൾ ഇന്ത്യ കൊങ്കണി പരിഷത്ത് വർക്കിങ് പ്രസിഡന്റ് ചേതൻ ആചാര്യ, സെക്രട്ടറി സ്നേഹ സബ്നിസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സദാനന്ദ് ഭട്ട്, ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ആനന്ദ് ജി കമ്മത്ത്,ട്രഷറർ ഹെൻറി മെൻഡോൺസഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം കേരള ഹൈ കോർട്ട് ജസ്റ്റീസ് നഗരേഷ് ഉത്ഘാടനം ചെയ്യും. സാഹിത്യകാരൻ ജയന്ത് കൈക്കിണി മുഖ്യാതിഥി ആയിരിക്കും
Photo Courtesy - Google







