02:48pm 25 June 2026
NEWS
പട്ടിണിയുടെ ഹോട്ട്‌സ്‌പോട്ട്; 26.60 കോടി ജനങ്ങൾ കൊടുംപട്ടിണിയിൽ
25/06/2026  01:28 PM IST
ചവറ സുരേന്ദ്രൻപിള്ള
പട്ടിണിയുടെ ഹോട്ട്‌സ്‌പോട്ട്; 26.60 കോടി ജനങ്ങൾ കൊടുംപട്ടിണിയിൽ

വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനിൽക്കില്ല. വിശക്കുന്നവനു മുന്നിൽ യുക്തിയും മതവും പ്രാർഥനയും ഒന്നും വിലപ്പോകുകയില്ലെന്ന് പ്രശസ്ത റോമൻ ചിന്തകൻ സെനേക്ക പറഞ്ഞിട്ടുണ്ട്.  ദാരിദ്ര്യത്തിന്റെ ഉറവിടം തന്നെ വിശപ്പാണ്. അതു തന്നെയാണ് മുഖ്യകാരണവും. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഭീകരത ഇന്ന് ലോകമെമ്പാടും വർധിച്ചു വരികയാണ്. 2026 നവംബറോടെ സ്ഥിതി വളരെ കൂടുതൽ മോശമാകുമെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ലോകം വളരെയധികം പുരോഗമിച്ചെങ്കിലും കോടിക്കണക്കിന് ജനങ്ങൾ ഇന്നും കൊടും പട്ടിണിയിലാണെന്ന സത്യം മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നു. ലോകത്തെവിടെയായാലും ജീവൻ നിലനിറുന്നാൻ വായുവും ജലവും എന്ന പോലെ ഭക്ഷണവും അത്യന്താപേക്ഷിതമാണ്.        
                            
ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ് എ ഒ), വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു എഫ് പി) എന്നീ ഏജൻസികൾ 2026 ജൂൺ 18ന് സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിൽ 13 രാജ്യങ്ങളിൽ  പട്ടിണി അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ലോകത്ത് 26.60 കോടി ജനങ്ങൾ ഇപ്പോൾ തന്നെ കൊടും പട്ടിണിയിലാണ്. ഈ വർഷാവസാനത്തോടെ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് ഭക്ഷ്യ ഏജൻസികളുടെ മുന്നറിയിപ്പ്.         
                       
അതിരൂക്ഷമായ പട്ടിണി അനുഭവപ്പെടുന്നത് മുഖ്യമായും ആറ് രാജ്യങ്ങളിലാണ്. സുഡാൻ, സൗത്ത് സുഡാൻ, യെമൻ, ഗാസ, നൈജീരിയ, സൊമാലിയ എന്നിവയാണവ. രൂക്ഷമായ പട്ടിണിയുള്ള രാജ്യങ്ങൾ ഏഴെണ്ണമാണ്. അഫ്ഗാനിസ്ഥാൻ, കോംഗോ, മ്യാൻമർ, ഹെയ്റ്റി, മാലി, ലബനൻ, മഡഗാസ്‌കർ എന്നിവ. മറ്റ് പട്ടിണിപ്രദേശങ്ങൾ ബുർക്കിനഫാസോ, ചാഡ്, കെനിയ, ബംഗ്ലാദേശിലെ രോഹിംഗ്യൻ അഭയാർഥി പ്രദേശങ്ങൾ എന്നിവയാണ്. സുഡാനിലെ 14 പ്രദേശങ്ങൾ ക്ഷാമഭീഷണി നേരിടുന്നു. വടക്കു കിഴക്കൻ ആഫ്രിക്കയിലാണ് സുഡാൻ സ്ഥിതി ചെയ്യുന്നത്. 24.6 ദശലക്ഷം ആളുകൾ സുഡാനിൽ കടുത്ത പട്ടിണിയിലാണ്. സൗത്ത് സുഡാനിലെ 7.8 ദശലക്ഷം ആളുകൾ രൂക്ഷമായ പട്ടിണിയിലാണ്. അവിടത്തെ ജനസംഖ്യയുടെ 63 ശതമാനം പേരാണ് പട്ടിണിയിൽ. ജീവൻ രക്ഷിക്കുന്നതിനും സുഡാനിലെ ആളുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനും ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം അഭ്യർഥിച്ചിട്ടുണ്ട്. സംഘർഷവും സ്ഥാനചലനവും സാമ്പത്തിക ആഘാതങ്ങളും കാലാവസ്ഥാതീവ്രതകളുമാണ് സുഡാനിലെ വിശപ്പിന്റെ കാരണങ്ങൾ. കെവിൻ കാർട്ടറുടെ പ്രശസ്തമായ സുഡാനി പെൺകുട്ടിയുടെയും കഴുകന്റെയും ചിത്രം ഇന്നും വേദനയോടെ മാത്രമേ കാണാനാകൂ. 
                  
സംഘർഷം, കുടിയിറക്കം, വിട്ടുമാറാത്ത ദാരിദ്യം, ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഒന്നിലധികം ഘടകങ്ങളിൽ നിന്നാണ് ക്ഷാമവും പട്ടിണിയും ഉണ്ടാകുന്നത്. 2024 ആഗസ്റ്റിൽ സുഡാനിലെ ഡാർഫർ മേഖലയിൽ ക്ഷാമം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 2023 ഏപ്രിൽ മുതൽ സുഡാനിലെ ജനങ്ങൾ ഭീകരമായ അക്രമങ്ങൾ സഹിച്ചു വരികയാണ്. സുഡാനിലും അതിർത്തിക്ക് അപ്പുറത്തും 10 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ട്.      
                                   
യമനിൽ 18.1 ദശലക്ഷം ആളുകൾ പട്ടിണിയിലാണ്. 5 വയസ്സിനു താഴെയുള്ള 2.7 ദശലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 1.3 ദശലക്ഷത്തിലധികം ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. നൈജീരിയയിൽ 30.6 ദശലക്ഷം പേരും സൊമാലിയായിൽ 4.4 ദശലക്ഷം പേരും അതിരൂക്ഷമായ പട്ടിണി നേരിടുന്നവരാണ്.                                                 
അഫ്ഗാനിസ്ഥാനിൽ 14.2 ദശലക്ഷം ആളുകൾ രൂക്ഷമായ പട്ടിണിയിലാണ്. കോംഗോയിൽ 27.7 ദശലക്ഷം പേരും മ്യാൻമറിൽ 16.7 ദശലക്ഷം പേരും ഹെയ്റ്റിയിൽ 5.9 ദശലക്ഷം പേരും മാലിയിൽ 1.5 ദശലക്ഷം പേരും രൂക്ഷമായ പട്ടിണിയിലാണ്. 2025 ലെ ആഗോള വിശപ്പ് സൂചിക പ്രകാരം 127 രാജ്യങ്ങളിൽ ഇന്ത്യ 105-ാം സ്ഥാനത്താണ്.      
                                     
യുദ്ധം, അക്രമസംഭവങ്ങൾ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ, കിഴക്കൻ കോംഗോയിലെ എബോള വ്യാപനം, സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയവയാണ് പട്ടിണിയുടെ പ്രധാന കാരണങ്ങൾ. സായുധ പോരാട്ടങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതാരാക്കുകയും ചെയ്യുന്നു. ഇതുമൂലം കൃഷിയും ഭക്ഷ്യവിതരണവും തടസ്സപ്പെടുന്നു. കടുത്ത വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാദുരന്തങ്ങൾ കാർഷിക വിളകളെയും ജീവനോപാധികളെയും നശിപ്പിക്കുന്നു. ദാരിദ്ര്യംമൂലം ആളുകൾക്ക് പോഷകാഹാരമുള്ള ഭക്ഷണം വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതാകുന്നു. ഇവയൊക്കെയാണ് ലോകരാജ്യങ്ങളിലെ പട്ടിണിയുടെ മുഖ്യകാരണങ്ങൾ. 

എല്ലാവർക്കും ഭക്ഷണം നൽകാൻ ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഒരു ലോകത്ത് 783 ദശലക്ഷം ആളുകൾ അതായത് ലോക ജനസംഖ്യയുടെ പത്തിലൊരാൾ ഇപ്പോഴും എല്ലാ രാത്രിയിലും വിശന്ന് ഉറങ്ങാൻ പോകുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥയിലാകട്ടെ 372 ദശലക്ഷം പേരും!    പട്ടിണി പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിങ്ങിൽ 2022 മുതൽ 59 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സംഘടനയാണ് ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പരിപാടി . അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിലും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയിലേക്കുള്ള പാതകൾ നിർമിക്കുന്നതിന് ഭക്ഷ്യസഹായം ഉപയോഗിക്കുന്നതിലും സംഘടന ശ്രദ്ധകേന്ദ്രീകരിക്കുന്നു. അപകട സാധ്യത നേരിടുന്ന 22 രാജ്യങ്ങളിലെ 8.8 ദശലക്ഷം ആളുകളെ സംരക്ഷിക്കുന്നതിനായി 202 മില്യൺ ഡോളർ ആവശ്യപ്പെട്ട് വേൾഡ് ഫുഡ് പ്രോഗ്രാമും ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും സംയുക്തമായി അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ട്.                                                   

സുഡാനിലെ പെൺകുട്ടിയും കെവിൻ കാർട്ടറും   

ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ പകർത്തിയ കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫറെ ലോക പ്രശസ്തനാക്കിയതും, അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതും സുഡാനിലെ പെൺകുട്ടിയുടെ ഒരൊറ്റ ഫോട്ടോയാണ്. ജീവൻ നിലനിറുത്താൻ പൊരുതുന്ന കുഞ്ഞിന്റെയും മൃതപ്രായയായിത്തീർന്ന ആ കുഞ്ഞിന്റെ അന്ത്യ നിമിഷത്തിനായി കാത്തിരിക്കുന്ന കഴുകന്റെയും ചിത്രം.   
           
ആഭ്യന്തരയുദ്ധം മൂലം ജനം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലേക്കു ഭക്ഷണമെത്തിക്കുന്നതിനു പോയ യു.എൻ സംഘത്തോടൊപ്പമുള്ള ഫോട്ടോ ജേർണലിസ്റ്റുകളായിരുന്നു കെവിൻ കാർട്ടറും ജോവ സിൽവയും. ഗറില്ലാ പോരാളികളുടെ ഫോട്ടോ എടുക്കാനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണ വിതരണ ക്യാമ്പിലേക്ക് ഓടിയെത്തിയ പട്ടിണിക്കോലങ്ങളുടെ ചിത്രമെടുക്കുകയായിരുന്നു. അതിനുശേഷം ക്യാമ്പിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഒരു കരച്ചിൽ കേട്ടു. ആ ഭാഗത്തേക്ക് ചെന്ന കെവിൻ കണ്ടത്, കൊടും വെയിലത്ത് തലകുമ്പിട്ടു കൂനിക്കൂടി നിലത്തിരിക്കുന്ന ഒരു പെൺകുട്ടിയെയാണ്. ശരീരത്തിലെ എല്ലുകൾ പുറത്തേക്ക് ഉന്തി നിന്നിരുന്നു. എഴുന്നേറ്റു നിൽക്കാൻ പോലും ശക്തിയില്ലാത്ത ആ കുഞ്ഞ് ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് നിരങ്ങി നീങ്ങുമ്പോൾ കുട്ടിയുടെ പിറകിൽ ഒരു ശവംതീനി കഴുകൻ പറന്നിറങ്ങി. ജീവൻ നിലനിറുത്താൻ ഇഴയുന്ന കുഞ്ഞിന്റെയും, കുഞ്ഞിന്റെ ജീവനെടുക്കാൻ കാത്തിരിക്കുന്ന കഴുകന്റെയും ചിത്രം കെവിൻ ഒറ്റ ഫ്രെയിമിൽ പകർത്തി. കഴുകനെ അദ്ദേഹം ആട്ടിപ്പായിച്ചു. ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ കെവിൻ 1993 മാർച്ച് 26 ന് 'ന്യൂയോർക്ക് ടൈംസിൽ' ആ ചിത്രം പ്രസിദ്ധീകരിച്ചു. എന്നാൽ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന ഫോട്ടോഗ്രാഫർക്കെതിരെ ലോകവ്യാപകമായി  വൻ പ്രതിഷധമുയർന്നു. മരണത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കാതെ ചിത്രമെടുത്ത കെവിനെതിരെ ഉയർന്ന വിമർശനങ്ങളിലും കുറ്റബോധത്തിലും മനംനൊന്ത് കെവിൻ ആത്മഹത്യ ചെയ്തു. 

1994 ഏപ്രിൽ 12 ന് അമേരിക്കൻ പുരസ്‌ക്കാരമായ 'പുലിറ്റ്‌സർ പ്രൈസ്' സുഡാനിലെ പെൺകുട്ടി എന്ന ചിത്രത്തിനു ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img