05:00pm 09 November 2026
NEWS
250 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ഫാംഫെഡ് മേധാവികൾ അറസ്റ്റിൽ


26/05/2025  09:23 AM IST
സുരേഷ് വണ്ടന്നൂർ
250 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ഫാംഫെഡ് മേധാവികൾ അറസ്റ്റിൽ

കേരളത്തെ ഞെട്ടിച്ച് 250 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാംഫെഡ് (സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻപിള്ള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കവടിയാർ സ്വദേശിനിയിൽ നിന്ന് 24.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. എന്നാൽ, ഇവർ പലരിൽ നിന്നായി 250 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. കൂടുതൽ പരാതികൾ ലഭിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
പലിശ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി
ഒരു ലക്ഷം രൂപയ്ക്ക് മാസം 12.5% പലിശ വാഗ്ദാനം ചെയ്താണ് ഫാംഫെഡ് നിക്ഷേപകരെ ആകർഷിച്ചത്. എന്നാൽ, പിന്നീട് നിക്ഷേപകർക്ക് പണമോ പലിശയോ ലഭിക്കാതെ വരികയായിരുന്നു. 16 വർഷമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാംഫെഡിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 16 ശാഖകളുണ്ട്.
ഓൺലൈൻ മാധ്യമ സ്ഥാപനവും സാറ്റലൈറ്റ് ചാനൽ പദ്ധതിയും
നിക്ഷേപകരുടെ പണം ഉപയോഗിച്ച് ഫാംഫെഡ് മേധാവികൾ ഒരു ഓൺലൈൻ മാധ്യമ സ്ഥാപനം ആരംഭിക്കുകയും സാറ്റലൈറ്റ് ചാനൽ തുടങ്ങുന്നതിനായി 49 കോടിയോളം രൂപ മുടക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദേശീയപാത 66-ന് ഭൂമി വിട്ടുനൽകി പണം ലഭിച്ച തൃശൂരിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി ആളുകളിൽ നിന്നും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
പ്രതികളായ മറ്റ് ബോർഡ് അംഗങ്ങൾ
കമ്പനിയുടെ ബോർഡ് അംഗങ്ങളായ ധന്യ, ഷൈനി, പ്രിൻസി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

പരാതിയുമായി നിക്ഷേപകർ:

ശാസ്തമംഗലം ബ്രാഞ്ചിൽ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടർന്ന് കവടിയാർ സ്വദേശിനി എമിൽഡ നൽകിയ പരാതിയാണ് ഈ വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. കൂടുതൽ നിക്ഷേപകർ പരാതികളുമായി രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img