
വടക്കഞ്ചേരി: വൻ തോതിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവും യുവതിയും വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി സ്വദേശി ഷാഹുൽ സുനീർ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 45.253 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് രണ്ട് ട്രാവൽ ബസുകളിലായി എത്തിയ പ്രതികൾ, തുടർന്ന് ഒരുമിച്ച് മറ്റൊരു ബസിൽ യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഷാഹുൽ സുനീറിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് 24.089 ഗ്രാം എംഡിഎംഎയും എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്ന് 21.164 ഗ്രാം എംഡിഎംഎയും കണ്ടെത്തി.
ബെംഗളൂരുവിൽ നിന്നാണ് ലഹരിവസ്തു വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചതായി വിവരം. അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.











