05:11am 28 October 2026
NEWS
സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ്: ഒരു വിലയിരുത്തൽ
16/04/2025  11:33 AM IST
ചെറുകര സണ്ണീലൂക്കോസ്
സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ്: ഒരു വിലയിരുത്തൽ
HIGHLIGHTS

സി.പി.എമ്മിന്റെ സ്വയംവിമർശനം 

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. മാർക്സിസം- ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്ത്രവുമാണ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും വഴികാട്ടുന്നത് എന്നും പാർട്ടി അവകാശപ്പെട്ടിരുന്നു.

പാർട്ടിയുടെ ഏറ്റവും ഉയർന്ന സംഘടനാ സംവിധാനമാണ് പാർട്ടി കോൺഗ്രസ്. മൂന്നുകൊല്ലത്തിലൊരിക്കൽ പാർട്ടി കേന്ദ്രകമ്മിറ്റി വിളിച്ചുകൂട്ടുന്ന പാർട്ടി കോൺഗ്രസിന്റെ പ്രധാന ചുമതലകൾ കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ രാഷ്ട്രീയ- സംഘടനാ റിപ്പോർട്ടുകൾ ചർച്ച ചെയ്ത് വേണ്ട നടപടികൾ എടുക്കുക, സമകാലിക പരിതസ്ഥിതിയിൽ പാർട്ടിയുടെ നയം നിർണ്ണയിക്കുക തുടങ്ങിയവയാണ്. പാർട്ടി കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതും പാർട്ടി കോൺഗ്രസ്സാണ്. രണ്ട് പാർട്ടി കോൺഗ്രസുകൾക്കിടയിലുള്ള കാലയളവിൽ കേന്ദ്രകമ്മിറ്റിക്കായിരിക്കും പാർട്ടിയിൽ പരമാധികാരം.
1943 ൽ ബോംബെയിലായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്. 1956 ൽ പാലക്കാട് നടന്ന നാലാം പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് പാർട്ടിയോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രൂക്ഷമായി. അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കഴിയാത്തതിനാൽ 1964 വരെ പരിപാടിയില്ലാതെയാണ് അവിഭക്ത സി.പി.ഐ പ്രവർത്തിച്ചത്.

ഇതിനിടെ ജനകീയ രാഷ്ട്രീയവുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് 1957 ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിൽ ഭരണത്തിലെത്താൻ സി.പി.ഐക്ക് സാധിച്ചത്. ഏഴാം പാർട്ടി കോൺഗ്രസിന് മുമ്പുള്ള കാലയളവിൽ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കണം എന്ന ആശയം മുന്നോട്ടുവെച്ചു. ഇത് വർഗ്ഗ സഹകരണത്തിന്റെ റിവഷനിസ്റ്റ് ആശയമാണെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും മറുപക്ഷം നിലപാട് എടുത്തു. ഇതായിരുന്നു പാർട്ടിയിൽ പിളർപ്പിനിടയാക്കിയ പ്രധാനപ്പെട്ട കാരണം. ഏഴാം പാർട്ടി കോൺഗ്രസ് റിവഷനിസ്റ്റ് സമീപനത്തിനെതിരായ നയമാണ് മുന്നോട്ടുവച്ചത്. എങ്കിലും പാർട്ടിയിലെ ഡാങ്കെ വിഭാഗം നിലപാടുകളിൽ ഉറച്ചുനിന്നു.
1964 ഏപ്രിൽ 11 ന് ദേശീയ കൗൺസിൽ യോഗം ചേർന്നപ്പോൾ ഡാങ്കേയും കൂട്ടരും കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് തുടരുന്നത് എന്നാരോപിച്ച് 32 ദേശീയ കൗൺസിൽ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു. അതിൽ ഏഴുപേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. ദേശീയ കൗൺസിൽ ബഹിഷ്ക്കരിച്ച 32 പേരും എ.കെ.ജിയുടെ വസതിയിൽ ഒത്തുകൂടി. ഇവരെ 1964 ഏപ്രിൽ 15 ന് സി.പി.ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവർ രാജ്യത്തുടനീളം സഞ്ചരിച്ചു പാർട്ടി സംഘടിപ്പിച്ചു.

1964 ഒക്ടോബർ 31 മുതൽ നവംബർ 17 വരെ തെക്കൻ കൽക്കട്ടയിലെ ത്യാഗരാജ ഹാളിൽ റിവഷനിസ്റ്റ് വിരുദ്ധരായവരുടെ ഏഴാം പാർട്ടി കോൺഗ്രസ് നടന്നു. പുതിയ പാർട്ടി പരിപാടി അംഗീകരിച്ചു. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.പി.ഐ(എം) രൂപീകരണത്തിനുശേഷമുള്ള പാർട്ടി കോൺഗ്രസ് 1968 ഡിസംബർ 23 മുതൽ 29 വരെ കൊച്ചിയിലാണ് നടന്നത്. എട്ടാം പാർട്ടി കോൺഗ്രസ് ആയിരുന്നു അത്, ഐക്യകേരളത്തിൽ നടന്ന ആദ്യത്തെ ഈ പാർട്ടി കോൺഗ്രസിൽ ബി.ടി രണദിവേ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാറിപ്പോർട്ടിൽ മാർക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവുമനുസരിച്ച് പോകുക എന്നതായിരിക്കും സി.പി.ഐ(എം)ന്റെ നിലപാട് എന്ന് ഊന്നിപ്പറയുകയുണ്ടായി.

പിന്നീട് പതിനഞ്ച് പാർട്ടി കോൺഗ്രസുകൾ കൂടി കഴിഞ്ഞപ്പോൾ സി.പി.ഐ(എം) അടിമുടി മാറി. പാർട്ടിയുടെ ലക്ഷ്യവും പരിപാടിയും മാറി. ഫെഡറലിസമെന്ന ദുഷ്പ്രവണത പാർട്ടിയെ വിഴുങ്ങി. സംസ്ഥാനങ്ങളിൽ ലഭിക്കുന്ന രാഷ്ട്രീയാധികാരം സമൂഹത്തിലെ അധഃസ്ഥിതർ പാർശ്വവൽകൃതർ, ദലിതർ ആദിവാസികൾ തുടങ്ങിയ അടിത്തട്ടിലുള്ളവരുടെ ജീവിത പ്രയാസങ്ങൾക്ക് അറുതി വരുത്താനും ആശ്വാസം നൽകാനും ഉപയോഗിക്കണം എന്നതിൽ നിന്ന് ആദ്യം പാർട്ടി ബംഗാളിൽ വ്യതിചലിച്ചു. ഇപ്പോൾ കേരളത്തിലും.

പശ്ചിമബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചത് ബുദ്ധദേവ് ഭട്ടാചാര്യ സർക്കാർ സമൂഹത്തിലെ ഉയർന്ന ഇടത്തരക്കാരുടേയും സമ്പന്നരുടേയും താൽപ്പര്യങ്ങൾക്ക് ഊന്നൽ നൽകിയതിനെത്തുടർന്നാണ്. മുതലാളിത്ത വികസനത്തിനുവേണ്ടിയുള്ള കടുംപിടിത്തവും കുത്തകമുതലാളിമാരോട് പുലർത്തിയ വിധേയത്തവും, പാർട്ടിക്കുമേൽ ബുദ്ധദേവ് പുലർത്തിയ സമ്പൂർണ്ണ ആധിപത്യവും ഭരണം ഉള്ളതിന്റെ അമിതാധികാരവും വിനിയോഗിച്ച് ജനാധിപത്യവിരുദ്ധമായ നടപടികൾ കൈക്കൊണ്ടതും ബുദ്ധദേവ് സർക്കാരിനെ ജനങ്ങളിൽ നിന്നും ബഹുദൂരം അകറ്റി.

ബുദ്ധദേവിനെ തിരുത്താനുള്ള ആർജ്ജവമോ ധൈര്യമോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനോ കേന്ദ്രനേതൃത്വത്തിനോ ഉണ്ടായിരുന്നില്ല. തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളേയും തൊഴിലാളി സമരങ്ങളേയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞപ്പോൾ മാർക്സിസം- ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ഇതല്ലെന്ന് ഓർമ്മിപ്പിച്ച് തിരുത്താൻ പാർട്ടി ജനറൽ സെക്രട്ടറിക്കോ പോളിറ്റ് ബ്യൂറോക്കോ സാധിച്ചില്ല. തുടർഭരണം ലഭിക്കണമെങ്കിൽ സോഷ്യലിസം പറഞ്ഞിരുന്നിട്ട് കാര്യമില്ല. ബംഗാളിൽ വികസനം വേണം. അതിന് സ്വദേശിയും വിദേശിയുമായ മൂലധനം വരണം എന്നായിരുന്നു ബുദ്ധദേവ് പറഞ്ഞത്.

സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടന്നതിന് മുന്നോടിയായി എറണാകുളത്ത് നടന്ന കേരള സംസ്ഥാന സമ്മേളനം 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' അംഗീകരിക്കുകയുണ്ടായി. ബംഗാളിന്റെ അനുഭവപാഠം മുമ്പിലുണ്ടായിട്ടും ബുദ്ധദേവ് നടപ്പാക്കാൻ ശ്രമിച്ചതിനേക്കാൾ തീവ്രമായ നവ ഉദാരവൽക്കരണനയങ്ങൾക്കാണ് കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയത്. അവിടെനിന്ന് മധുരയിലെ 24-ാം പാർട്ടി കോൺഗ്രസിലേക്ക് എത്തുമ്പോൾ 2005-2006 കാലത്ത് ബംഗാളിന്റെ വികസന പ്രതിസന്ധിക്ക് പരിഹാരം വ്യവസായവൽക്കരണമാണെന്ന് ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എടുത്ത നിലപാടുപോലെ കേരളത്തിന്റെ വികസന പ്രതിസന്ധിക്ക് പരിഹാരം വ്യവസായവൽക്കരണമാണെന്ന ഉറച്ച നിലപാടുമായാണ് സി.പി.എംന് ഭരണമുള്ള ഏകസംസ്ഥാനമായ കേരളത്തിലെ മുഖ്യമന്ത്രിയും പാർട്ടിയും മധുരയിലെത്തിയത്.

പിണറായി സർക്കാരിന്റെ രണ്ടാമൂഴം ഭരണം അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കേ കേരളത്തിന്റെ വ്യവസായരംഗത്ത് വൻനിക്ഷേപ സാധ്യത തേടി കൊച്ചിയിൽ സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റ് മാർക്സിസം ലെനിനിസത്തിന്റെ സിദ്ധാന്തത്തിലോ പ്രയോഗത്തിലോ വരുന്ന കാര്യമായിരുന്നില്ല. നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായിരുന്നു. കാലോചിതമായ മാറ്റം അനിവാര്യം എന്നായിരുന്നു ഈ നയം മാറ്റത്തിന് നൽകപ്പെട്ട വിശദീകരണം.

മധുരയിലെ 24-ാം പാർട്ടി കോൺഗ്രസിൽ ഈ നയംമാറ്റത്തിന് അംഗീകാരം ലഭിച്ചോ എന്നുചോദിച്ചാൽ പാർട്ടിയിൽ എല്ലാം കൊണ്ടും വല്യേട്ടനായ പിണറായി വിജയൻ സ്വീകരിക്കുന്ന ഏത് നിലപാടിനേയും അംഗീകരിക്കാനല്ലാതെ ചോദ്യം ചെയ്യാൻ ആർജ്ജവമുള്ള ഒരാളും സി.പി.ഐ(എം) എന്ന പാർട്ടിക്കുള്ളിൽ ഇന്നില്ല. നാളെ ഉണ്ടാകുമോയെന്നറിഞ്ഞുകൂടാ.

മധുര പാർട്ടി കോൺഗ്രസിലുണ്ടായ കൗതുകകരമായ വിശേഷങ്ങളിലൊന്ന് പശ്ചിമബംഗാൾ പാർട്ടി സെക്രട്ടറി മുഹമ്മദ് സലിം അവതരിപ്പിക്കുകയും, ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പിന്തുണയ്ക്കുകയും ചെയ്ത് പാർട്ടി കോൺഗ്രസ് അംഗീകരിച്ച ഒരു പ്രമേയത്തിന്റെ ഉള്ളടക്കമാണ്. 'മതനിരപേക്ഷത ഉയർത്തി ഹിന്ദുത്വ വർഗ്ഗീയതയെ ചെറുക്കുകയും കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കെതിരായി യഥാർത്ഥ ഇടതുമാതൃകയും ബദലുമാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ' എന്നായിരുന്നു പ്രമേയത്തിന്റെ പ്രധാന ഉള്ളടക്കം. അർഹമായ കേന്ദ്രവിഹിതം നിഷേധിക്കുന്ന പ്രതികൂല സാഹചര്യങ്ങളിലും നടപ്പാക്കിയ ജനകീയ ബദൽ നയങ്ങളുടെ നേട്ടമാണ് വിദ്യാഭ്യാസം, മിനിമം കൂലി, സാമൂഹിക സൗഹാർദ്ദം, പൊതുജന ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ വിലയിരുത്തലിൽ കേരളം ഒന്നാമതെത്തിയതെന്നും പ്രമേയം അവകാശപ്പെടുകയുണ്ടായി.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക, അടിസ്ഥാന സൗകര്യമേഖലയിലെ കുറവ് നികത്തുന്നതിനായി ബജറ്റിന് പുറത്തുള്ള വിഭവസമാഹരണത്തിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവൽക്കരിക്കുക, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ നയം മാറ്റത്തിന് മധുര പാർട്ടി കോൺഗ്രസ് പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. സ്വകാര്യമൂലധനത്തിന്റെ കാര്യത്തിലടക്കമുള്ള പരമ്പരാഗത ഇടതുനയത്തിൽ നിന്നുള്ള വ്യതിയാനത്തിന് സി.പി.എമ്മിന്റെ ഔദ്യോഗിക അംഗീകാരം യഥാർത്ഥത്തിൽ പിണറായി വിജയനുള്ള അംഗീകാരമായിരുന്നു. സ്വകാര്യ വിദേശ സർവ്വകലാശാലകളെ വരവേൽക്കുന്ന, ലാഭം ഉണ്ടാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പിണറായി സർക്കാരിന്റെ പുതിയ നയസമീപനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ മുഹമ്മദ് സലിം പറഞ്ഞത് സാമ്പത്തിക വെല്ലുവിളിയടക്കമുള്ള യാഥാർത്ഥ്യങ്ങൾ മുന്നിൽ കണ്ടുള്ള ഇടതുനയങ്ങളുടെ 'സർഗ്ഗാത്മക പ്രയോഗം' ആണ് കേരളത്തിലേതെന്നാണ്. മുഹമ്മദ് സലിം അത് പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരുടെയെല്ലാം മുഖത്ത് അർത്ഥഗർഭമായ ഒരു ചിരി പടരുന്നുണ്ടായിരുന്നു.

രാജ്യത്ത് കേരളത്തിൽ മാത്രമാണ് പാർട്ടിക്ക് സർക്കാരും കെട്ടുറപ്പുള്ള സംഘടനയും വിഭവശേഷിയും ഉള്ളത്. കേരളഘടകത്തിലാകട്ടെ വിഭാഗീയതയേ ഇല്ല. പാർട്ടിയെന്നാൽ പിണറായിയും പിണറായി പറയുന്നതാണ് പാർട്ടി തീരുമാനങ്ങളുമെന്നും അരക്കിട്ടുറപ്പിച്ചാണ് കൊല്ലം സംസ്ഥാന സമ്മേളനവും കടന്നുപോയത്. രാജ്യത്തെ സി.പി.എം പാർട്ടി അംഗങ്ങളിൽ പകുതിയിലേറെപ്പേരും അതായത് 10.19 ലക്ഷം അംഗങ്ങളിൽ 5.65 ലക്ഷവും കേരളത്തിൽ ആണുള്ളത്. മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ ഏതാണ്ട് മൂന്നിലൊന്നുപേരും കേരളത്തിൽ നിന്നായിരുന്നു. കേരളഘടകത്തിന്റെ പിന്തുണ ലഭിക്കുന്നവർക്കേ പാർട്ടിയിൽ സുപ്രധാന പദവിയിലെത്താനും കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് കേരളത്തിൽ എല്ലാം ശരിയായി പോകുന്നു എന്നുപറയാൻ മധുരയിൽ പല ഉന്നത നേതാക്കളും ആവേശം കാണിച്ചതിൽ അത്ഭുതപ്പെടാനില്ല.

എന്നാൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും സ്വയം വിമർശനപരമായി ചൂണ്ടിക്കാണിച്ചിട്ടുള്ള പല തെറ്റായ പ്രവണതകളും ബലഹീനതകളും ഇത് തങ്ങളേയുദ്ദേശിച്ചുതന്നെയാണല്ലോ തയ്യാറാക്കിയിട്ടുള്ളത് എന്ന് കേരള പ്രതിനിധികൾക്ക് തോന്നിയിട്ടുണ്ടാവണം. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത രാഷ്ട്രീയ അവലോകനരേഖയുടെ കരടിൽ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും ബി.ജെ.പി- ആർ.എസ്.എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലാണെന്ന കുറ്റസമ്മതം അസാധാരണമായിരുന്നു. ബംഗാളിലും ത്രിപുരയിലും വ്യത്യസ്തകാരണങ്ങളാൽ പാർട്ടി അംഗങ്ങളും അനുഭാവികളും ബി.ജെ.പിയിലേക്ക് ചേക്കേറി. കേരളത്തിലും ഒരുപരിധിവരെ ബി.ജെ.പി മുന്നേറുകയാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ അനുഭവം തെളിയിച്ചു.

മതവികാരം ഉപയോഗപ്പെടുത്തി വിശ്വാസികൾക്കിടയിൽ ഹിന്ദുത്വ വർഗ്ഗീയത വളർത്താൻ ആചാരാനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയും ആർ.എസ്.എസ് ഉപയോഗപ്പെടുത്തുകയാണ്. സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനാൽ ബി.ജെ.പിയെയും സംഘപരിവാർ സംഘടനകളേയും എതിർക്കുന്ന പാർട്ടിരീതി കൂടുതൽ ശക്തമാക്കേണ്ട ആവശ്യമുണ്ടെന്നും കരട് രാഷ്ട്രീയ അവലോകനരേഖയിൽ പറഞ്ഞിരുന്നു. സി.പി.എം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തു എന്നത് പ്രസക്തമാണ്. രാജ്യത്താകെ സി.പി.എമ്മിന് 80,000 ത്തിൽപ്പരം ബ്രാഞ്ച് ഘടകങ്ങളുണ്ട്. അവയിൽ കേരളത്തിലേക്ക് ഒഴിച്ച് ബഹുഭൂരിപക്ഷവും നിർജ്ജീവമാണ്. ഈ കമ്മിറ്റികളാകെ പ്രവർത്തനക്ഷമമായാൽതന്നെ പാർട്ടിയിൽ പുത്തനുണർവ്വ് ഉണ്ടാകും. ഒപ്പം തെറ്റുതിരുത്തൽ നടപടികൾ വിജയകരമായി പ്രാവർത്തികമാക്കാനും കഴിയണം.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ ആസ്തി അതിന്റെ കേഡർമാരാണ്. മുൻകാല കേഡർമാരുടെ ലളിത ജീവിതവും സത്യസന്ധതയും സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ടവർക്കുവേണ്ടിയുള്ള അവരുടെ നിസ്വാർത്ഥമായ പ്രവർത്തനവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് വേറിട്ട പാർട്ടി എന്ന മതിപ്പ് സൃഷ്ടിച്ചത്. എന്നാലിന്ന് ബഹുഭൂരിപക്ഷം നേതാക്കളും കേഡർമാരും ഈ ജീവിതരീതിയിൽ നിന്ന് വ്യതിചലിച്ച് ആഡംബരവും ധൂർത്തും കാപട്യവും നിറഞ്ഞ ബൂർഷ്വാ മുതലാളിത്ത ജീവിതശൈലിയിലേക്ക് മാറിയപ്പോൾ തന്നെ പൊതുസമൂഹത്തിന് ഇവരോടുള്ള മതിപ്പും വിശ്വാസ്യതയും നഷ്ടപ്പെട്ടു.

ഇത്തരം ദൗർബല്യങ്ങൾ എല്ലാം എണ്ണിയെണ്ണി പറഞ്ഞുള്ള സ്വയം വിമർശനപരമായ സംഘടനാ റിപ്പോർട്ടാണ് പാർട്ടി കോൺഗ്രസിൽ ചർച്ചയ്ക്കു വന്നത്. പാർട്ടിയംഗങ്ങൾ മതത്തിന്റെയും പിന്തിരിപ്പൻ ആശയങ്ങളുടേയും പിടിയിലകപ്പെടുന്നു. പാർട്ടിയിൽ പിടിമുറുക്കിയ ആണധികാര പ്രവണത സ്ത്രീകളുടെ കടന്നുവരവിനെ തടസപ്പെടുത്തുന്നു. അഴിമതി, ലൈംഗിക പീഡനം, ഗാർഹിക പീഡനം, സ്ത്രീധനം ചോദിക്കൽ തുടങ്ങിയ ധാർമ്മികച്യുതി പാർട്ടി നേതാക്കളിലടക്കമുണ്ട്. പാർലമെന്ററി വ്യാമോഹം പ്രത്യയശാസ്ത്ര ജീർണ്ണതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. ആകെ 10,473 മുഴുവൻസമയപ്രവർത്തകരുണ്ട്. അവരിലും മുമ്പ് പറഞ്ഞ തെറ്റായ പ്രവണതകൾ പിടിമുറുക്കിയിട്ടുണ്ട്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ വ്യാപകമായ കൊഴിഞ്ഞുപോക്ക് പാർട്ടി നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. 2024 ൽ 22.8 ശതമാനമാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്. വർഗ്ഗ ബഹുജന സംഘടനകൾക്ക് അടിത്തട്ടിൽ വേരില്ല. ജനങ്ങളെ ആകർഷിക്കാനോ സ്വാധീനിക്കാനോ ഉള്ള നേതൃഗുണം അംഗങ്ങൾക്കില്ലാത്തത് വെല്ലുവിളിയാണ്. സംഘടനാപരമായ പരിശോധനയിലേക്ക് കടക്കാതെ കേവലമായ ചർച്ചകളിൽ ഒതുങ്ങുന്ന കേന്ദ്രകമ്മിറ്റിയുടെ പ്രവർത്തനരീതി മാറണം. സമരങ്ങൾ ഏറ്റെടുത്തും സംഘടനാദൗത്യം ഉറപ്പാക്കിയും സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കുന്നതിൽ പി.ബിക്ക് വീഴ്ച പറ്റി എന്നിങ്ങനെ ബലഹീനതകളൊക്കെയും പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് മുമ്പിൽ തുറന്നുകാട്ടിയ പാർട്ടി കോൺഗ്രസുകൂടിയാണ് മധുരയിലേത്.

നയസമീപനങ്ങളിലെ പിഴവുകളും സംഘടനാപരമായ ദൗർബല്യങ്ങളും ചേർന്നാണ് പാർട്ടിയെ ക്ഷീണിപ്പിച്ചതെന്ന തിരിച്ചറിവ് മധുരയിലെ സ്വയം വിമർശനങ്ങളിൽ പ്രകടമായിരുന്നു. എന്നാൽ ഇതുപോലെ അനവധി തവണ പാർട്ടി ജീർണ്ണതയെക്കുറിച്ച് ചർച്ച ചെയ്യുകയും തെറ്റുതിരുത്തൽ രേഖകൾ അംഗീകരിച്ചു ബ്രാഞ്ച് തലം വരെ റിപ്പോർട്ട് ചെയ്യുകയുമുണ്ടായിട്ടുണ്ട്. പക്ഷേ തിരുത്താൻ ആരും തയ്യാറാകാതിരുന്നതിന്റെ ഫലമാണ് പാർട്ടിയുടെ തകർച്ചയ്ക്കിടയാക്കിയത്.

ഇക്കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ തമിഴ്നാട്ടിൽ ഡി.എം.കെയുടേയും രാജസ്ഥാനിൽ കോൺഗ്രസിന്റേയും വോട്ടുവിഹിതം ലഭിച്ചിരുന്നില്ലെങ്കിൽ അവിടെ നിന്നും സി.പി.എം ന്റെ എം.പിമാർ ലോക്സഭയിലെത്തുമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിക്ക് 41 ശതമാനത്തോളം വോട്ടുലഭിച്ചെങ്കിലും കേരളത്തിലൊഴിച്ച് ബാക്കിയെല്ലായിടത്തുമായി സി.പി.ഐ(എം)ന് ലഭിച്ച വോട്ടുവിഹിതം കേവലം 0.97 ശതമാനമായിരുന്നു എന്ന യാഥാർത്ഥ്യം സി.പി.ഐ(എം)നെ എങ്ങനെയും ഒരു പുനരുജ്ജീവനത്തിന് നിർബന്ധിതമാക്കുന്നുണ്ട്.

പക്ഷേ അത് സാധ്യമാകണമെങ്കിൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നതുപോലെ പാർട്ടിയുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം വരുത്തണം. 'പാർലമെന്ററി വ്യാമോഹം പാർട്ടിയെ ഒത്തുതീർപ്പിന്റെ പാതയിലേക്ക് നയിക്കുകയാണ്. പാർലമെന്ററി അധികാരം നിലനിർത്താനായി സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുകയും ചൂഷകരും മുതലാളിമാരുമായി ഒത്തുതീർപ്പിലെത്തുകയും ചെയ്യുന്നു. അധികാരത്തിനുവേണ്ടി പ്രാദേശിക ശക്തികളും സംഘടനകളുമായി സഹകരിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ പാർട്ടിയുടെ ശക്തി ചോർന്നുപോകും. അത് പാർട്ടിയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.'

ഈ പറഞ്ഞത് ലേഖകന്റെ നിരീക്ഷണമല്ല, 24-ാം പാർട്ടി കോൺഗ്രസിൽ സി.പി.ഐ(എം) പാർട്ടി നേതൃത്വം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നതാണ്. നിലവിലെ സാഹചര്യങ്ങളിൽ ഈ വിലയിരുത്തൽ ഏറ്റവും ചേർന്നുപോകുന്നത് കേരള പാർട്ടിയിലാണ്. പാർട്ടി പ്രത്യയശാസ്ത്രവും തൊഴിലാളി വർഗ്ഗകാഴ്ചപ്പാട് മാറ്റിവെച്ചും ആരുമായും ഒത്തുതീർപ്പിലെത്തിയും മൂന്നാം ടേമിലും അധികാരം നിലനിർത്തണം എന്നത് മാത്രമായി കേരളത്തിൽ പാർട്ടിയുടെ ലക്ഷ്യം മാറിയിരിക്കുന്നു എന്ന് പൊതുസമൂഹത്തിനാകെ ബോധ്യമാകുമ്പോഴാണ് പ്രവർത്തനറിപ്പോർട്ട് ഇങ്ങനെ ഉപദേശിക്കുന്നത് എന്നത് ഒരു വലിയ വൈരുദ്ധ്യമാണ്.

നരേന്ദ്രമോദിയുടെ ഭരണശൈലി ഫാസിസവുമല്ല, നവ ഫാസിസവുമല്ല ഫാസിസ്റ്റ് സ്വഭാവം മാത്രമാണെന്ന പ്രകാശ് കാരാട്ട് തീയറി അംഗീകരിക്കുന്ന പാർട്ടി മോദിയുടെ അമിതാധികാര പ്രവണതയെ വിമർശിക്കുമ്പോൾ കേരളത്തിലെ സർക്കാരിന്റെയും പാർട്ടിയുടേയും പാർട്ടി ദേശീയതലത്തിലേയും പരമാധികാരിയും അവസാനവാക്കുമായി മുതിർന്ന നേതാവ് പിണറായി വിജയന് പാർട്ടിക്ക് മുകളിലായുള്ള അധികാരം കൽപ്പിച്ചുനൽകുന്നതാണ് മറ്റൊരു പ്രധാനവൈരുദ്ധ്യം. ഭരണാധികാരിയെന്ന നിലയിൽ മുമ്പൊന്നും ഒരു മുഖ്യമന്ത്രിയും പ്രകടിപ്പിച്ചിട്ടില്ലാത്ത അമിതാധികാരപ്രവണത പിണറായി വിജയൻ പ്രകടിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

അതേസമയം കേരളത്തിലെ സി.പി.എം ന് രാജ്യത്തെ സി.പി.എം നെ നയിക്കേണ്ടുന്ന ഉത്തരവാദിത്തമാണ് വന്നുചേർന്നിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പുതിയ ജനറൽ സെക്രട്ടറിയായതുകൊണ്ടുമാത്രമല്ല അത്. സി.പി.എം നുള്ള ഏക മുഖ്യമന്ത്രി കേരളത്തിലാണ്. ആര് ജനറൽ സെക്രട്ടറിയാകണം എന്നതിൽ നിർണ്ണായകമായത് ബേബിക്ക് പിണറായി വിജയന്റെ പിന്തുണ ലഭിച്ചതാണ്. വൃന്ദാകാരാട്ട് ജനറൽ സെക്രട്ടറിയാകണം എന്നാണ് ആദ്യം പിണറായി വിജയൻ ആഗ്രഹിച്ചിരുന്നതത്രേ. എന്നാൽ പ്രായപരിധിയിൽ ഇളവ് നൽകുന്നതിനോട് പ്രതിനിധികളിൽ കൂടുതൽ പേർക്കും യോജിപ്പുണ്ടായിരുന്നില്ല. എം.എ. ബേബിയുടെയും മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെയുടെയും പേരുകൾ ഉയർന്നുവന്ന സാഹചര്യത്തിൽ ബംഗാൾ ഘടകവും മറ്റും പിന്തുണച്ച അശോക് ധാവ്ളെയെ പിന്തുണക്കാതെ ബേബിയെ പിണറായി പിന്തുണയ്ക്കുകയായിരുന്നു.

പിണറായി വിജയന് പ്രായപരിധി ഇളവ് പ്രതീക്ഷിച്ചിരുന്നതുതന്നെയാണെങ്കിലും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ശ്രീമതിക്ക് പരിധി ഇളവ് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ. വിജയരാഘവൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.  സാനു എന്നിവരും കേരളത്തിൽ നിന്നുള്ളവരാണ്. പി.ബിയിൽ 4 പേരും കേന്ദ്രകമ്മിറ്റിയിൽ 17 പേരും കേരളത്തിൽ നിന്നാണ്. ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ ജോൺബ്രിട്ടാസ് (സ്ഥിരം ക്ഷണിതാവ്) എന്നിവരാണ് കേരളത്തിൽ നിന്നുള്ള പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.

സി.പി.എം ന്റെ ദേശീയ നേതാക്കൾ എന്ന നിലയിൽ തിളങ്ങിയിരുന്ന പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടും മണിക് സർക്കാരും സുഭാഷിണി അലിയും ഉൾപ്പെടെ ആറുപേർ പി.ബിയിൽ നിന്ന് ഒഴിവായി കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായപ്പോൾ ഡെൽഹി സെന്ററിലെ മലയാളിയായ വിജുകൃഷ്ണൻ അടക്കം 8 പുതുമുഖങ്ങൾ പി.ബിയിലെത്തി. ആകെ 18 അംഗ പോളിറ്റ് ബ്യൂറോ. ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കാൻ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം ഉണ്ടാകണം എന്നായിരുന്നു 24-ാം പാർട്ടി കോൺഗ്രസ് നൽകിയ മുഖ്യ ആഹ്വാനം.

സി.പി.എമ്മിൽ ഇനി ബേബിയുഗം

സി.പി.ഐ(എം) രൂപീകൃതമായ ശേഷം പാർട്ടി നിലനിൽപ്പിനു വേണ്ടി കടുത്ത വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് രാജ്യത്ത് സി.പി.എംനെ നയിക്കാനുള്ള ഉത്തരവാദിത്തം കേരളീയനായ എം.എ. ബേബിക്ക് ലഭിച്ചിട്ടുള്ളത്. വിശാല മതേതര ജനാധിപത്യ കൂട്ടായ്മയ്ക്ക് സജീവമായ സഹകരണം നൽകുമ്പോൾ തന്നെ പാർട്ടിയുടെ സ്വന്തമായ സംഘടനാകരുത്ത് വീണ്ടെടുക്കാനുള്ള ചുമതലയും നിർവ്വഹിക്കണമെന്നത് ചെറിയ കാര്യമല്ല. പിണറായി വിജയന്റെ പിന്തുണകൊണ്ടാവാം പാർട്ടിയുടെ അമരക്കാരനാകാൻ സാധിച്ചത്. അതുകൊണ്ട് കുറേക്കാലം കൂടി പാർട്ടിയിൽ അവസാനവാക്ക് പിണറായി വിജയന്റേതുതന്നെയാകും. അതുകഴിഞ്ഞാൽ പാർട്ടിയിലെ പരമോന്നത നേതാവ് എം.എ. ബേബിയായിരിക്കും. അതുവരെ പാർട്ടിയുടെ കരുത്ത് ചോരാതെ സൂക്ഷിക്കാൻ ബേബിക്ക് സാധിക്കേണ്ടിയിരിക്കുന്നു.

അധ്യാപകനായ അലക്സാണ്ടറിന്റേയും ലില്ലിയുടേയും എട്ട് മക്കളിൽ ഇളയവനായി 1954 ഏപ്രിൽ അഞ്ചിനാണ് കൊല്ലം പ്രാക്കുളത്ത് മരിയം അലക്സാണ്ടർ ബേബിയെന്ന എം.എ. ബേബി ജനിച്ചത്. കൊല്ലം എസ്.എൻ. കോളേജിലായിരുന്നു വിദ്യാഭ്യാസം.  1957 ൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും 1979 ൽ അഖിലേന്ത്യാ പ്രസിഡന്റുമായി. 1983 ൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, 1987 ൽ അഖിലേന്ത്യാ പ്രസിഡന്റ്. 1989 ൽ 13-ാം പാർട്ടി കോൺഗ്രസിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിലും 1992 ൽ സെക്രട്ടറിയേറ്റിലും.
1986-92,1992-98 കാലയളവുകളിൽ രാജ്യസഭാംഗം, 2006, 2011 ൽ കുണ്ടറയിൽ നിന്ന് നിയമസഭാംഗം. വി.എസ് മുഖ്യമന്ത്രിയായിരിക്കവേ വിദ്യാഭ്യാസമന്ത്രി. 2002 ലെ കോഴിക്കോട് പാർട്ടി കോൺഗ്രസ് മുതൽ സി.പി.എംന്റെ പോളിറ്റ് ബ്യൂറോ അംഗവുമാണ്. ബെറ്റി ലൂയിസാണ് ബേബിയുടെ ഭാര്യ. അശോക് നെൽസൺ മകനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img