02:33am 12 September 2026
NEWS
23- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (13.09.2026)
10/09/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
23- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (13.09.2026)

കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23- മത് മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച നടക്കും. എറണാകുളം നഗരത്തിൽ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽനിർവ്വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ നേതാക്കൾ ആർച്ച്ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങും. തുടർന്ന് ജപമാല കൈകളിലേന്തിപ്രാർഥനയുമായി വിശ്വാസി സമൂഹം തീർത്ഥാടനം നടത്തും.

വൈകീട്ട് 3.30 ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്ഡോ. ആൻ്റണി വാലുങ്കൽ ദീപശിഖയുവജന സംഘടനാ പ്രതിനിധികൾക്ക് കൈമാറുന്നതോടെപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീർത്ഥാടനത്തിനും തുടക്കമാകും.

ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേർന്ന് ബസിലിക്ക അങ്കണത്തിലെ മംഗള കവാടത്തിൽ സ്വീകരിക്കും. വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിൻ്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 140 വർഷത്തെ അനുസ്‌മരിച്ചുകൊണ്ട് 140 ബഹുവർണ ബലൂണുകൾ ആകാശത്തേക്ക് പറത്തും. 

തുടര്‍ന്ന് വൈകീട്ട് 4.30 ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻ്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും. വിജയപുരം സഹായ മെത്രാൻ ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽവചന സന്ദേശം നല്‍കും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ മുഖ്യ സഹകാർമികനായിരിക്കും. ദിവ്യബലിയെ തുടർന്ന് തീർത്ഥാടകരായി വല്ലാർപാടത്ത് എത്തിച്ചേരുന്ന എല്ലാ വിശ്വാസികളെയും വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.

തീർത്ഥാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായിജനറൽ കൺവീനർഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവർ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വല്ലാർപാടംഗോശ്രീ പാലങ്ങളുടെ താഴെയുള്ള കണ്ടെയ്നർ യാഡിലും പാതയോരങ്ങളിലും നിര്‍ദിഷ്ട പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img