
ജയ്പൂർ: സർക്കാർ ജോലി സ്വന്തമാക്കാൻ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ജയ്പൂരിലെ പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിനിയായ 45കാരി നീരജ് ശർമയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ നീരജ് ശർമ്മയുടെ മകൾ ആയുഷി(23)യും ആറ് ബന്ധുക്കളുമാണ് അറസ്റ്റിലായത്. അമ്മ മരിച്ചാൽ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യുവതി ബന്ധുക്കളുമായി ചേർന്ന് അമ്മയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ജൂലൈ 3-നാണ് അമിതവേഗത്തിലെത്തിയ സ്കോർപിയോ വാഹനം ഇടിച്ച് നീരജ് ശർമ്മ മരിച്ചത്. ആദ്യം അപകടമരണമെന്നാണ് കരുതിയിരുന്നെങ്കിലും, മരിച്ച നീരജിന്റെ സഹോദരൻ രാകേഷ് പ്രകടിപ്പിച്ച സംശയമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു.
ജയ്പൂർ കോടതിയിൽ എൽഡി ക്ലാർക്കായി ജോലി ചെയ്തിരുന്ന നീരജ് ശർമയ്ക്ക് ഭർത്താവ് വിജയ് കുമാർ ശർമയുടെ മരണശേഷം ആശ്രിത നിയമനത്തിലൂടെയാണ് ഈ സർക്കാർ ജോലി ലഭിച്ചത്. പിന്നീട് അതേ ജോലി സ്വന്തമാക്കാൻ മകൾ ആയുഷി ആഗ്രഹിച്ചിരുന്നെങ്കിലും, അമ്മ അതിന് സമ്മതിച്ചിരുന്നില്ല.
ഇതോടെയാണ് അമ്മയെ ഒഴിവാക്കിയാൽ ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി ലഭിക്കുമെന്നും കുടുംബസ്വത്തും കൈവശപ്പെടുത്താനാകുമെന്നും ആയുഷി പദ്ധതിയിട്ടതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടപ്പാക്കുന്നതിനായി ബന്ധുക്കൾക്ക് ഏഴ് ലക്ഷം രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.
അപകടമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വാഹനമിടിപ്പിച്ച് കൊലപാതകം നടത്തുകയായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ അമ്മാവന്റെ പരാതിയും തുടർ അന്വേഷണവും ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്നു. കേസിൽ മുഖ്യപ്രതിയായ ആയുഷിയുൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.










