
പുണെ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ആത്മീയ ഗുരുവാണെന്ന് വിശ്വസിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയെന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ദിവ്യ ജിതേന്ദ്ര പാർമറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
ഇൻഫ്ലുവൻസറും മോട്ടിവേഷൻ സ്പീക്കറുമാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ആത്മീയ ഗുരുവാണെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. ശരീരത്തിലെ നെഗറ്റീവ് എനർജി ഒഴിവാക്കുന്നതിനും ദോഷങ്ങൾ അകറ്റുന്നതിനുമായി പ്രത്യേക രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടത്. ശരീരത്തിലെ ദോഷങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയയുടെ ഭാഗമാണ് ചിത്രങ്ങളെന്നും മറ്റും പറഞ്ഞ് യുവതിയെ സമ്മർദത്തിലാക്കിയാണ് ചിത്രങ്ങൾ കൈക്കലാക്കിയതെന്നാണ് പരാതി.
പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൊബൈൽ ഫോണിലും ലാപ്ടോപ്പിലും നടത്തിയ പരിശോധനയിൽ ഫോട്ടോകൾ, വിഡിയോകൾ, സന്ദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതേ രീതിയിൽ പ്രതി മറ്റ് സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.










