
കൊല്ലം/പത്തനംതിട്ട ∙ പത്തനംതിട്ട അടൂരിൽ 23കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിവാദം. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് പരാതി ഉന്നയിച്ചത്. പൊലീസ് മർദനത്തെ തുടർന്ന് ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കേറ്റെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും യുവാവ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും ലഭിച്ചതായി കുടുംബം അറിയിച്ചു.
മേയ് 29നാണ് പരാതിക്കിടയാക്കിയ സംഭവമെന്നാണ് യുവാവിന്റെ മൊഴി. പോക്സോ കേസിലെ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറോളം മർദിച്ചെന്നുമാണ് ആരോപണം.
മുട്ടുകൊണ്ട് ഇടിക്കുകയും പുറത്തു ശക്തമായി മർദിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. കൈകൾ പിടിച്ചുവച്ചശേഷം ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. അടൂർ ടോൾ വരെ നീണ്ട യാത്രയ്ക്കിടെ തനിക്കും അമ്മയ്ക്കുമെതിരെ പൊലീസുകാർ അസഭ്യവർഷം നടത്തിയെന്നും യുവാവ് ആരോപിച്ചു.
സംഭവത്തിനു പിന്നാലെ ഭയം കാരണം മർദനവിവരം ആരോടും പറഞ്ഞിരുന്നില്ലെന്നാണ് യുവാവിന്റെ വിശദീകരണം. പിന്നീട് ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു.
പരാതി പിൻവലിക്കാൻ പൊലീസുകാർ സമ്മർദം ചെലുത്തിയതായും 23കാരൻ ആരോപിച്ചു. ഇതോടെയാണ് കുടുംബം ഇപ്പോൾ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പരാതി.











