05:51pm 15 June 2026
NEWS
കാമുകി മറ്റൊരു വിവാഹം കഴിക്കുന്നത് ഇഷ്ടപ്പെട്ടില്ല; യുവതിയെ കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവ് അറസ്റ്റിൽ
15/06/2026  01:03 PM IST
nila
കാമുകി മറ്റൊരു വിവാഹം കഴിക്കുന്നത് ഇഷ്ടപ്പെട്ടില്ല; യുവതിയെ കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവ് അറസ്റ്റിൽ

കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം. ഭവാനി(22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസിൽ ചന്ദ്രശേഖർ എന്ന യുവാവാണ് അറസ്റ്റിലായത്.

മൊബൈൽ ഫോൺ ഷോറൂമിൽ ജോലി ചെയ്തിരുന്ന ഭവാനിയും ചന്ദ്രശേഖറും അവിടെവച്ചാണ് പരിചയപ്പെട്ടത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ചന്ദ്രശേഖർ നേരത്തെ വിവാഹിതനും ആറുവയസ്സുള്ള കുട്ടിയുടെ പിതാവുമാണെന്ന വിവരം ഭവാനിയിൽ നിന്ന് മറച്ചുവെച്ചിരുന്നു. ഏകദേശം ഒരു വർഷം മുൻപ് ഇയാൾ ഭവാനിയെ രഹസ്യമായി വിവാഹം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ ഭവാനിയുടെ കുടുംബം മറ്റൊരാളുമായി വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അടുത്ത ആഴ്ച വിവാഹനിശ്ചയം നടത്താനിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഈ വിവരം ഭവാനി ചന്ദ്രശേഖറിനെ അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി.

കുടുംബം തങ്ങളുടെ ബന്ധം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഭവാനി പറഞ്ഞതിനെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായി പ്രതി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഇരുവരും വിഷം കഴിച്ചെങ്കിലും ഭവാനി ഛർദിച്ചതിനാൽ രക്ഷപ്പെട്ടു. ഇതിന് പിന്നാലെ ചന്ദ്രശേഖർ ഭവാനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഇയാൾ സ്വയം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

സംഭവത്തിന് മുൻപ് ഭവാനിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചന്ദ്രശേഖർ, “ഞങ്ങളുടെ ആദ്യ വിവാഹ വാർഷികം” എന്ന കുറിപ്പും ചേർത്തിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഭവാനിയുടെ ബന്ധുക്കൾ അതിന്റെ സ്ക്രീൻഷോട്ട് കുടുംബാംഗങ്ങൾക്ക് കൈമാറി.

തുടർന്ന് ഭവാനിയെ ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാടകവീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഭവാനിയെ മരിച്ച നിലയിലും ചന്ദ്രശേഖറിനെ വിഷം കഴിച്ച് അവശനിലയിലും കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ചന്ദ്രശേഖറിനെ ആശുപത്രിയിലേക്ക് മാറ്റി. ഭവാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. നിലവിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img