07:47am 27 August 2026
NEWS
മൊറാദാഹാദിലെ 22 പാകിസ്ഥാനി സ്ത്രീകളുടെ ഭാവിയെന്ത്?
06/05/2025  11:07 AM IST
nila
മൊറാദാഹാദിലെ 22 പാകിസ്ഥാനി സ്ത്രീകളുടെ ഭാവിയെന്ത്?

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഹ്രസ്വകാല വിസയിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ അധികൃതർ നാടുകടത്തിയിരുന്നു. ദീർഘകാല വിസയിൽ രാജ്യത്ത് താമസിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കുറഞ്ഞത് 22 പാകിസ്ഥാൻ സ്ത്രീകൾ ദീർഘകാലമായി താമസിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്ത്യക്കാരെ വിവാ​ഹം കഴിച്ച് ഇവിടേക്കെത്തിയ ഈ സ്ത്രീകൾ ഇപ്പോഴും പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം അവരുടെ കുട്ടികൾ ഇന്ത്യൻ പൗരത്വം നേടിയിട്ടുണ്ട്.

ഇവരെല്ലാം വർഷങ്ങളായി ജില്ലയിൽ താമസിക്കുന്നവരാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവരുടെ കുട്ടികളിൽ ഭൂരിഭാഗവും വളർന്നു വിവാഹിതരാണെന്നും കണ്ടെത്തി. ഏകദേശം 35ശതമാനം സ്ത്രീകൾ ഇപ്പോൾ മുത്തശ്ശിമാരാണ്. അവരുടെ കുട്ടികളും പേരക്കുട്ടികളും ഉൾപ്പെടെ, ഈ കുടുംബങ്ങളുടെ എണ്ണം 500-ലധികം ആയി വളർന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

 പാകിസ്ഥാൻ പൗരത്വമുണ്ടെന്ന് തിരിച്ചറിഞ്ഞ 22 സ്ത്രീകളിൽ രണ്ട് പേർ നാല് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയവരാണ്. മറ്റുള്ളവർ പതിറ്റാണ്ടുകളായി ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഈ സ്ത്രീകൾക്ക് ഇന്ത്യയിൽ ജനിച്ച 95 കുട്ടികളും നിലവിൽ ഇന്ത്യയിൽ തന്നെ തൊഴിൽ ചെയ്ത് ജീവിക്കുകയാണ്. എന്നാൽ ഇവരിപ്പോഴും പാകിസ്ഥാനിലെ ബന്ധുക്കളുമായി ബന്ധം പുലർത്തുന്നുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ സ്ത്രീകൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന റേഷൻ കാർഡുകളും ആധാർ കാർഡുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊതുജനക്ഷേമ ആനുകൂല്യങ്ങൾ നേടാൻ ഇവരെ അനുവദിക്കുന്നു. എന്നാൽ അവരിൽ ആരും ഇതുവരെ ഇന്ത്യൻ പൗരത്വം നേടിയിട്ടില്ല. എല്ലാവരും പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വിദേശ പൗരന്മാരായി തുടരുന്ന പാകിസ്ഥാൻ അമ്മമാർക്ക് ജനിച്ച ഇന്ത്യൻ പൗരന്മാരാണ് ഇപ്പോൾ കുടുംബങ്ങളിൽ ഉൾപ്പെടുന്നത്.

“സമഗ്രമായ ഡാറ്റ ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ എല്ലാ പാകിസ്ഥാൻ വംശജരായ കുടുംബങ്ങളുടെയും വിസ അപേക്ഷകളുടെ നില, റേഷൻ കാർഡ് ഉപയോഗം, കുടുംബ വലുപ്പങ്ങൾ, വിദേശ ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിവരങ്ങൾ സമാഹരിച്ചുവരികയാണ്,” മൊറാദാബാദ് സിറ്റി പൊലീസ് സൂപ്രണ്ട് കുമാർ രൺവിജയ് സിംഗ് പറഞ്ഞു.

പോലീസും പ്രാദേശിക രഹസ്യാന്വേഷണ സംഘങ്ങളും അവരെയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മൊറാദാബാദിൽ അനധികൃത വ്യക്തികൾ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞു.

അതേസമയം, ഇന്ത്യൻ പൗരത്വം ലഭിക്കാത്ത ദീർഘകാല വിസകളിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരോട് അവരുടെ വിസയ്ക്ക് വീണ്ടും അപേക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 10 മുതൽ ജൂലൈ 10 വരെയാണ് ഇവർക്ക് വീണ്ടും അപേക്ഷിക്കാനുള്ള സമയപരിധി. ഈ കാലയളവിനുള്ളിൽ വീണ്ടും അപേക്ഷിക്കാത്ത പാകിസ്ഥാൻ പൗരന്മാരുടെ ദീർഘകാല വീസ റദ്ദാക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിപ്പിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img