11:28am 29 April 2026
NEWS
31 കോടി രൂപയുടെ മയക്കുമരുന്നുമായി 22 സന്യാസിമാർ പിടിയിൽ
28/04/2026  09:33 PM IST
nila
31 കോടി രൂപയുടെ മയക്കുമരുന്നുമായി 22 സന്യാസിമാർ പിടിയിൽ

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച വൻ മയക്കുമരുന്ന് വേട്ടയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിലായി. ഏകദേശം 110 കിലോഗ്രാം കഞ്ചാവും ഹാഷിഷും ഉൾപ്പെടുന്ന ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ഇവർ പിടിയിലായത്. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച, ബാങ്കോക്ക് സന്ദർശനം കഴിഞ്ഞ് മടങ്ങിയ സന്യാസിസംഘമാണ് കോടികൾ വിലവരുന്ന ലഹരിമരുന്നുകളുമായി പിടിയിലായത്. 

 കസ്റ്റംസ് ഉദ്യോഗസ്ഥരും നാർക്കോട്ടിക് ബ്യൂറോയും ചേർന്നാണ് ലഹരിവേട്ട നടത്തിയത്. സ്യൂട്ട്‌കേസുകൾക്കുള്ളിൽ പ്രത്യേക അറകൾ നിർമിച്ച് ‘കുഷ്’ ഇനത്തിൽപ്പെട്ട കഞ്ചാവും ഹാഷിഷും സൂക്ഷിച്ചിരുന്നത്.  പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ മൂല്യം ഏകദേശം 31.88 കോടി രൂപയെന്നാണ് വിലയിരുത്തൽ. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 19 മുതൽ 28 വയസ്സ് വരെയുള്ള യുവ സന്യാസിമാരാണ്. ഇവർ ശ്രീലങ്കയിലെ വിവിധ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും ചിലർ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് യാത്രയുടെ സംഘാടകനെന്ന് കരുതുന്ന 23-കാരനായ മറ്റൊരു സന്യാസിയെ പനഗോഡയിൽ നിന്ന് പിന്നീട് പൊലീസ് പിടികൂടി.

തായ്‌ലൻഡിൽ നിന്നുള്ള ചിലർ ദാനമായി നൽകിയ പാഴ്സലുകളാണിതെന്നാണ് സന്യാസിമാർ പറയുന്നത്. വിമാനത്താവളത്തിന് പുറത്ത് ഒരു വാൻ എത്തി ഇവ കൈപ്പറ്റുമെന്ന് പറഞ്ഞതായും അവർ അറിയിച്ചു. എന്നാൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് സന്യാസവേഷം ഉപേക്ഷിച്ച് സാധാരണ വസ്ത്രത്തിൽ വിനോദയാത്ര നടത്തുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img