06:49pm 24 November 2026
NEWS
പഠനം തുടരുന്നതിനിടെ സ്വന്തം കഫേ തുടങ്ങി; 50 ദിവസം കൊണ്ട് 15 ലക്ഷം രൂപയുടെ വിറ്റുവരവ്; 21-ാം വയസ്സിൽ താരമായി അനന്യ
24/11/2026  05:43 PM IST
nila
പഠനം തുടരുന്നതിനിടെ സ്വന്തം കഫേ തുടങ്ങി; 50 ദിവസം കൊണ്ട് 15 ലക്ഷം രൂപയുടെ വിറ്റുവരവ്; 21-ാം വയസ്സിൽ താരമായി അനന്യ

 

ഹരിയാന: കോളേജ് പഠനം പൂർത്തിയാക്കി ജോലി നേടാനുള്ള ശ്രമത്തിലായിരിക്കും സാധാരണയായി ഈ പ്രായത്തിലുള്ളവർ. എന്നാൽ പഠനം അവസാനിക്കുന്നതുവരെ കാത്തുനിൽക്കാതെ സ്വന്തമായി സംരംഭം ആരംഭിച്ച് ശ്രദ്ധ നേടുകയാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ള 21കാരി അനന്യ അഗർവാൾ. ബിരുദപഠനത്തിന്റെ അവസാന വർഷത്തിനിടെ ആരംഭിച്ച കഫേ ആദ്യ 50 ദിവസം കൊണ്ട് നേടിയത് 15 ലക്ഷം രൂപയുടെ വിറ്റുവരവ്. പഠനവും സംരംഭകത്വവും ഒരുമിച്ച് കൊണ്ടുപോകുന്ന അനന്യയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

പഠനത്തിനൊപ്പം സംരംഭകത്വത്തിലേക്കും

ഗുരുഗ്രാമിലെ സെക്ടർ 113-ൽ പ്രവർത്തിക്കുന്ന 'ലൂം ആൻഡ് ലൈം' (Lume & Lime) എന്ന വെജിറ്റേറിയൻ കഫേയുടെ സഹസ്ഥാപകയും സിഇഒയുമാണ് അനന്യ. ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (BMS) അവസാന വർഷ വിദ്യാർഥിനിയായ അനന്യ മാതാപിതാക്കളോടൊപ്പമാണ് സംരംഭം നടത്തുന്നത്. 2026 ഓഗസ്റ്റ് 28നാണ് കഫേ പ്രവർത്തനം ആരംഭിച്ചത്. ആദ്യ 50 ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ ബിസിനസ് നേടാനായെന്നാണ് റിപ്പോർട്ടുകൾ.

കഫേയും കോളജും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്ന് അനന്യ തന്നെ വ്യക്തമാക്കുന്നു. പഠനത്തിനും അസൈൻമെന്റുകൾക്കും പരീക്ഷകൾക്കുമൊപ്പം കഫേയുടെ പ്രവർത്തനങ്ങളിലും സമയം ചെലവഴിക്കണം. ദിവസത്തിന്റെ ഒരു ഭാഗം കോളജിലും മറ്റൊരു ഭാഗം കഫേയിലുമാണ് ചെലവഴിക്കുന്നത്. സംരംഭകത്വത്തോടുള്ള താൽപര്യമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.

വിദേശ വിഭവങ്ങൾക്ക് തനിമയുള്ള രുചി

ഒരു സാധാരണ റസ്റ്ററന്റ് തുടങ്ങുക എന്നതിലുപരിയായിരുന്നു അനന്യയുടെ സ്വപ്നം. ആളുകൾക്ക് തിരക്കുകളില്ലാതെ സമാധാനത്തോടെ ഇരുന്ന് ഭക്ഷണം ആസ്വദിക്കാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനും കഴിയുന്ന ഇടം ഒരുക്കുകയായിരുന്നു ലക്ഷ്യം.

ഇറ്റാലിയൻ, മെക്സിക്കൻ, മെഡിറ്ററേനിയൻ വിഭവങ്ങളാണ് കഫേയിലെ പ്രധാന ആകർഷണം. ബ്രിക്ക് ഓവൻ പിസ, കൈകൊണ്ട് തയ്യാറാക്കുന്ന പാസ്ത, ടാക്കോസ്, മെസെ പ്ലാറ്ററുകൾ, സ്പെഷൽ കോഫി, ഡെസേർട്ടുകൾ തുടങ്ങിയവ മെനുവിലുണ്ട്. വീഗൻ ഭക്ഷണവിഭവങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നു.

വിദേശ വിഭവങ്ങൾക്ക് ഇന്ത്യൻ രുചിക്കൂട്ടുകൾ അമിതമായി ചേർക്കുമ്പോൾ അവയുടെ യഥാർഥ രുചി നഷ്ടപ്പെടുന്നുണ്ടെന്നാണ് അനന്യയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ തനിമ നിലനിർത്തുന്നതിനാണ് കഫേയിൽ പ്രാധാന്യം നൽകുന്നത്. ഗുണമേന്മയുള്ള ചേരുവകളും ശരിയായ പാചകരീതികളും ഉപയോഗിച്ച് ഭക്ഷണം വിളമ്പുക എന്നതാണ് സംരംഭത്തിന്റെ പ്രധാന ആശയം.

അച്ഛന്റെ അനുഭവം കരുത്തായി

അനന്യയുടെ സംരംഭകയാത്രയിൽ മാതാപിതാക്കൾക്കും നിർണായക പങ്കുണ്ട്. പത്തുവർഷത്തിലേറെയായി ബിസിനസ് രംഗത്തുള്ള പിതാവ് ഡോ. വിശാൽ അഗർവാളിന്റെ അനുഭവങ്ങളാണ് അനന്യയ്ക്ക് വഴികാട്ടിയാകുന്നത്. അമ്മ പ്രീതി അഗർവാളും സംരംഭത്തിന്റെ സഹസ്ഥാപകയാണ്. ബിസിനസിന്റെ വിവിധ ഘട്ടങ്ങളിൽ മാതാപിതാക്കളുടെ പിന്തുണയും മാർഗനിർദേശവും ലഭിക്കുന്നുണ്ട്.

കഫേയുടെ പ്രവർത്തനസമയം രാവിലെ ഒൻപത് മുതൽ രാത്രി 11 വരെയാണ്. പഠനത്തിനൊപ്പം ബിസിനസിന്റെ ദൈനംദിന പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിലൂടെ മാനേജ്മെന്റ് ക്ലാസുകളിൽ പഠിക്കുന്ന കാര്യങ്ങൾ പ്രായോഗികമായി മനസ്സിലാക്കാനും അനന്യയ്ക്ക് കഴിയുന്നു.

കോളേജ് പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ സംരംഭകത്വത്തിന്റെ ലോകത്തേക്ക് ചുവടുവെച്ച അനന്യയുടെ നേട്ടം യുവാക്കൾക്കിടയിൽ ചർച്ചയാകുകയാണ്. ആദ്യ 50 ദിവസത്തെ 15 ലക്ഷം രൂപയുടെ വിറ്റുവരവിൽ ഒതുങ്ങുന്നതല്ല ഈ കഥ. സ്വന്തം ആശയത്തിൽ വിശ്വാസമർപ്പിച്ച് പഠനത്തിനൊപ്പം ഒരു സംരംഭം കെട്ടിപ്പടുക്കാനുള്ള 21കാരിയുടെ ശ്രമം കൂടിയാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img