04:24pm 21 September 2026
NEWS
ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ ഗംഭീര തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്രാവത്തും
19/09/2026  04:40 PM IST
nila
ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ ഗംഭീര തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന് പ്രൗഢഗംഭീരമായ തുടക്കം. പലോമ മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

ചക്രവർത്തി നറുഹിതോയ്ക്കൊപ്പം പത്‌നി മസാകോ, കിരീടാവകാശി പ്രിൻസ് അക്കിഷിനോ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഐച്ചി പ്രവിശ്യാ ഗവർണർ ഒമുറ ഹിഡെആക്കി കായികതാരങ്ങളെയും കാണികളെയും അഭിസംബോധന ചെയ്തു.

ജാപ്പനീസ് ഗായിക കൈക്കോ ടോഡയുടെ ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ജപ്പാന്റെ വ്യോമസേനാ പ്രദർശനസംഘമായ ‘ബ്ലൂ ഇംപൾസ്’ വിമാനങ്ങളുടെ ആകാശപ്രകടനവും അരങ്ങേറി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും ഉദ്ഘാടനച്ചടങ്ങിന് ആവേശം പകർന്നു.

ഇന്ത്യൻ സംഘത്തെ നയിച്ച് ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്രാവത്തുമാണ് ദേശീയ പതാകയേന്തിയത്. അഫ്ഗാനിസ്താനാണ് മാർച്ച് പാസ്റ്റിൽ ആദ്യം സ്റ്റേഡിയത്തിലെത്തിയത്. ബംഗ്ലാദേശ്, ചൈന, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ സംഘം അണിനിരന്നത്.

അതേസമയം, ഇന്ത്യൻ സംഘത്തിന്റെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വീഴ്ചകളും ശ്രദ്ധേയമായി. ഔദ്യോഗിക ജേഴ്സിയും കിറ്റുകളും സമയത്ത് ലഭിക്കാതിരുന്നതിനാൽ ചില ഇന്ത്യൻ താരങ്ങൾക്ക് മാർച്ച് പാസ്റ്റിൽ പൂർണമായി പങ്കെടുക്കാൻ സാധിച്ചില്ല. കിറ്റ് വിതരണത്തിന്റെ ചുമതല ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജെ.എസ്.ഡബ്ല്യു സ്‌പോർട്‌സിനായിരുന്നു.

കിറ്റ് വിതരണത്തിലെ താമസത്തെ തുടർന്ന് പതാകവാഹക സ്ഥാനത്തും അവസാന നിമിഷം മാറ്റമുണ്ടായി. തജീന്ദർപാൽ സിങ്ങിന് പകരം കബഡി താരം പവൻ സെഹ്രാവത്തിനെ പതാകവാഹകനായി തിരഞ്ഞെടുക്കുകയായിരുന്നു.

36 കായിക ഇനങ്ങളിലായി 503 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. വിവിധ ഇനങ്ങളിൽ മെഡൽ പ്രതീക്ഷയുമായാണ് ഇന്ത്യൻ സംഘം മത്സരത്തിനിറങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img